2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രക്തചന്ദ്രന്‍

കെ. ജംഷാദ്

കോഴിക്കോട്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രക്തചന്ദ്രന്‍ ചുവന്ന ഗ്രഹമായ ചൊവ്വയ്‌ക്കൊപ്പം ഇന്ന് കിഴക്കന്‍ മാനത്ത് ദൃശ്യവിരുന്നാകും. ഒരു മണിക്കൂറും 43 മിനുട്ടും നീണ്ടു നില്‍ക്കുന്ന ബ്ലഡ് മൂണ്‍ പ്രതിഭാസം ഈ നൂറ്റാണ്ടിലാദ്യമാണ്. കിഴക്കന്‍ മാനത്ത് ചന്ദ്രന് തൊട്ടടുത്തായി ഇത്തവണ ചുവന്ന ഗ്രഹമായ ചൊവ്വയെയും കാണാമെന്ന പ്രത്യേകതയുമുണ്ട്.

ചൊവ്വ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന വര്‍ഷവും മാസവും ആണിത്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴാണ് ചൊവ്വ ഭൂമിയുടെ അടുത്തുവരുന്നത്. ഇതില്‍ തന്നെ ഏറ്റവും അടുത്തുവരുന്ന വര്‍ഷം കൂടിയാണ് 2018.

ഇന്ത്യയില്‍ രാത്രി 11.54 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 2.43 വരെ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രത്തിലെ ടെക്‌നിക്കല്‍ ഓഫിസര്‍ ജയന്ത് ഗാംഗുലി പറഞ്ഞു. 27 ന് രാത്രി 11 മണിയോടെ ചന്ദ്രന്‍ ഭൂമിയുടെ ഭാഗിക നിഴല്‍ പ്രദേശത്തേക്ക് കടക്കും. 11.54 ന് കേരളത്തില്‍ ഗ്രഹണം തുടങ്ങും. 12.05 ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന് പുലര്‍ച്ചെ ഒന്നു മുതല്‍ പൂര്‍ണ ഗ്രഹണം ദൃശ്യമാകും. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലാകുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകുന്നത്. 2.43 വരെ ഗ്രഹണം തുടരും. തുടര്‍ന്ന് ചന്ദ്രന്‍ ഭൂമിയുടെ ഭാഗിക നിഴല്‍പ്രദേശത്തേക്ക് നീങ്ങും. പുലര്‍ച്ചെ 3.49 ന് ഭാഗിക നിഴല്‍ പ്രദേശത്തു നിന്ന് ചന്ദ്രന്‍ പൂര്‍ണമായും മോചിതമാകുന്നതോടെ ഗ്രഹണം പൂര്‍ണമായി നീങ്ങും. 2011 ജൂണ്‍ 15 നു മുന്‍പായിരുന്നു നേരത്തെ ദൈര്‍ഘ്യം കൂടിയ പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടായിരുന്നത്. കഴിഞ്ഞ ജനുവരി 31 നും പൂര്‍ണ ചന്ദ്രഗ്രഹണവും ബ്ലഡ് മൂണും കേരളത്തില്‍ ദൃശ്യമായിരുന്നു. 2019 ജനുവരി 21 നാണ് അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം. അന്ന് ഒരു മണിക്കൂറും രണ്ടു മിനുട്ടുമാണ് ഗ്രഹണം കാണാന്‍ കഴിയുക.

തെളിഞ്ഞ ആകാശമെങ്കില്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ബ്ലഡ് മൂണിനെ കാണാനാകും. ടെലസ്‌കോപ് വഴിയും രക്തചന്ദ്രനെ കാണാന്‍ മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.