2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ വി.എസിനെതിരേ നിയമ നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളങ്ങളുമായാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ മന്ത്രിസഭയിലെ 18 മന്ത്രിമാര്‍ക്കെതിരേ 136 അഴിമതിക്കേസുകള്‍ സുപ്രിം കോടതിയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
മുഖ്യമന്ത്രിക്കെതിരേ 31 കേസുകളുണ്ടെന്നും അദ്ദേഹം പറയുന്നു. കേസുകള്‍ ഏതൊക്കെയാണെന്നു വി.എസ് വ്യക്തമാക്കണം. ഒരൊറ്റ കേസു പോലും ഇല്ലെന്നുള്ളതാണ് വാസ്തവം. മാപ്പു പറഞ്ഞില്ലെങ്കില്‍ വി.എസിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
ഏതെങ്കിലും കോടതിയിലോ പൊലിസ് സ്റ്റേഷനിലോ ആരെങ്കിലും പരാതിയോ ഹരജിയോ നല്‍കിയാല്‍ അതു കേസാകില്ല. ഒരു കേസിന്റെ തുടക്കം എഫ്.ഐ.ആറിലാണ്. ഒരു കേസിന്റെയെങ്കിലും എഫ്.ഐ.ആര്‍ വി.എസ് ഹാജരാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റു മന്ത്രിമാര്‍ക്കെതിരേയും കേസില്ല. മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേയാണ് ഒരേയൊരു എഫ്.ഐ.ആര്‍ നിലവിലുള്ളത്. ഈ കേസ് വിജിലന്‍സ് അന്വേഷിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി കോടതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിപ്പോള്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ മുന്‍ ഉപദേശകന്‍ ഷാഫി മേത്തര്‍ക്ക് ഭൂമി പതിച്ചുകൊടുത്തെന്ന് പ്രതിപക്ഷ നേതാവ് അടുത്ത കാലത്ത് ആരോപണം ഉയര്‍ത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് മേത്തര്‍ അദ്ദേഹത്തിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. പറയുന്നതെല്ലാം പിഴയ്ക്കുകയും അവ പിന്‍വലിച്ച് മാപ്പു പറയുകയുമാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ പ്രധാന പരിപാടി. 136 അഴിമതിക്കേസുകള്‍ സംബന്ധിച്ച ആരോപണവും അദ്ദേഹത്തിന് ഉടനേ പിന്‍വലിക്കേണ്ടി വരും. സര്‍ക്കാരിനെതിരേയോ യു.ഡി.എഫിനെതിരേയോ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നുണപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.