2018 September 21 Friday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നൈട്രോസെപാം ഗുളികകളുമായി യുവാവ് പിടിയില്‍

കൊല്ലം: മയക്കുമരുന്ന് വിഭാഗത്തില്‍പ്പെടുന്ന 55 നൈട്രാസെപാം ഗുളികകളുമായി യുവാവ് പിടിയില്‍. കോട്ടയം വില്ലൂന്നി വില്ലേജില്‍ മെഡിക്കല്‍ കോളജിന് സമീപം കല്ലുപുരയ്ക്കല്‍ വീട്ടില്‍ ആഷിമിനെയാണ് (23) കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഒരു മെഡിക്കല്‍ ഷോപ്പില്‍നിന്ന് സ്ട്രിപ് ഒന്നിന് 200 രൂപാ നിരക്കില്‍ ഒരു ഏജന്റ് മുഖാന്തിരം വാങ്ങിയതാണെന്നും, നാട്ടില്‍ കൊണ്ടുവന്ന് സ്വന്തം ഉപയോഗത്തിന് ശേഷമുള്ളത് കൂട്ടുകാര്‍ക്ക് വില്‍പ്പന നടത്തുകയുമാണ് പതിവെന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ്ങിന് പഠിച്ചിരുന്ന സമയത്ത് റൂമിലുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലഹരി ഗുളികകള്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും ഇപ്പോള്‍ ഗുളികകളില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പ്രതി പറഞ്ഞു. 10 ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് 43 രൂപയാണ് വില. അത് തിരുനെല്‍വേലിയില്‍ ഏജന്റ് മുഖാന്തിരം സ്ട്രിപ്പ് ഒന്നിന് 200 രൂപാ നിരക്കില്‍ ലഭിക്കുമെന്നും നാട്ടില്‍കൊണ്ടുവന്ന് 500 രൂപാ നിരക്കില്‍ വില്‍പ്പന നടത്തുമെന്നും പ്രതി പറഞ്ഞു. കാന്‍സര്‍ രോഗികളും മറ്റും ഡോക്ടര്‍മാരുടെ പ്രിസ്‌ക്രിപ്ഷനോടും അതീവ ജാഗ്രതയോടുംകൂടി ഉപയോഗിക്കേണ്ടുന്ന വേദനാ സംഹാരികളായ ഈ ഗുളികകള്‍ ലഹരിക്കായി യുവതലമുറ ദുരുപയോഗം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ. നൗഷാദിനൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ വിധുകുമാര്‍, സുരേഷ്ബാബു, ഷിഹാബുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് ചന്ദ്രന്‍, ദിലീപ്കുമാര്‍, ബിജുമോന്‍, ശ്രീകുമാര്‍, രാഹുല്‍, ഷെഹിന്‍, വിഷ്ണു, രഞ്ജിത്, അനില്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സൂര്യ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.