2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നേപ്പാളില്‍ വിമാനം തകര്‍ന്ന് 50 മരണം

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ബംഗ്ലാദേശ് വിമാനം തകര്‍ന്നുവീണ് തീപിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. 67 യാത്രക്കാരും നാലു ജീവനക്കാരുമായി ധാക്കയില്‍നിന്ന് യാത്രതിരിച്ച വിമാനമാണു കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണത്. തുടര്‍ന്ന് റണ്‍വേയില്‍നിന്നു തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്കു തെന്നിമാറിയ വിമാനത്തിന് തീപിടിക്കുകയായിരുന്നു.
ബംഗ്ലാദേശിലെ സ്വകാര്യ യാത്രാവിമാനമായ യു.എസ്-ബംഗ്ലയാണ് അപകടത്തില്‍പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.05ഓടെയായിരുന്നു സംഭവം. റണ്‍വേയുടെ തെക്കുഭാഗത്തുനിന്ന് ലാന്‍ഡ് ചെയ്യേണ്ട വിമാനം വടക്കുഭാഗത്തുനിന്നാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതെന്നും ഇതിനിടെയാണ് തകര്‍ന്നുവീണതെന്നും നേപ്പാള്‍ വ്യോമയാന അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സഞ്ജീവ് ഗൗതം പറഞ്ഞു. എന്നാല്‍, അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി അറിയിച്ചു.
ധാക്കയില്‍നിന്ന് സുരക്ഷിതമായി പുറപ്പെട്ട ശേഷം കാഠ്മണ്ഡുവിലേക്കു പ്രവേശിച്ചതോടെ വിമാനം അസ്വാഭാവികമായി ഇളകുന്നതായി അനുഭവപ്പെട്ടുവെന്ന് അപകടത്തില്‍നിന്നു രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു. പെട്ടെന്നു തന്നെ സ്‌ഫോടനശബ്ദത്തോടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നും കാഠ്മണ്ഡുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പറഞ്ഞു. വിമാനത്തിലെ യാത്രക്കാരില്‍ 33 പേര്‍ നേപ്പാള്‍ സ്വദേശികളും 32 പേര്‍ ബംഗ്ലാദേശുകാരുമാണ്.
ചൈനീസ്, മാലദ്വീപ് സ്വദേശികളായ രണ്ടുപേരും വിമാനത്തിലുണ്ടായിരുന്നു. 31 പേര്‍ സംഭവസ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രികളിലുമാണു മരിച്ചത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 17 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പെട്ട വിമാനം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.