2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

നെഹ്‌റു ട്രോഫി: ജലമേള ഓളപ്പരപ്പിലെ മിന്നല്‍പ്പിണറാകാന്‍ ദേവസ്

ഷാജഹാന്‍ കെ ബാവ

ആലപ്പുഴ: ഓളപരിപ്പിലെ മിന്നല്‍പിണറാകാന്‍ ജലരാജാക്കന്‍മാരില്‍ പ്രമുഖനായ ദേവസും എത്തി. ഇന്നലെ രാവിലെ രാവിലെ 10.40നും 11.20 ഇടയിലാണ് ജലരാജാവ് നീരണിഞ്ഞത്.
 ബോട്ട് ഉടമ കലാധാരന്റെ തൃക്കുന്നപ്പുഴയിലുളള ഡോക്കില്‍ നിന്നാണ് വള്ളം പുന്നമടയിലെത്തിച്ചത്. ഇത്തവണ ന്യൂ ആലപ്പി ബോട്ട് ക്ലബിന്റെ പേരിലാണ് ഇക്കുറി ദേവസ് അങ്കം കുറിക്കുന്നത്. ഈ മാസം 24ന് രാവിലെ മുതല്‍ പുന്നമട കായലില്‍ പരിശീലനം ആരംഭിക്കും.
കെട്ടിലും മട്ടിലും മുന്നിലുളള ദേവസിന് അന്‍പത്തി മുക്കാല്‍ കോല്‍ നീളവും 52 അംഗുലം വണ്ണവും 94 തുഴക്കാരും അഞ്ച് അമരക്കാരും 9 നിലക്കാരുമാണുളളത്. വിജയഗാഥകള്‍ ഏറെയില്ലെങ്കിലും ചരിത്രം തിരിക്കാന്‍ മാത്രമാണ് ദേവസ് എത്തുന്നത്. 2011 ല്‍ തങ്ങളുടെ വള്ളത്തിനേറ്റ തിരിച്ചടിക്ക് മധുര പ്രതികാരമെന്ന നിലയിലാണ് ദേവസ് കെട്ടിലും മട്ടിലും അടിമുടി മാറി നീരണിഞ്ഞത്. നെഹ്‌റു ട്രോഫിയിലെ എക്കാലത്തെയും മികച്ച വേഗം കുറിച്ച ദേവസിന് കപ്പിനും ചുണ്ടിനും ഇടയിലാണ് ട്രോഫി നഷ്ടമായത്. വിജയം തീരം അണിഞ്ഞ ദേവിസിന് ട്രോഫിയുമായി ആഹ്ലാദിക്കാന്‍ സമയം ലഭിക്കുന്നതിനു മുന്‍പെ ഒപ്പം തുഴഞ്ഞ കാരിച്ചാല്‍ വള്ളം അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ദേവസിനെ അയോഗ്യരാക്കി. പിന്നീട് ദേവസ് നല്‍കിയ കേസിനെ തുടര്‍ന്ന് വിജയികളെ നിശ്ചയിക്കുന്നത് കോടതിയുടെ ചുമതലയായി.
അങ്ങനെ 53 -ാം ജലമേള ജേതാക്കളില്ലാതെ മുടങ്ങി. ഇപ്പോഴും വള്ളംകളിയുടെ ചരിത്രരേഖകളില്‍ 2011 ജേതാക്കളില്ലാത്ത മേളയാണ്. ഇക്കുറി ചരിത്രം തിരുത്തി കുറിക്കലാകും ദേവസിന്റെ ലക്ഷ്യം. മാസങ്ങള്‍ക്കു മുന്‍പെ തുഴയെറിഞ്ഞ് പരിചയിച്ച ദേവസിന്റെ തുഴച്ചില്‍ക്കാര്‍ കാരിരുമ്പിന്റെ കരുത്തും അടിതെറ്റാത്ത ചങ്കൂറ്റവുമായി ഓളപരിപ്പില്‍ എത്തുമ്പോള്‍ എതിരാളികള്‍ ഒന്നു ഭയന്നെ പറ്റു. കാരണം വിജയം മാത്രമാണ് ദേവസ് ലക്ഷ്യമിടുന്നത്. തുഴച്ചില്‍ക്കാരുടെ വാക്കുകളില്‍ ആ വിശ്വാസം അത്രകണ്ട് ദൃഢമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.