2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

നെല്‍കൃഷിയിലെ പട്ടാളപ്പുഴു ആക്രമണം: മാര്‍ഗ നിര്‍ദേശങ്ങളുമായി കൃഷി വകുപ്പ്

കല്‍പ്പറ്റ: ജില്ലയിലെ മീനങ്ങാടി, അമ്പലവയല്‍, നൂല്‍പ്പുഴ, മാനന്തവാടി തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍വയലുകളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം നേരിടുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി കൃഷിവകുപ്പ്.
കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലയിലേയും വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം പാടങ്ങള്‍ സന്ദര്‍ശിച്ച് പട്ടാളപ്പുഴുവിന്റെ ആക്രമണം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാണ് കര്‍ഷകര്‍ക്ക് നിയന്ത്രണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നത്. ഇതോടൊപ്പം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പട്ടാളപ്പുഴുവിന്റെ ആക്രമണം വ്യാപിക്കാതിരിക്കാന്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും കൃഷിവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

ലക്ഷണങ്ങള്‍

സാധരണയായി പുഞ്ചപ്പാടങ്ങളില്‍ കണ്ടുവരുന്ന പട്ടാളപുഴുവിന്റെ ശലഭത്തിന് തവിട്ട് നിറമായിരിക്കും. ഇവ ഇലകളെയും ചെറിയ നെല്‍ചെടികളുടെ ചുവടു ഭാഗവും തിന്നു നശിപ്പിക്കും. മഴ കഴിഞ്ഞുള്ള ചൂട് നിറഞ്ഞ കാലവസ്ഥയാണ്് പട്ടാളാപ്പുഴുവിന് വളരാന്‍ അനുയോജ്യമായത്. വരണ്ട നെല്‍വയലുകളില്‍ പുഴുവിന്റെ പ്യൂപ്പ മണ്ണിലോ നെല്‍ചെടിയുടെ അടിയിലോ കാണപ്പെടുന്നു.
എന്നാല്‍ വെള്ളക്കെട്ടുകളുള്ള വയലുകളിലെ വരമ്പുകളിലാണ് പുഴുക്കളെ കാണാന്‍ കഴിയുന്നത്.
നെല്‍ചെടിയുടെ എല്ലാ ഘട്ടങ്ങളിലും ഈ പുഴുവിന്റെ ആക്രമണം ഉണ്ടാകാറുണ്ട്.
വളരെ പെട്ടന്ന് തന്നെ വംശവര്‍ധനവ് നടക്കുന്ന ഒരു വിഭാഗമാണ് പട്ടാളപ്പുഴു.

ശ്രദ്ധിക്കാന്‍

1) നെല്‍വയലുകളില്‍ കളകള്‍ വ്യാപിക്കാതെ നോക്കുക.
2) വയലുകളില്‍ രാത്രി സമയത്ത് വെള്ളം കെട്ടി നിര്‍ത്തുന്നതും കൊയ്ത്തിന് പാകമായി കൊണ്ടിരിക്കുന്ന വയലുകളില്‍ വെള്ളം കയറ്റിയിറക്കുന്നതും അനുയോജ്യമാണ്.
3) അസറ്റാഫ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക കൊറാജന്‍ 3 മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക തക്കുമി 2 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിക്കുക.
4) മരുന്ന് തളിക്കുമ്പോള്‍ സ്‌പ്രെയറുകളില്‍ ഫ്‌ളഡ്ജറ്റ് നോസിലുകള്‍ ഉപയോഗിച്ച് നെല്‍ച്ചെടികളുടെ ചുവടോടു ചേര്‍ത്ത് മരുന്ന് തളിക്കണം. പരാഗണം നടക്കുന്ന സമയങ്ങളില്‍ മരുന്ന് യാതൊരു കാരണവശാലും കതിരില്‍ വീഴാന്‍ ഇടയാകരുത്.
5)കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കുറ്റികള്‍ കത്തിക്കുതിലൂടെയും പട്ടാളപ്പുഴുവിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.