2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

നൊമ്പരക്കാഴ്ചകള്‍ക്കറുതി വരുത്തുമോ സുപ്രിം കോടതി വിധി


 

കുടിയേറ്റ തൊഴിലാളികളുടെ സ്വദേശങ്ങളിലേക്കുള്ള യാത്രാ ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ ഒടുവില്‍ സുപ്രിം കോടതി ഇടപെട്ടിരിക്കുകയാണ്. ഏതു സംസ്ഥാനങ്ങളില്‍ നിന്നാണോ തൊഴിലാളികള്‍ ട്രെയിനുകളില്‍ കയറുന്നത് അവരുടെ യാത്രാചെലവ് അതതു സംസ്ഥാനങ്ങള്‍ വഹിക്കണം, അവര്‍ക്കു വേണ്ട ഭക്ഷണവും വെള്ളവും റെയില്‍വേ നല്‍കണം, നടന്നുപോകുന്നവരെ അഭയകേന്ദ്രങ്ങളിലെത്തിച്ച് അവര്‍ക്കു വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും സംസ്ഥാനങ്ങള്‍ നല്‍കണം തുടങ്ങിയവയാണ് ഇടക്കാല ഉത്തരവില്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

തൊഴിലാളികളുടെ ദുരന്തങ്ങള്‍ വിവരിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള പ്രശസ്ത അഭിഭാഷകരും മറ്റു വ്യക്തികളും സുപ്രിം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവയ്‌ക്കൊന്നും വേണ്ട പരിഗണനകള്‍ കോടതിയില്‍നിന്ന് ലഭിച്ചില്ലെന്നു മാത്രമല്ല, ഹരജിക്കാരോട് തട്ടിക്കയറുന്ന സമീപനമായിരുന്നു നേരത്തെ രണ്ടു ബെഞ്ചുകളില്‍ നിന്നുണ്ടായത്.
നിങ്ങള്‍ക്കു പാസ് തന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ പരിഹരിക്കുമോ എന്നും റെയില്‍ പാളങ്ങളില്‍ കിടന്നാല്‍ മരിക്കില്ലേ എന്നും ഹരജിക്കാരോട് ചോദിച്ച അതേ കോടതിയില്‍നിന്നു തന്നെ ഇപ്പോള്‍ മനുഷ്യത്വപരമായ വിധിയും വന്നിരിക്കുന്നു. എല്ലാ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന ശുഭപ്രതീക്ഷയാണ് അശോക് ഭൂഷണ്‍, എസ്.കെ കൗള്‍, എം.ആര്‍ ഷാ എന്നീ ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നല്‍കുന്നത്.

സമീപകാലത്തു സുപ്രിം കോടതിയില്‍ നിന്നുണ്ടായ വിധി പ്രസ്താവങ്ങളൊക്കെയും കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായിരുന്നു. കശ്മിരില്‍ രാഷ്ട്രീയ നേതാക്കളെ ജയിലിലടച്ചതിനെതിരേ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിക്കപ്പെട്ടപ്പോഴും കൊവിഡ് രാജ്യത്തു പടര്‍ത്തിയത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന ആക്ഷേപത്തിനെതിരേ പരാതിപ്പെട്ടപ്പോള്‍ കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായിരുന്നു. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ തങ്ങള്‍ക്കാവില്ല എന്നായിരുന്നു ഏപ്രില്‍ 21നു തബ്‌ലീഗ് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ അന്നു കോടതി പറഞ്ഞത്. വൈകിയാണെങ്കിലും ഇത്തരം വിദ്വേഷവാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ എന്തു നടപടിയെടുത്തുവെന്ന് കഴിഞ്ഞദിവസം സുപ്രിം കോടതി ആരാഞ്ഞിരിക്കുകയാണ്. ആശാവഹമാണ് കോടതിയുടെ ഈ നീക്കം. എന്നാല്‍ സുപ്രിം കോടതി ഇപ്പോള്‍ നല്‍കിയ ഇടക്കാല ഉത്തരവിലും കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജോ അവരുടെ ഭക്ഷണ ചെലവോ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു പറയുന്നില്ല.
കുടിയേറ്റ തൊഴിലാളികളുടെ യാത്രാദുരിതങ്ങള്‍ക്കെതിരേ നേരത്തെ സമര്‍പ്പിക്കപ്പെട്ട ഹരജികളിലെല്ലാം തൊഴിലാളികള്‍ക്ക് എതിരായ പ്രസ്താവങ്ങള്‍ വന്നതിനെതിരേ വമ്പിച്ച പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രിം കോടതിയില്‍നിന്ന് വിരമിച്ച ജഡ്മാരില്‍ നിന്നും അഭിഭാഷക സമൂഹത്തില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുകളുണ്ടായി. ഹൈക്കോടതികളില്‍ നിന്നു കുടിയേറ്റ തൊഴിലാളികള്‍ക്ക് അനുകൂലവും മനുഷ്യത്വപരവുമായ ഇടപെടലുകളുണ്ടായതും സുപ്രിം കോടതിക്ക് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. മുതിര്‍ന്ന 20 അഭിഭാഷകര്‍ സുപ്രിം കോടതി നിലപാടിനെതിരേ കത്തെഴുതുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലായിരിക്കണം സുപ്രിം കോടതി ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ടാവുക. തുടര്‍ന്നായിരിക്കണം, സ്വമേധയാ കേസെടുത്തിരിക്കുന്നത്.

കേസ് ജൂണ്‍ അഞ്ചിനു വീണ്ടും പരിഗണിക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാ ദുരന്തങ്ങള്‍ക്കൊരു അറുതിയുണ്ടാവുമോ എന്നതാണു കാതലായ ചോദ്യം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഹൃദയഭേദക കാഴ്ചകളായിരുന്നു സ്വദേശങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകള്‍. ലക്ഷ്യത്തിലേക്ക് എങ്ങനെ, എപ്പോള്‍ എത്തുമെന്നറിയാത്ത യാത്രകള്‍. കൊച്ചു കുഞ്ഞുങ്ങളെ ബാഗുകളില്‍ കിടത്തി, പൊരിവെയിലത്ത് നിസ്സഹായരായ മനുഷ്യര്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ താണ്ടുന്ന കാഴ്ച മനഃസാക്ഷിയുള്ളവരുടെ കണ്ണുകള്‍ നനയിക്കുന്നതായിരുന്നു. വഴിയില്‍ പലരും തളര്‍ന്നുവീണ് മരിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചു.
ഏറ്റവുമൊടുവില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അമ്മ മരിച്ചുകിടക്കുകയാണെന്നറിയാതെ അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചുകുരുന്നിന്റെ ദൃശ്യം മനസില്‍ വേദനയുടെ കാഴ്ചയാണ്. വിഭജനത്തിനു ശേഷം ഇത്രമേല്‍ ഭീതിതവും കണ്ണീരു പെയ്യുന്നതുമായ നിരാലംബ മനുഷ്യരുടെ പലായനം മുന്‍പുണ്ടായിട്ടില്ല. എന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ക്കെതിരേ ദേശീയ മാധ്യമങ്ങള്‍ ഒരക്ഷരം എഴുതിയില്ല.

കേരളവും അതിഥികളെന്നു വിശേഷിപ്പിച്ച കുടിയേറ്റ തൊഴിലാളികളോട് കരുണ കാണിച്ചില്ല. ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാണു സംസ്ഥാന സര്‍ക്കാര്‍ അവരെ ‘സ്‌നേഹപൂര്‍വം’ യാത്രയാക്കിയത്. നാലു കോടി കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോഴും നാടണയാന്‍ കഴിയാതെ അരക്ഷിതാവസ്ഥയിലാണ്. ഇവരെ മുഴുവനും അവരുടെ ജന്മദേശത്ത് എത്തിക്കണമെങ്കില്‍ മൂന്നു മാസമെങ്കിലും എടുക്കും. കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നുവെങ്കില്‍ ഈ ദുരിതകാലത്തു ആശ്വാസമാകുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.