2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നൈസാമിന്റെ ഒരു മില്യന്‍ പൗണ്ടും കുറേ കഥകളും

കെ.എ സലിം

പാകിസ്താനുമായി അറുപത് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അറുതിയിട്ട് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്കിലുള്ള നൈസാമിന്റെ ഒരു മില്യന്‍ പൗണ്ടില്‍ പാകിസ്താന് അവകാശമൊന്നുമില്ലെന്ന് ലണ്ടന്‍ കോടതി വിധിച്ചു. അതായത് തുകയുടെ അവകാശികള്‍ ഇന്ത്യയും നൈസാമിന്റെ കൊച്ചുമകനുമാണ്. 1948കളില്‍ നൈസാമിന്റെ ദുരൂഹമായ പലായനകാലത്തുണ്ടായ അന്തര്‍നാടകങ്ങളുടെ ലോക്കറിലടക്കാനാവാത്ത കഥകള്‍ നൈസാമിന്റെ ഒരു ദശലക്ഷം പൗണ്ടിനോടനുബന്ധിച്ചുണ്ട്. ഒരു ദശലക്ഷം പൗണ്ട് ഇപ്പോള്‍ പലിശ കയറി 35 മില്യന്‍ പൗണ്ടായി ഉയര്‍ന്നിട്ടുണ്ടത്രെ. ഏകദേശം 306 കോടിയെങ്കിലും വരും. ഹൈദരാബദിലെ 37 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ഏഴാമത്തെയും അവസാനത്തെയും നൈസാമായ മീര്‍ ഉസ്മാന്‍ അലി ഖാന്‍ പാക്കിസ്താനിലേക്ക് പലായനം ചെയ്യുമ്പോള്‍ രണ്ടു ശതലക്ഷം ഡോളറിലധികമായിരുന്നു സമ്പാദ്യം. 1967 ഫെബ്രുവരി 24ന് നൈസാം മരിക്കുമ്പോള്‍ അയാളുടെ സ്വത്തുക്കളില്‍ ഭുരിഭാഗവും ഇന്ത്യയും പാകിസ്താനും കൈയ്യടക്കിയിരുന്നു.
കുറോസോവയുടെ രാഷോമോണ്‍ എന്ന സിനിമയിലെ ഇതിവൃത്തം പോലെ ഒരു സംഭവത്തെ പലരീതിയില്‍ വ്യാഖ്യാനിക്കുന്നതിലെ വസ്തുതാപരമായ സങ്കീര്‍ണതകള്‍ നൈസാമിന്റെ ഒരു ദശലക്ഷം പൗണ്ടിനെക്കുറിച്ചുള്ള കഥയിലുണ്ട്. ഇന്ത്യയും പാക്കിസ്താനും നൈസാമിന്റെ അവശേഷിച്ച അനന്തരാവകാശികളും ഒരു പോലെ ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ മാത്രമല്ലിത്. എന്തിനു വേണ്ടിയായിരുന്നു നൈസാം തന്റെ ഭരണത്തിന്റെ സായന്തനത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതെന്ന ചോദ്യം ഉത്തരങ്ങളുടെ ആധിക്യംകൊണ്ട് ഉത്തരംകിട്ടാതെ കിടക്കുന്നു. 1948ല്‍ നൈസാമിന്റെ ധനകാര്യമന്ത്രി മോയിന്‍ നവാസ് ജങാണ് പണം ലണ്ടനിലെ ബാങ്കില്‍ അന്ന് പാകിസ്താന്‍ ഹൈക്കമ്മീഷണറായിരുന്ന ഹബീബ് ഇബ്രാഹിം റഹ്മത്തുല്ലയുടെ പേരില്‍ നിക്ഷേപിക്കുന്നത്. ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിച്ച ശേഷം പാക്കിസ്താനിലേക്ക് പലായനം ചെയ്യേണ്ടി വന്ന നൈസാം പണം തിരികെയാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചു. തന്റെ അറിവോടെയല്ല ബാങ്കില്‍ പണം നിക്ഷേപിച്ചതെന്നും നൈസാം വാദിച്ചു.
അതേസമയം തന്നെ ഇന്ത്യ നൈസാമിന്റെ സ്വത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതിനാല്‍ ഇന്ത്യയും പണം ആവശ്യപ്പെട്ടു രംഗത്തു വന്നു. കേസ് യു.എന്നിന്റെ പരിഗണനയിലായി. വിധി വരും വരെ ഇന്ത്യക്കോ നൈസാമിനോ പാകിസ്താനോ പണം കൈമാറേണ്ടതില്ലെന്ന് ബാങ്ക് അധികൃതരും തീരുമാനിച്ചു. നൈസാം മരിച്ചതോടെ പാക്കിസ്താനും ഇന്ത്യയും തമ്മില്‍ മാത്രമായി തര്‍ക്കം. 2013ല്‍ പാകിസ്താന്‍ പണത്തിനായി വീണ്ടും കോടതിയെ സമീപിക്കുന്നത് വരെ വെസ്റ്റ്മിനിസ്റ്റര്‍ ബാങ്കിലെ ഈ പണത്തെക്കുറിച്ച് ആരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യയ്ക്ക് ഈ പണത്തില്‍ അവകാശമില്ലെന്നും ഹൈദരാബാദ് ഇന്ത്യ ബലമായി പിടിച്ചെടുത്ത് ഇന്ത്യയിലെക്ക് കൂട്ടിച്ചേര്‍ക്കുകയുമായിരുന്നുവെന്നായിരുന്നു കോടതിയില്‍ പാകിസ്താന്‍ വാദം. എന്നാല്‍ ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമായി യു.കെ സര്‍ക്കാര്‍ അംഗീകരിച്ചതാണ് കോടതി കണക്കിലെടുത്തത്.
പണത്തിന്റെ 50 ശതമാനം ഇന്ത്യക്ക്, 30 ശതമാനം പാകിസ്താന് ബാക്കി 20 ശതമാനം നൈസാം കുടുംബത്തിന് എന്ന രീതിയിലൊരു കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിനുള്ള ശ്രമം ഇടക്ക് നടന്നിരുന്നു. അതില്‍ ഫലമുണ്ടായില്ല. വിശാലമായ നൈസാം കുടുംബത്തില്‍ ആരായിരിക്കും ഈ സ്വത്തിന്റെ അവകാശിയെന്ന ചോദ്യത്തിന് നൈസാം കുടുംബത്തിലെ ഏറ്റവും തലമുതിര്‍ന്ന അംഗം പ്രിന്‍സ് മുഖര്‍റം ഝായാണ് ഉത്തരം. കുടുംബത്തിനുള്ള ഓഹരി മുഖര്‍റമിനായിരിക്കും കിട്ടുക. രാജഭരണം നിലനിന്നിരുന്നെങ്കില്‍ നൈസാമുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മുഖര്‍റമായിരിക്കും ഇപ്പോഴത്തെ നൈസാമെന്നാണ് വാദം. എന്നാല്‍ 12 ഭാര്യമാരിലായി നൈസാമിന് ജനിച്ച 16 ആണ്‍കുട്ടികളും 17 പെണ്‍കുട്ടികളും അവരുടെ മക്കളുമുള്‍പ്പടെ ജീവിച്ചിരിക്കുന്ന നൈസാം കുടുംബമെല്ലാം ഈ പണത്തിന് അവകാശ വാദമുന്നയിക്കുന്നുണ്ട്. എന്തിനു വേണ്ടിയായിരുന്നു ഭരണകാലത്തിന്റെ സായന്തനത്തില്‍ നൈസാം ഈ പണം നിക്ഷേപിച്ചത്. ഹൈദരാബാദിനെ ഇന്ത്യയില്‍ ലയിപ്പിക്കുകയാണെങ്കില്‍ സ്വതന്ത്ര ഹൈദരാബാദിനായി ലണ്ടനിലും യു.എന്നിലും ലോബിയിങ് നടത്താനാണ് നൈസാം പണം നിക്ഷേപിച്ചതെന്നാണ് ഇതെക്കുറിച്ച് നിലനില്‍ക്കുന്ന ഒരു സിദ്ധാന്തം. മറ്റൊന്ന് പാക്കിസ്താന്റെ വികസനപ്രവര്‍ത്തങ്ങള്‍ക്കുപയോഗിക്കാനാണ് പണം നല്‍കിയതെന്നാണ്. 20 കോടി രൂപനേരത്തെ പാകിസ്താന് നൈസാം നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യം ഹൈദരാബാദ് പിടിച്ചെടുക്കുന്നതിനു മുമ്പ് തന്റെ സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ഭീതി നൈസാമിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും സ്വത്തില്ലാതെ പലായനം ചെയ്യേണ്ടി വന്നാല്‍ ഉപയോഗിക്കാനായി ഇന്ത്യക്ക് പുറത്ത് കുറച്ചു പണം സൂക്ഷിക്കുകയായിരുന്നുവന്നും മുന്നാമത്തെ സിദ്ധാന്തം. ഹൈദരാബാദിനെ സ്വതന്ത്രമായി നിലനിര്‍ത്താന്‍ നൈസാം തയ്യാറായിരുന്നുവെന്നും ഇതിനായി തന്റെ സൈനികര്‍ക്ക് റൈഫിള്‍ വാങ്ങാനായിരുന്നു പണമെന്നത് നാലാമത്തേത്.
ഇന്ത്യന്‍ സൈന്യം ഹൈദരാബാദ് വളഞ്ഞ 1948കളില്‍ ഡല്‍ഹിയുടെ സമ്മര്‍ദ്ദത്തില്‍ നൈസാം അസ്വസ്ഥനായിരുന്നുവെന്നതിന് തെളിവുണ്ട്. ഈ ഘട്ടത്തില്‍ പലായനത്തെക്കുറിച്ച് നൈസാം ചിന്തിച്ചിരുന്നു. എന്നാല്‍ പാക്കിസ്താന്‍ യൂണിയനില്‍ച്ചേരുന്നതിനേക്കാള്‍ സ്വതന്ത്ര ഹൈദരാബാദിനായിരുന്നു നൈസാം പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്. അതിനാല്‍ ലോബിയിങ്ങ് സിദ്ധാന്തത്തിന് പ്രസക്തിയുണ്ട്. സ്വതന്ത്ര ഹൈദരാബാദ് എന്നത് അന്താരാഷ്ട്ര പ്രശ്‌നമാക്കി ഉയര്‍ത്താന്‍ നൈസാമിന് പദ്ധതിയുണ്ടായിരുന്നു. 1948 സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ നിശ്ചയിച്ച ലണ്ടന്‍ യാത്രക്ക് തയ്യാറെടുക്കുന്നതിന് തൊട്ടു മുമ്പാണ് നവാസ് ജങ് പണം നിക്ഷേപിക്കുന്നത്. ലോബിയിങ്ങിനായിരുന്നു യാത്രയെന്നാണ് നിഗമനം. എന്നാല്‍ സെപ്റ്റംബര്‍ 17ന് നൈസാം കീഴടങ്ങിയതോടെ പണം എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതായി. അന്തരീക്ഷം മാറുമ്പോള്‍ പണം പിന്‍വലിക്കാമെന്ന കണക്കുകൂട്ടലായിരുന്നു പിന്നീട് നവാസ് ജങ്. പൊടുന്നനെ പലായനം ചെയ്യേണ്ടി വന്നതും പാക്ക് ഹൈക്കമ്മീഷണറുടെ പേരില്‍ പണം നിക്ഷേപിച്ചതിന്റെ നിയമക്കുരുക്കുകളും ഇതിനു തടസമായി നിന്നു. സാഹചര്യത്തെളിവുകള്‍ ഒരു പരിധിവരെ ഈ നിഗമനങ്ങളെ ശരിവയ്ക്കുമ്പോള്‍ത്തന്നെ ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു. അപ്പോള്‍ നൈസാമിന് പലായനം ചെയ്യാനുള്ള പദ്ധതിയില്ലായിരുന്നോ എങ്കില്‍ എന്തിനായിരുന്നു തന്റെ സ്വത്തില്‍ വലിയൊരു ഭാഗം പാക്കിസ്താന് നല്‍കുകയും ഇന്ത്യയുടെ അപ്രീതി സമ്പാദിക്കുകയും ചെയ്തത്. നൈസാമിന്റെ പണമുപയോഗിച്ചായിരുന്നു പാക്കിസ്താന്‍ ആദ്യകാലങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. പാക്കിസ്താന്‍ ഹൈക്കമ്മീഷണറുടെ പേരിലാണ് പണം നിക്ഷേപിച്ചതെന്നതും ഈ വാദത്തിന് തെളിവായുണ്ട്. അപ്പോള്‍ നൈസാം പലായനം ചെയ്യാന്‍ തന്നെ നിശ്ചയിച്ചിരിന്നുവെന്ന് വിശ്വസിക്കുക.
എങ്കില്‍ ലോബിയിങ്ങ് സിദ്ധാന്തം അപ്രസക്തമാവും. തന്റെ സ്വത്തുക്കള്‍ അല്‍പാല്‍പമായി മാറ്റുന്നതിന്റെ ഭാഗമായിരിക്കണം ബാങ്കില്‍ പണം നിക്ഷേപിച്ചത്. പക്ഷേ ഇന്ത്യയുമായി ഈ ഘട്ടത്തില്‍ നൈസാം ചര്‍ച്ച നടത്തിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഈ സിദ്ധാന്തത്തെ പൂര്‍ണമായും പിന്താങ്ങുന്നില്ല.
നൈസാം ഇന്ത്യയുമായി പൊരുതാന്‍ തയ്യാറായിരുന്നുവെന്നും ഇതിനായി റൈഫിള്‍ വാങ്ങാനാണ് പണം നിക്ഷേപിച്ചതെന്നുമുള്ള വാദം ഈ ഘട്ടത്തില്‍ ശരിയെന്നു വരാം. ഒരുലക്ഷം റൈഫിള്‍ വാങ്ങാനായിരുന്നുവത്രെ നൈസാമിന്റെ പദ്ധതി. തന്റെ സൈനികരെ സജ്ജരാക്കാന്‍ കൂടുതല്‍ സമയം വാങ്ങാനാണ് നൈസാം ഇന്ത്യയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ നൈസാമിന് റൈഫിള്‍ വാങ്ങാന്‍ കഴിയുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഹൈദരാബാദ് പിടിച്ചെടുത്തു. നൈസാമിന് പാക്കിസ്താനിലേക്ക് ഓടിപ്പോകേണ്ടിയും വന്നു. ഇതിലേതായിരിക്കും സത്യം. ആര്‍ക്കുമറിയില്ല. ഈ സിദ്ധാന്തങ്ങളിലൊന്ന് സത്യമായിരിക്കണം. അല്ലെങ്കില്‍ എല്ലാ സിദ്ധാന്തങ്ങള്‍ക്കിടയിലും സത്യം 60ലധികം വര്‍ഷങ്ങള്‍ക്കു ശേഷം അതെക്കുറിച്ച് തലപുകയ്ക്കുന്നവരുടെ യുക്തിക്ക് കണ്ടെത്താനാവാത്ത വിധം കണ്ണിചേര്‍ന്ന് കിടയ്ക്കുന്നുണ്ടാവണം. ഇതുവരെ കണ്ടെത്താനാവാത്ത മറ്റെന്തെങ്കിലുമോ ആയിരിക്കണം സത്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.