2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നെല്‍പാടങ്ങള്‍ വരണ്ട് വിണ്ടുകീറി; നോക്കുകുത്തിയായി ഇറിഗേഷന്‍ വകുപ്പ്

ബിനുമാധവന്‍

നെയ്യാറ്റിന്‍കര: കേരളത്തില്‍ നെല്‍പ്പാടങ്ങളും വയലേലകളും നികത്തി പ്ലാറ്റുകള്‍ പണിയുമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ തിരുപുറം പഞ്ചായത്തില്‍ പതിറ്റാണ്ടുകളായി മുടങ്ങാതെ നെല്‍കൃഷിയിറക്കുന്ന നൂറ്കണക്കിന് കര്‍ഷകര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഇടവപ്പാതിയ്ക്ക് ശക്തി കുറഞ്ഞതും തുലാവര്‍ഷം ചതിച്ചതുമാണ് കര്‍ഷകര്‍ ദുരിതത്തിലാകാന്‍ കാരണം. മാസങ്ങള്‍ക്ക് മുന്‍പ് 70 ഹെക്ടറോളം സ്ഥലത്ത് കൃഷിയിറക്കി സ്വപ്നം കണ്ടിരിക്കുന്നവര്‍ക്കാണ് പ്രകൃതി കനിഞ്ഞ് പണി നല്‍കിയത്. ഒപ്പം ഇറിഗേഷന്‍ വകുപ്പും.

വേനലില്‍ നെയ്യാറിലെ ജലത്തെ ആശ്രയിച്ചാണ് ഇവിടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. എന്നാല്‍ നെല്‍പ്പാടം മുഴുവന്‍ വെള്ളമില്ലാതെ വിണ്ടു കീറിയിട്ടും നെയ്യാറ്റിന്‍കരയിലുള്ള ഇറിഗേഷന്‍ അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഇവിടേക്കാവശ്യമായ വെള്ളം നെയ്യാര്‍ ഈസ്റ്റ് ബ്രാഞ്ച് കനാല്‍ വഴി തിരുപുറത്തുള്ള കള്ളക്കുളത്തില്‍ എത്തിച്ച് അവിടെ നിന്നും തോടുകള്‍ വഴി യദേഷ്ടം നെല്‍പാടങ്ങളില്‍ എത്തിക്കുകയാണ് പതിവ്. എന്നാല്‍ നെയ്യാറിലെ വെള്ളം കനാലുകളില്‍ തുറന്ന് വിടാത്തതുകാരണം കള്ളക്കുളവും വറ്റിയ നിലയിലാണ്.

വെള്ളമില്ലാത്തതിനാല്‍ തോടുകളും ചെറു കുളങ്ങളും വറ്റി വരണ്ടു. കൂടാതെ പാടങ്ങളില്‍ വെളളം എത്തുമ്പോള്‍ സമീപത്തുളള കിണറുകളിലും ജലം സമൃദ്ധമായി ലഭിച്ചിരുന്നു. എന്നാല്‍ ഈ പ്രദേശത്തെ കിണറുകളും വറ്റി വരണ്ട നിലയിലാണ്. തിരുപുറത്തെ പാടങ്ങള്‍ തിരുപുറം, പുവാര്‍ പഞ്ചായത്തുകളിലായാണ് വ്യാപിച്ചു കിടക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടിട്ടും കര്‍ഷകര്‍ക്ക് വെള്ളം നല്‍കാന്‍ നെയ്യാറ്റിന്‍കരയിലുള്ള ഇറിഗേഷന്‍ അധികൃതര്‍ തയാറാകുന്നില്ല. വെള്ളം ലഭിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ എത്തുമ്പോള്‍ എം.എല്‍.എയെയോ മന്ത്രിയേയോ കണ്ടാല്‍ മതിയെന്നുമാണ് അധികൃതര്‍ മറുപടി നല്‍കി അയയ്ക്കുന്നത്.
നെല്‍കൃഷിക്ക് പുറമെ വാഴ, വിവിധയിനം പച്ചക്കറികളും ഇവിടെ വന്‍ തോതില്‍ കൃഷി ചെയ്ത് വരികയാണ്.

വെളളം ലഭിക്കാത്തതോടുകൂടി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും കര്‍ഷകരുടെ സ്വപ്നങ്ങളുമാണ് വിണ്ടുകീറുന്നത്. കൃഷിയിടങ്ങളില്‍ വെളളം ലഭ്യമാക്കാന്‍ തിരുപുറം പാടശേഖര സമിതി നെയ്യാറ്റിന്‍കര ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കി കാത്തിരിക്കുകയാണ്. നല്‍കിയ പരാതിയ്ക്ക് ഫലം കാണാതെ വന്നപ്പോള്‍ സ്ഥലം എം.എല്‍.എയ്ക്കും നിവേദനം നല്‍കുകയുണ്ടായി. ഉടന്‍തന്നെ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കുവാനുള്ള തയാറെടുപ്പിലാണ് പാടശേഖര സമിതിയും കര്‍ഷകരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.