2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

നെടുമ്പാശ്ശേരിയില്‍നിന്ന് വനിതാ തീര്‍ഥാടകര്‍ക്കായി മൂന്ന് വിമാനങ്ങള്‍

എം.എ.സുധീര്‍

നെടുമ്പാശ്ശേരി: ലോക മുസ് ലിംകളുടെ സംഗമ വേദിയായ ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട് ഒരു സുവര്‍ണ അധ്യായം കുടി എഴുതപ്പെടുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരിയില്‍നിന്ന് മൂന്ന് സഊദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി പുറപ്പെടുന്നത് ബഹുഭൂരിഭാഗവും വനിതകള്‍. മഹ്‌റം ഇല്ലാതെ 45 വയസ്സ് കഴിഞ്ഞ നാല് പേരടങ്ങുന്ന വനിതാ സംഘത്തിന് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഈ വര്‍ഷം മുതല്‍ അനുമതി നല്‍കിയതോടെയാണ് വനിതകളുടെ വലിയ സംഘത്തിന് ഹജ്ജിന് പോകാന്‍ അവസരം ഒരുങ്ങിയത്. ഈ മാസം 11നാണ് മൂന്ന് വിമാനങ്ങളും യാത്രയാകുന്നത്.
ഓരോ വിമാനത്തിലും 410 തീര്‍ഥാടകരാണ് ഉണ്ടാകുക. രാവിലെ 7.55ന് പുറപ്പെടുന്ന എസ്.വി 5916 നമ്പര്‍ വിമാനത്തില്‍ 393 പേര്‍ വനിതകളാണ്. ഇതില്‍ 376 പേരും മെഹ്‌റം ഇല്ലാതെ യാത്രയാകുന്ന പ്രത്യേക ക്വാട്ടയില്‍ ഉള്‍പ്പെട്ടവരാണ്. രാവിലെ 9.55 ന് പുറപ്പെടുന്ന എസ്.വി 5920 നമ്പര്‍ വിമാനത്തില്‍ 391 വനിതകളും, രാത്രി 10.55ന് പുറപ്പെടുന്ന എസ്.വി 5924 നമ്പര്‍ വിമാനത്തില്‍ 368 വനിതകളുമാണ് യാത്രയാകുക.
ഏറ്റവും കൂടുതല്‍ വനിതകള്‍ യാത്രയാകുന്ന രാവിലെ 7.55 നുള്ള വിമാനം പറത്താന്‍ സഊദി എയര്‍ലൈന്‍സ് വനിതാ പൈലറ്റിനെ നിയോഗിക്കുമെന്നാണ് അറിയുന്നത്. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ സഊദിയിലെത്തുന്നത്. എന്നാല്‍, ഹജ്ജിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്ര വലിയ വനിതാസംഘം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തിയിട്ടില്ല. ഭര്‍ത്താവോ,രക്ത ബന്ധമുള്ള ബന്ധുവോ (മഹ്‌റം) തുണയില്ലാതെ ഹജ്ജ് കര്‍മത്തിന് സഊദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.
ആറ് വര്‍ഷം മുന്‍പ് നൈജീരിയയില്‍ നിന്നും ഒരു സംഘം വനിതകള്‍ മഹ്‌റം ഇല്ലാതെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും ഇവരെ ജിദ്ദ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ ബന്ധപ്പെട്ടവര്‍ അനുമതി നല്‍കാതെ തിരിച്ചയക്കുകയായിരുന്നു. പിന്നീട് ഈ സംഭവം സഊദി ശൂറാ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യുകയും, 45 വയസ്സ് കഴിഞ്ഞ വനിതാ സംഘത്തിന് അനുമതി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹജ്ജ് പോളിസിയിലാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ വനിതകള്‍ക്ക് യാത്രക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഈ കാറ്റഗറിയില്‍ ഇന്ത്യയില്‍നിന്നും യാത്ര തിരിക്കുന്ന 1308 പേരില്‍ 1124 പേരും കേരളത്തില്‍ നിന്നാണ്. ഇവര്‍ക്ക് മക്കയിലും മദീനയിലും ഒരു കെട്ടിടത്തില്‍ തന്നെ താമസ സൗകര്യവും ഒരുക്കും. മിനയിലെ ടെന്റുകളിലും ഇവര്‍ ഒരുമിച്ചായിരിക്കും താമസിക്കുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.