2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

നുറ്റാണ്ടിന്റെ യൗവ്വനത്തോടെ പേച്ചിപ്പാറ അണക്കെട്ട്

ബോബന്‍സുനില്‍

പേച്ചിപ്പാറ: കേരളത്തിലെ ഡാമുകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ നുറ്റാണ്ടിന്റെ യൗവ്വനത്തോടെ പേച്ചിപ്പാറ അണക്കെട്ട്. 113 വര്‍ഷം പഴക്കമുള്ളതാണ് ഈ അണക്കെട്ട്. അലക്‌സാണ്ടര്‍ മിന്‍ചിന്‍ എന്ന എന്‍ജിനിയര്‍ സ്യഷ്ടിച്ചതായിരുന്നു ഈ അണക്കെട്ട്. തിരുവിതാംകൂറിലെ കാര്‍ഷിക സമ്പല്‍ സമൃദ്ധിക്ക് വേണ്ടി രാജാവ് ശ്രീമൂലം തിരുനാളിന്റെ താല്‍പര്യപ്രകാരം അന്നത്തെ ദിവാന്‍ താണുപിള്ളയാണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. പറഞ്ഞ കാലയളവിനുള്ളില്‍ അണക്കെട്ട് നിര്‍മ്മിക്കുകയും ഒടുവില്‍ തിരുവിതാം കൂറിലെ ചീഫ് എന്‍ജിനിയറായി മാറുകയും ചെയ്ത് ഡാം പരിസരത്ത് തന്നെ മരിക്കുകയും ചെയ്ത മിന്‍ചിന്റെ ശവകുടീരം ഇപ്പോഴും ഇവിടുണ്ട്.
തിരുവിതാംകൂറിലെ നെല്ലറ ആയിരുന്നു ഇന്നത്തെ കന്യാകുമാരി ജില്ലയിലെ നാഞ്ചിനാട്. കിലോമീറ്റുകളോളം നീണ്ടു കിടക്കുന്ന നെല്‍പാടങ്ങളാണ് അന്ന് ഇവിടെ അന്നമൂട്ടിയിരുന്നത്. അതിന് വിത്തുപാകിയത് ഈ വിദേശിയായിരുന്നു. പാണ്ഡ്യദേശം ഭരിച്ചിരുന്ന പാണ്ഡ്യന്‍ മധുരയില്‍ ഡാം പണിതു. അതിന് പിന്നില്‍ മിന്‍ചിന്‍ ആയിരുന്നു. വിവരമറിഞ്ഞ രാജാവ് മിന്‍ചിനെ ഇവിടെ എത്തിക്കാന്‍ ദിവാനെ ചുമതലപ്പെടുത്തി. ദിവാനാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്. അഗസ്ത്യമലയില്‍ നിന്നും ജനിക്കുന്ന താമ്രപര്‍ണിയും കോതയാറും കാളികേശവും കല്ലാറും വന്നെത്തുന്നത് ഇന്നത്തെ പേച്ചിപാറയിലാണ്. അവിടെയാണ് അണക്കെട്ടിനുള്ള സാധ്യത മിന്‍ചിന്‍ കണ്ടത്. നിറഞ്ഞ കാട്ടില്‍ അന്ന് അധിപന്മാര്‍ ആദിവാസികളായ കാണിക്കാരാണ്. തങ്ങളുടെ ഭൂമിയില്‍ അണകെട്ടിയാല്‍ അത് ദൈവകോപം വരുത്തുമെന്നും തങ്ങളുടെ വംശം തന്നെ ഇല്ലാതാകുമെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. മൂപ്പന്‍കാണിയുടെ മകള്‍ പേച്ചിയായിരുന്നു പ്രതിഷേധത്തിന് മുന്നില്‍. ഒരു കാരണവശാലും അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പേച്ചിയുടെ നിലപാട്. എന്നാല്‍ രാജാവും മിന്‍ചിനും അത് ചെവികൊണ്ടില്ല. മിന്‍ചിന്‍ അവിടെ ഒരു കൂടാരം പണിത് പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കുമ്മായം, മുട്ട എന്നിവ സംയുക്തമായി ചേര്‍ത്താണ് അന്ന് അണക്കെട്ട് പണിതത്. ഓരോഘട്ടത്തിലും മിന്‍ചിന്‍ കൂടെ നിന്നു. ഇവിടെ എത്തുന്ന വലുതും ചെറുതുമായ നദികളെ മെരുക്കാന്‍ മിന്‍ചിന്‍ തന്റെ വൈദഗ്ദ്യം കാണിച്ചു. എന്നാല്‍ ഓരോ ദിവസവും അണക്കെട്ടിന്റെ ഓരോ ഭാഗവും നശിപ്പിക്കുന്നതായി കണ്ടു. പകല്‍ ജോലി ചെയ്ത് മടങ്ങി രാവിലെ എത്തുമ്പോഴാണ് ആ ഭാഗം തകര്‍ന്നുകിടക്കുന്നതായി കാണുന്നത്.
ദൈവകോപമാണെന്ന് കാണിക്കാര്‍ പറഞ്ഞു. എന്നാല്‍ മിന്‍ചിന്‍ അത് രാത്രിയില്‍ കണ്ടുപിടിച്ചു. പേച്ചിയുടെ കീഴില്‍ കാണിക്കാരാണ് അത് തകര്‍ക്കുന്നത്. എന്നാല്‍ കാണിക്കാരെ അതില്‍ നിന്നും വിലക്കിയെങ്കിലും നടന്നില്ല. പല ഉപായങ്ങളും പ്രയോഗിച്ചെങ്കിലും എല്ലാം പരാജയത്തില്‍ കലാശിച്ചു. അവസാനം പേച്ചിയെ മിന്‍ചിന്‍ വെടിവച്ച് കൊന്നു. മരിക്കുന്നതിന് മുന്‍പ് പേച്ചി ഇങ്ങനെ ആക്രോശിച്ചത്രെ ‘എന്നെ വെടിവച്ചിട്ട താനും ഇവിടെ തന്നെ മരിക്കും. തന്റെ ശരീരം അണക്കെട്ടിന്റെ മുകളിലും എന്റേത് അതിനു താഴെയുമായിരിക്കും. അങ്ങിനെ തന്നെ സംഭവിച്ചു. പേച്ചിയെ അണക്കെട്ടിന് താഴെ സംസ്‌ക്കരിച്ചു. 1913 ല്‍ മരിച്ച മിന്‍ചിനെ അണക്കെട്ടിന് മുകളിലും സംസ്‌ക്കരിച്ചു.
1897 സപ്തംബറിലാണ് രാജാവ് അണക്കെട്ടിന് ശില പാകുന്നത്. വന്‍ ആഘോഷത്തോടെ നടത്തിയ ശിലപാകല്‍ ചടങ്ങില്‍ അധികം താമസം കൂടാതെ തന്നെ അണക്കെട്ട്. വരുമെന്ന് മിന്‍ചിന്‍ ഉറപ്പ് നല്‍കി. പല പ്രതിസന്ധികളേയും അതിജീവിച്ച് കലങ്ങി വരുന്ന മലവെള്ളത്തെ അണയായി കെട്ടി 1905ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. അങ്ങിനെ ഇന്നത്തെ കനാലുകള്‍ വഴി നാഞ്ചിനാട്ടിലേയ്ക്ക് വെള്ളം ഒഴുകി. കാര്‍ഷികരംഗം ഉണര്‍ന്നു. നെല്ലും മറ്റ് കൃഷികളും ജീവനിട്ടു. നെല്ല് ഉല്‍പാദനം കൂടി. കുരുമുളക് ഉള്‍പ്പടെ കയറ്റി അയക്കുന്നത് വര്‍ധിച്ചതോടെ രാജ്യത്തിലെ സാമ്പത്തിക നിലയും ഉയര്‍ന്നു. അങ്ങിനെയാണ് മിന്‍ചിന്‍ ചീഫ് എന്‍ജിനിയര്‍ ആയി മാറുന്നത്. പേച്ചിയെ വെടിവച്ച് കൊന്ന കുറ്റസമ്മതം ആയിരിക്കാം കോതയാറിന്‍ തീരത്ത് പണിത അണക്കെട്ടിന് പേച്ചിപ്പാറ അണക്കെട്ട് എന്ന പേര് നല്‍കിയത് മിന്‍ചിന്‍ തന്നെ. ആ സ്ഥലം പേച്ചിയുടെ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. കോതയാര്‍ നദിയില്‍ കെട്ടി ഉയര്‍ത്തിയ അണക്കെട്ടിന് ചിലവായത് 26. 1 ലക്ഷം രൂപ. ഗതാഗതസൗകര്യം പോലും ഇല്ലാത്ത അന്നത്തെ ഈ കാട്ടില്‍ മലമ്പനിയോട് മല്ലടിച്ച് ജോലിക്കാര്‍ക്കൊപ്പം നിന്ന് അതിവിശിഷ്ടമായ രാസപ്രക്രിയയിലൂടെ മിശ്രിതം നിര്‍മിച്ച് ശക്തമായ അണക്കെട്ട് പണിയാന്‍ മിന്‍ചിന്‍ കാട്ടിയ ധീരതയെ പുകഴ്ത്തികൊണ്ട് അന്ന് ഗസറ്റും ഇറക്കിയിരുന്നു.207. 19 കി.മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയുള്ള ജലസംഭരണമേഖലയും 48.0 അടി ആഴവും 1396 അടി നീളവും 396 അടി ഉയരവുമുള്ള അണക്കെട്ട് ഇന്നും ബലവാനായി നില്‍ക്കുന്നു. അണക്കെട്ടിന് വയസ് 113 ആയി. പക്ഷേ അതിന്റെ ബലത്തിന് ഒരു കുഴപ്പവും ഇല്ലെന്ന് ഡാം സേഫ്റ്റി അധികൃതര്‍ അറിയിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.