2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

നേരിടുന്നത് ഇറാഖ് യുദ്ധകാലത്തേക്കാള്‍ കടുത്ത വെല്ലുവിളി: റൂഹാനി

 

തെഹ്‌റാന്‍: 1980കളിലെ ഇറാന്‍- ഇറാഖ് യുദ്ധകാലത്തേക്കാള്‍ കടുത്ത സാഹചര്യമാണ് രാജ്യം നേരിടാന്‍ പോകുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. അതേസമയം, ഒന്നിച്ചുനിന്നാല്‍ രാജ്യത്തിന് പ്രതിസന്ധിയെ അതിജീവിക്കാനാവുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.
ഇറാനില്‍ നിന്ന് ഏതെങ്കിലും രാജ്യം എണ്ണ ഇറക്കുമതി ചെയ്യുന്നത് വിലക്കി അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.

ആണവകരാറില്‍ നിന്ന് ഭാഗികമായി പിന്മാറുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയില്‍ വന്‍ സൈനിക വിന്യാസം നടത്തി ഇറാനെ സമ്മര്‍ദത്തിലാക്കുകയാണ് യു.എസ്. എണ്ണ കയറ്റുമതി അനുവദിക്കാന്‍ യു.എസിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യൂറോപ്യന്‍ യൂനിയനോടും വന്‍ശക്തി രാജ്യങ്ങളോടും ഇറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിസ്സഹായത അറിയിക്കുകയായിരുന്നു. രണ്ടുമാസത്തിനകം ഉപരോധത്തില്‍ നിന്നു മോചിപ്പിച്ചില്ലെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
അതിനിടെ ഇറാന്‍ നേതാക്കളോട് ആണവപദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുന്നതു സംബന്ധിച്ച് താനുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറ്റുമുട്ടലിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.

പശ്ചിമേഷ്യയിലേക്ക് യു.എസ്.എസ് അര്‍ലിങ്ടണ്‍ എന്ന യുദ്ധക്കപ്പലിനെ കൂടി അയക്കാനും പാട്രിയറ്റ് മിസൈല്‍ സംവിധാനം അവിടെ വിന്യസിക്കാനും യു.എസ് പ്രതിരോധവകുപ്പ് അനുമതി നല്‍കിയതോടെ ഇറാന്‍ കനത്ത സമ്മര്‍ദമാണ് നേരിടുന്നത്. ഇറാഖ് അധിനിവേശ യുദ്ധത്തില്‍ പങ്കെടുത്ത യു.എസ്.എസ് എബ്രഹാം ലിങ്കന്‍ വിമാനവാഹിനി കപ്പല്‍ ഖത്തര്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ബി-52 ഉള്‍പ്പെടെയുള്ള യു.എസ് യുദ്ധവിമാനങ്ങളും ഖത്തറിലെ അല്‍ഉദൈദിലുള്ള അമേരിക്കന്‍ വ്യോമതാവളത്തില്‍ എത്തിയിട്ടുണ്ട്. നിലവില്‍ അയല്‍രാജ്യമായ ഇറാഖില്‍ 5,200 യു.എസ് സൈനിക സംഘങ്ങളുണ്ട്. ഇറാഖുമായി യുദ്ധം നടന്ന കാലത്ത് ആയുധങ്ങള്‍ വാങ്ങുന്നതിനു മാത്രമേ രാജ്യത്തിനു വിലക്കുണ്ടായിരുന്നുള്ളൂ. ഇറാന്റെ ബാങ്കിങ് മേഖലയെയും എണ്ണ കയറ്റുമതിയെയും ബാധിക്കുന്നതരം ഉപരോധത്തെ രാജ്യം ആദ്യമായാണ് നേരിടുന്നതെന്നു റൂഹാനി ചൂണ്ടിക്കാട്ടുന്നു. ശത്രുക്കള്‍ ഉണ്ടാക്കിയിരിക്കുന്ന സമ്മര്‍ദം രാജ്യം ചരിത്രത്തിലിന്നുവരെ നേരിടാത്തതാണെന്നും റൂഹാനി പറഞ്ഞു. ആണവകരാറില്‍ നിന്ന് ട്രംപ് പിന്മാറിയപ്പോഴും റൂഹാനി അതില്‍ ഉറച്ചുനിന്നതിനെ തീവ്ര ആശയക്കാര്‍ വിമര്‍ശിച്ചിരുന്നു.
2019ല്‍ ഇറാന്‍ സമ്പദ്‌വ്യവസ്ഥ ആറു ശതമാനം ഇടിയുമെന്നാണ് ഐ.എം.എഫ് പറയുന്നത്.

ഇറാന്‍ ഇസ്‌റാഈലിനെ
ആക്രമിച്ചേക്കാമെന്ന് മന്ത്രി

ടെല്‍അവീവ്: യു.എസും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരമുണ്ടാവാത്തപക്ഷം ഇറാന്‍ ഇസ്‌റാഈലിനെ ആക്രമിക്കാന്‍ സാധ്യതയേറെയാണെന്ന് ഇസ്‌റാഈല്‍ കാബിനറ്റ് മന്ത്രി യുവാല്‍ സ്റ്റെയിനിസ്. അമേരിക്ക ഇറാനുമേല്‍ സാമ്പത്തികമായും സൈനികമായും സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി യുവാല്‍ പറഞ്ഞു.
ഇറാനും യു.എസുമായി ഏറ്റുമുട്ടലുണ്ടാവുകയാണെങ്കില്‍ ഗസ്സയിലെ ഹമാസിനെയും ഇസ്‌ലാമിക് ജിഹാദിനെയും ഇറാന്‍ സഹായിക്കും. മാത്രമല്ല ഇസ്‌റാഈലിലേക്ക് മിസൈല്‍ വിടാനും സാധ്യതയുണ്ട്- മന്ത്രി ഇസ്‌റാഈലി ടി.വിയോടു പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News