2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നെയ്മര്‍ നെയ്തു

മോസ്‌കോ: കാനറികളുടെ തോല്‍വിക്ക് വേണ്ടി മുട്ടുകുത്തി പ്രാര്‍ഥിച്ചവര്‍ക്ക് നെയ്മറിലൂടെ ബ്രസീലിന്റെ മറുപടി. ഒരു ഗോള്‍ നേടിയും ഒരു ഗോളിന് വഴിയൊരുക്കിയും സൂപ്പര്‍താരം നെയ്മര്‍ നിറഞ്ഞാടിയ മത്സരത്തില്‍ മെക്‌സിക്കന്‍ വെല്ലുവിളി അതിജീവിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. സാമറ അരീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്.

ബ്രസീലിന് വേണ്ടി നെയ്മര്‍, ഫിര്‍മീന്യോ എന്നിവര്‍ ഗോളുകള്‍ നേടി. മെകിസിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലെര്‍മോ ഒച്ചോവയുടെ മിന്നല്‍ പ്രകടനമാണ് മെക്‌സിക്കോയെ ഒരു വലിയ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. മറുവശത്ത് ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണും ഉറച്ച് നിന്നതോടെ മെക്‌സിക്കോയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. മികച്ച മുന്നേറ്റങ്ങളുമായി ബ്രസീല്‍ ഗോള്‍മുഖം ലക്ഷ്യംവച്ച് മെക്‌സിക്കോ ഇരമ്പിയാര്‍ത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ ഏഴാം തവണയാണ് മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറില്‍ പുറത്താകുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നെതര്‍ലാന്റിനോട് 2-1ന് പരാജയപ്പെട്ടാണ് അവര്‍ പുറത്തുപോയത്.
മത്സരത്തിന്റെ 51ാം മിനുട്ടില്‍ ബ്രസീല്‍ ലീഡെടുത്തു. പന്തുമായി ബോക്‌സിന്റെ ഇടതു വശത്ത് കൂടി ഓടിക്കയറിയ വില്യന്‍ മെക്‌സിക്കന്‍ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ഗോള്‍ മുഖം ലക്ഷ്യമാക്കി നല്‍കിയ പന്തില്‍ കാല്‍ വയ്‌ക്കേണ്ട ആവശ്യമേ നെയ്മറിനുണ്ടായിരുന്നുള്ളൂ. ഗോള്‍ വീണതോടെ മെക്‌സിക്കോ ഉണര്‍ന്നു കളിച്ചെങ്കിലും പല ഷോട്ടുകളും ലക്ഷ്യംതെറ്റി പറന്നു. വില്യനും കുട്ടീഞ്ഞോയും മാറിമാറി മെക്‌സിക്കന്‍ പോസ്റ്റിലേക്ക് പവര്‍ ഷോട്ടുകള്‍ പായിച്ചെങ്കിലും ഒച്ചോവ കുലുങ്ങാതെ നിന്നു.
88ാം മിനുട്ടില്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ബ്രസീല്‍ രണ്ടാം ഗോള്‍ നേടി. പകരക്കാരനായെത്തിയ ഫിര്‍മീനോയായിരുന്നു ഗോള്‍നേടിയത്. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് പന്തുമായി കുതിച്ച നെയ്മര്‍ ബോക്‌സില്‍വച്ച് നല്‍കിയ ക്രോസ് ഫിര്‍മീനോ വലയിലാക്കി. 86ാം മിനുട്ടില്‍ കുട്ടീഞ്ഞോക്ക് പകരക്കാരനായാണ് ഫിര്‍മീനോ എത്തിയത്. ബ്രസീലിനെ തികച്ചും വിറപ്പിച്ചാണ് മെക്‌സിക്കോ കീഴടങ്ങിയത്. പന്തടക്കത്തിലും മുന്നിട്ടു നിന്നത് മെക്‌സിക്കോയായിരുന്നു. എന്നാല്‍ ഗോള്‍ നേടുന്നതില്‍ മാത്രം അവര്‍ പരാജയപ്പെട്ടു. ക്വാര്‍ട്ടറില്‍ ബെല്‍ജിയം ജപ്പാന്‍ മത്സരത്തിലെ വിജയികളുമായി ബ്രസീല്‍ ഏറ്റുമുട്ടും. മത്സരത്തില്‍ മികച്ച പ്രകടനം കാഴിചവച്ച നെയ്മര്‍ ലോകകപ്പിലെ തന്റെ 38 ഷോട്ടുകളില്‍ നിന്ന് ആറ് ഗോളുകള്‍ നേടി. മെസ്സി 67 ഷോട്ടുകളില്‍ നിന്നും ക്രിസ്റ്റ്യാനോ റെണാള്‍ഡോ 74 ഷോട്ടുകളില്‍ നിന്നുമാണ് ഇത്രയും ഗോളുകള്‍ നേടിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.