2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

നേപ്പാളില്‍ ‘ആര്‍ത്തവപ്പുരയില്‍’ മാതാവും രണ്ടു മക്കളും ശ്വാസം മുട്ടി മരിച്ചു

 

കാഠ്മണ്ഡു: നേപ്പാളില്‍ ‘ആര്‍ത്തവപ്പുരയില്‍’ താമസിപ്പിച്ച മാതാവും രണ്ട് കുട്ടികളും ശ്വാസം മുട്ടി മരിച്ചു. ആര്‍ത്തവ കാലത്തെ സ്ത്രീകളെ വീടുകളില്‍നിന്ന് അകറ്റി നിര്‍ത്തി ജനല്‍ വാതിലുകളില്ലാത്ത കുടിലില്‍ താമസിപ്പിക്കുന്ന ആചാരത്തിലാണ് പടിഞ്ഞാറന്‍ ബജൂറ ജില്ലയിലെ അംബാ ബോറ (35)യ്ക്കും പന്ത്രണ്ടും ഒന്‍പതും വയസുള്ള രണ്ട് കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്.
തണുപ്പിനെ പ്രതിരോധിക്കാനായി ചുറ്റുഭാഗത്തും തീയിട്ടതിനെ തുടര്‍ന്നുള്ള പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നു പൊലിസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച ഭര്‍തൃ മാതാവ് കുടില്‍ തുറന്നപ്പോഴാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പ്രദേശിക പൊലിസ് ഓഫിസര്‍ ഉദ്ദബ് സിങ് ഭട്ട് പറഞ്ഞു.
ആര്‍ത്തവമുള്ള സ്ത്രീകളെ വീടുകളില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന ചാഉപതിയെന്ന ആചാരത്തിന്റെ ഭാഗമാണ് ആര്‍ത്തവപ്പുരയില്‍ താമസിപ്പിക്കുന്നത്. 2005ല്‍ ഈ ആചാരം നേപ്പാളില്‍ റദ്ദാക്കിയെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ട്. ആര്‍ത്തവ കാലത്തും പ്രസവിച്ച ഉടനെയും സ്ത്രീകള്‍ തൊട്ടുകൂടാത്തവരാണെന്ന ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ആചാരണം.
ചാഉപതി ആചരിക്കുന്ന സ്ത്രീകള്‍ ഭക്ഷണം, മത ചിഹ്നങ്ങള്‍, കന്നുകാലികള്‍, പുരുഷന്മാര്‍ എന്നിവരെ തൊടാന്‍ പാടില്ല. മറ്റുള്ളവരില്‍നിന്ന് അകന്നാണ് ഉറങ്ങേണ്ടത്. കഴിഞ്ഞ വര്‍ഷം 21 കാരി പുക ശ്വസിച്ചും മറ്റൊരു സ്ത്രീ പാമ്പ് കടിച്ചും ആര്‍ത്തവപ്പുരയില്‍ മരിച്ചിട്ടുണ്ട്. നിയമം കൂടുതല്‍ ശക്തമാക്കാന്‍ പൊലിസ് നടപടികള്‍ സ്വീകരിക്കണമെന്ന് നേപ്പാള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.