2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

Editorial

നുണപറയുന്ന പുരാവസ്തു വകുപ്പ്


 

കര്‍സേവകരെന്ന പേരില്‍വന്ന സംഘ്പരിവാര്‍ അക്രമികള്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നലെ 26 വര്‍ഷം കഴിഞ്ഞു. ഇതേ ദിവസം തന്നെയാണ് രണ്ട് പുരാവസ്തു ഗവേഷകര്‍ ബാബരി മസ്ജിദ് സംബന്ധിച്ച അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാബരി മസ്ജിദില്‍ ഖനനം നടത്തിയ പുരാവസ്തു വകുപ്പ് മസ്ജിദിനടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന സത്യവാങ്മൂലമാണ് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റാണെന്നും ബാബരി മസ്ജിദിന്റെ അടിയില്‍ പള്ളിയുടെ അവശിഷ്ടങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നും ഖനന സമയത്ത് നിരീക്ഷകരായിരുന്ന പ്രമുഖ ഗവേഷകരായ പ്രൊഫ. സുപ്രിയാവര്‍മയും ഡോ. ജയമേനോനും വെളിപ്പെടുത്തിയിരിക്കുകയാണ്.
2003 ഓഗസ്റ്റിലാണ് പുരാവസ്തു വകുപ്പ് പള്ളി നിന്ന സ്ഥലത്ത് ക്ഷേത്രമായിരുന്നുവെന്ന കള്ളസത്യവാങ്മൂലം അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയത്. ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദം മൂലമായിരുന്നു പുരാവസ്തു വകുപ്പ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത്. ഖനനത്തിന് നേതൃത്വം നല്‍കിയ പുരാവസ്തു വകുപ്പ് തലവന്‍ ബി.ആര്‍ മണിയെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നപോലെ നരേന്ദ്രമോദി സര്‍ക്കാര്‍ നാഷനല്‍ മ്യൂസിയം ഡയരക്ടര്‍ ജനറലായി ഉയര്‍ത്തുകയും ചെയ്തു.
ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രമാണ് ഉണ്ടായിരുന്നതെന്നാക്ഷേപിച്ചാണ് ഹിന്ദുത്വശക്തികള്‍ ആ പരിപാവന മന്ദിരം 1992 ഡിസംബര്‍ ആറിന് തകര്‍ത്തത്. 400 വര്‍ഷത്തിലധികം പഴക്കമുള്ള, ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ പണികഴിപ്പിച്ച മസ്ജിദാണ് ശ്രീരാമന്റെ ജന്മസ്ഥലമെന്ന് ആരോപിച്ച് സംഘ്പരിവാര്‍ തകര്‍ത്തത്. 2003ല്‍ ഖനനം നടത്തിയ പുരാവസ്തു വകുപ്പ് അവിടെനിന്ന് കണ്ടെടുത്തത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളായിരുന്നില്ലെന്നും അവ പള്ളിയുടെതായിരുന്നുവെന്നും പ്രൊഫ. സുപ്രിയാവര്‍മയും ഡോ. ജയാമേനോനും തറപ്പിച്ച് പറയുന്നു. പള്ളി നിര്‍മിച്ചത് 1528ല്‍ ആണെന്ന് ഇവര്‍ പറയുമ്പോള്‍ പുരാവസ്തു വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ക്ഷേത്രം എന്നാണ് പണി കഴിപ്പിച്ചതെന്ന് പറയുന്നില്ല.
പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ അയോധ്യയില്‍ മുസ്‌ലിംകള്‍ താമസിച്ചു പോന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അന്ന് അവര്‍ പ്രാര്‍ഥിക്കാനായി ചെറുപള്ളികള്‍ നിര്‍മിച്ചിരുന്നു. അത്തരം ചെറിയ പള്ളികള്‍ പൊളിച്ച് ബാബര്‍ ചക്രവര്‍ത്തി മണ്ണിട്ട് ഉയര്‍ത്തി പണികഴിപ്പിച്ചതാണ് ബാബരി മസ്ജിദ്. ഖനനത്തില്‍ കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഇത് ശരിവയ്ക്കുന്നുമുണ്ട്. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്ത്കണ്ട മതില്‍ ക്ഷേത്രഘടനയില്‍ പെട്ടതാണെന്ന വാദത്തെ തിരുത്തുന്നു ഡോ. ജയാമേനോനും പ്രൊഫ. സുപ്രിയാവര്‍മയും. മുസ്‌ലിംകള്‍ ഖിബ്‌ലയായി ഉപയോഗിച്ചിരുന്ന ഭാഗമാണ് പടിഞ്ഞാറ് ഭാഗത്തെ മതിലെന്ന് ഇവര്‍ സമര്‍ഥിക്കുന്നു. തൂണുകള്‍ ക്ഷേത്രത്തിന്റേതായിരുന്നുവെന്ന വാദത്തെയും അവര്‍ നിരാകരിക്കുന്നു. അത് കൂറ്റന്‍ കല്ലുകളായിരുന്നുവെന്നു തിരുത്തുകയാണ് ഈ ഗവേഷകര്‍.
രാജ്യം വിശ്വാസം അര്‍പ്പിച്ച പുരാവസ്തു വകുപ്പ് അധാര്‍മിക പ്രവര്‍ത്തനങ്ങളാണ് അന്നത്തെ ബി.ജെ.പി സര്‍ക്കാരിന് വേണ്ടി നടത്തിയത്. ബി.ജെ.പിയുടെ ഭീഷണിക്കും സമ്മര്‍ദത്തിനും മുന്നില്‍ പഞ്ചപുഛമടക്കിനിന്ന പുരാവസ്തു വകുപ്പ് രാജ്യത്തെ അപമാനിച്ചിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം രാഷ്ട്രീയ താല്‍പര്യ സംരക്ഷണത്തിനും അധികാരം നിലനിര്‍ത്താനുമുള്ള ഉപകരണങ്ങളാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. അതിന്റെ പരിണിത ഫലമാണിപ്പോള്‍ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നതും. പുരാവസ്തു വകുപ്പിനെയും ഇതേപോലെ ബി.ജെ.പി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി. രാഷ്ട്രീയ പ്രതിയോഗികളെ സി.ബി.ഐയെ ഉപയോഗപ്പെടുത്തി റെയ്ഡ് നടത്തുകയും കള്ളകേസുകളില്‍ കുടുക്കുകയും ചെയ്ത ബി.ജെ.പി സര്‍ക്കാര്‍ പുരാവസ്തു വകുപ്പിനെയും തങ്ങളുടെ താല്‍പര്യത്തിനായി പിടികൂടുകയായിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ട കോടികള്‍ റിസര്‍വ് ബാങ്ക് നല്‍കിയില്ല. പണം വാങ്ങി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസന പ്രഹസനം നടത്താനുള്ള ബി.ജെ.പിയുടെ തന്ത്രം അതോടെ പൊളിഞ്ഞു. പിന്നീട് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നേരെയായി ബി.ജെ.പി സര്‍ക്കാര്‍. എന്നാല്‍ ഉര്‍ജിത് പട്ടേല്‍ രാജി ഭീഷണി മുഴക്കിയതോടെ ബി.ജെ.പി സര്‍ക്കാര്‍ പത്തിതാഴ്ത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഉപയോഗപ്പെടുത്തി കോടതി വ്യവഹാരങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ ഇടപെട്ടു. ബി.ജെ.പി സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയ ന്യായാധിപനായിരുന്നു ദീപക് മിശ്രയെന്ന് പറഞ്ഞത് ഈയിടെ സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് ആണ്. ഭരണഘടനാ സ്ഥാപനങ്ങളെയും അല്ലാത്തവയെയും വരുതിയില്‍ നിര്‍ത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചതിന്റെ തെളിവുകളാണിതൊക്കെയും. അവിടെയൊക്കെ പ്രയോഗിച്ച അതേ സമ്മര്‍ദതന്ത്രം തന്നെയാണ് പുരാവസ്തു വകുപ്പിലും നടപ്പിലാക്കിയത്.
തകര്‍ക്കപ്പെടുന്നതിന് മുമ്പ് ഉത്തര്‍പ്രദേശിലെ ഏറ്റവും വലുതും പുരാതനവുമായ പള്ളിയായിരുന്നു ബാബരി മസ്ജിദ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം അവര്‍ ബാബരി മസ്ജിദിന്റെ കാര്യത്തിലും തുടര്‍ന്നു. അങ്ങിനെയാണ് രാമക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് പണിതതെന്ന കള്ളറിപ്പോര്‍ട്ട് ബ്രിട്ടീഷ് ഓഫിസറായ എച്ച്.ആര്‍ നെവല്‍ അന്ന് നല്‍കിയത്. ഉത്തരേന്ത്യയില്‍ സത്യം ആരൊക്കെ മൂടിവച്ചാലും അത് പുറത്തുവരികതന്നെ ചെയ്യുമെന്നതിന്റെ തെളിവാണ് ഡോ. ജയാമേനോന്റെയും പ്രൊഫ. സുപ്രിയാവര്‍മയുടെയും കണ്ടെത്തലുകള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.