2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

നെല്‍കൃഷി പരാജയപ്പെട്ടിടത്ത് പപ്പായയില്‍ നൂറുമേനി

കെ.എം.എ റഹ്മാന്‍

കുന്ദമംഗലം: ആവശ്യത്തിനു വെള്ളം ലഭിക്കാത്ത കാരണത്താല്‍ നെല്‍കൃഷി പരാജയപ്പെട്ടതിനെ തുടര്‍ന്ന് പരീക്ഷണമെന്ന നിലയില്‍ പപ്പായ കൃഷി ചെയ്തപ്പോള്‍ നൂറുമേനി വിളവ്. അതും രാസവളങ്ങളോ കീടനാശിനികളോ പ്രയോഗിക്കാതെ തീര്‍ത്തും ജൈവരീതിയില്‍. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പില്‍ബസാര്‍ എം.എ.എം.യു.പി സ്‌കൂളിലെ അധ്യാപകന്‍ കോണട്ട് മീത്തല്‍ ജലീലും അദ്ദേഹത്തിന്റെ ബന്ധുവും പ്രവാസിയുമായ മുഹമ്മദ് തള്ളാച്ചേരിയുമാണ് 75 സെന്റ് നെല്‍വയലില്‍ പപ്പായ കൃഷി ചെയ്തത്. നെല്‍കൃഷി ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് തരിശാക്കിയിടുകയോ ചുളിവില്‍ മണ്ണിട്ട് നിരപ്പാക്കുകയോ ചെയ്യുന്ന ഭൂവുടമകള്‍ക്ക് മാതൃകയാവുകയാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരുടെ പപ്പായ കൃഷിയിലെ വരുമാനം ആരെയും ആകര്‍ഷിക്കുന്നതാണ്.

കുരുവട്ടൂര്‍ പഞ്ചായത്തിലെ പൊയില്‍ത്താഴം അങ്ങാടിക്ക് സമീപത്ത് മുട്ടാഞ്ചേരി റോഡിനരികെയാണ് കൃഷിയിടം. അഞ്ചടി ഉയരത്തില്‍ നിറയെ കായ്ച്ചുനില്‍ക്കുന്ന പപ്പായ തോട്ടത്തിന്റെ മനോഹാരിത നാട്ടുകാര്‍ക്കും ഇതുവഴി പേകുന്ന യാത്രക്കാര്‍ക്കും കൗതുകമാണ്. ഇത് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും മറ്റു പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. മഴക്കാലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമായതിനാല്‍ നെല്‍കൃഷി ആദായകരമല്ലാത്തതാണ് പപ്പായ കൃഷി പരീക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. പത്തുഗ്രാമിന് 2600 രൂപ കൊടുത്ത് ബംഗളൂരുവില്‍ നിന്നാണ് അത്യുല്‍പാദനശേഷിയുള്ള ‘റെഡ് ലേഡി’ ഇനത്തില്‍പ്പെട്ട വിത്ത് വാങ്ങിയത്. മൂന്നു വര്‍ഷമാണ് പപ്പായ മരത്തിന്റെ ആയുസ്. അഞ്ചുമാസം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. വേങ്ങേരി കാര്‍ഷിക ചന്തയിലാണ് വില്‍പന നടത്തുന്നത്.

പൊതുവിപണിയില്‍ കിലോക്ക് 40 രൂപവരേ വില്‍ക്കുന്ന പപ്പായയ്ക്ക് മൊത്തവ്യാപാരികള്‍ 20 രൂപയാണ് നല്‍കുന്നത്. പപ്പായ കായ്ച്ചുനില്‍ക്കുന്നത് കാണുമ്പോള്‍ വരുമാനം പ്രശ്‌നമല്ലെന്നാണ് ജലീല്‍ പറയുന്നത്. നല്ലപരിചരണം ആവശ്യമുള്ള കൃഷിക്ക് വെയിലും അടിഭാഗത്ത് തണുപ്പുമാണ് ആവശ്യം. വലിയ ഡ്രമ്മില്‍ ഗോമൂത്രം, ചാണകം, പിണ്ണാക്ക്, ശര്‍ക്കര, പയര്‍പൊടി എന്നിവ മിക്‌സ് ചെയ്ത് മൂന്നു ദിവസത്തിനുശേഷം എടുത്താണ് വളമായി ഉപയോഗിക്കുന്നത്. പപ്പായ മൂത്ത് നേര്‍ത്ത മഞ്ഞ നിറം വരുമ്പോഴാണ് വിളവെടുക്കുക. തണ്ണിമത്തന്‍, വെള്ളരി, പടവലം, പയര്‍, ചീര, മത്തന്‍, വഴുതന, കപ്പ എന്നിവയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. അധികൃതരുടെ സഹായം കൂടി ലഭിച്ചാല്‍ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിവര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.