
ഇരിക്കൂര്‍ (കണ്ണൂര്‍): ഇരിക്കൂര്‍ കുളഞ്ഞയില്‍ കാട്ടുകടന്നലിന്റെ കുത്തേറ്റ് നൂറോളം പേര്‍ക്ക് പരുക്ക്. കുത്തേറ്റവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ഭാസ്കരന് (70), നാരായണന് (71), പ്രദീപന് (55), മോഹനന് (69), നാരായണന് (75), ശ്യാമള (59), നാരായണി (69) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളഞ്ഞയില്‍ കൊങ്ങിണിത്തറവാടിന്റെ കീഴിലുള്ള വയനാട്ടുകുലവന്‍ ക്ഷേത്രത്തില്‍ ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട സ്വര്‍ണപ്രശ്നം നടക്കുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. സ്വര്ണപ്രശ്നത്തില് പങ്കെടുക്കാനെത്തിയ രണ്ടു ജ്യോല്സ്യന്മാര്ക്കും പരുക്കേറ്റിട്ടുണ്ട്. ജ്യോല്സ്യന്മാരായ ചൂളിയാട് അടുവാപ്പുറത്തെ മീത്തലെപുരയില്‍ കുഞ്ഞിരാമന് (68), മകന് സഹദേവന് (30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.