2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

നീലവസന്തമെത്തി; തെക്കിന്റെ കശ്മിര്‍ കരകയറുന്നു

 

തൊടുപുഴ: നീലവസന്തമെത്തിയതോടെ തെക്കിന്റെ കശ്മിര്‍ പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്നു. ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തതോടെ പ്രളയത്തിന്റെ ദുരന്തനാളുകളില്‍ നിന്ന് മൂന്നാര്‍ മെല്ലെ കരകറുകയാണ്. പെരിയവരൈയില്‍ താല്‍ക്കാലിക പാലം തീര്‍ത്ത് ഗതാഗതയോഗ്യമാക്കിയതോടെ അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ അടക്കം പുനഃസ്ഥാപിച്ചു. ആയിരക്കണക്കിന് ആളുകളുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ പൊതുസ്ഥലങ്ങളിലെ അടക്കം മാലിന്യം നീക്കി. വൈദ്യുതി, ഫോണ്‍ ബന്ധങ്ങളും പഴയപടിയായി.
കുറിഞ്ഞിപ്പൂക്കളുടെ നേര്‍കാഴ്ച സാധ്യമായ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ഉത്തരേന്ത്യ, യു.എ.ഇ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളും എത്തുന്നുണ്ട്. ഇക്കുറി വരയാടുകളെ കൂടുതല്‍ അടുത്തുകാണാമെന്നതും പ്രത്യേകതയാണ്.
ജൂലൈ മുതല്‍ ഉണ്ടായ അതിശക്തമായ മഴ കാലവര്‍ഷത്തിന്റെ ഭംഗി ആസ്വദിക്കാന്‍ യു.എ.ഇയില്‍ നിന്ന് എത്തുന്നവരുടെ എണ്ണം കുറച്ചു. പിന്നാലെ പ്രളയം കൂടി ആയപ്പോള്‍ 12 വര്‍ഷമായി കാത്തിരിക്കുന്ന നീലക്കുറിഞ്ഞി പൂക്കാലം ഇനിയെത്തില്ലെന്നായിരുന്നു എല്ലാവരും ആശങ്കപ്പെട്ടിരുന്നത്. ഇടയ്ക്ക് മഴ മാറി നിന്ന സമയങ്ങളില്‍ രണ്ട് തവണ കുറിഞ്ഞി പൂവിട്ടിരുന്നെങ്കിലും വീണ്ടും മഴ എത്തിയതോടെ നല്ലൊരുഭാഗം ചീഞ്ഞ് നശിച്ചു. വീണ്ടും വെയില്‍ തെളിഞ്ഞതോടെയാണ് മൂന്നാര്‍ മലനിരകളെ നീലവസന്തം പുതപ്പണിയിച്ചത്. ഇനി മഴ പെയ്തില്ലെങ്കില്‍ രണ്ട്-മൂന്ന് മാസത്തോളം നീലപ്പുതപ്പണിഞ്ഞ മലനിരകള്‍ കൗതുക കാഴ്ചയൊരുക്കും.
കുറിഞ്ഞിപ്പൂക്കാലം മാത്രം മുന്നില്‍ കണ്ട് നിരവധി പേരാണ് മൂന്നാറില്‍ പണം മുടക്കി വിവിധ സംരംഭങ്ങള്‍ തുടങ്ങിയത്. റിസോര്‍ട്ടുകള്‍ മോടി പിടിപ്പിക്കുന്നതിനും ലക്ഷങ്ങള്‍ മുടക്കിയിരുന്നു. ചെറിയ വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട റിസോര്‍ട്ടുകള്‍ക്ക് വരെ പെരുമഴ വരുത്തിവച്ചത് കണ്ണീര്‍ക്കാലമാണ്. മണ്ണിടിഞ്ഞു വെള്ളം കയറിയും ദിവസങ്ങളോളം മൂന്നാര്‍ ഒറ്റപ്പെട്ടിരുന്നു.
12 വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒരുമിച്ച് ആയിരക്കണക്കിന് ചെടികള്‍ പൂക്കുന്ന നീല വസന്തം പ്രകൃതിയുടെ വിസ്മയമാണ്. പശ്ചിമഘട്ടത്തില്‍പ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല, ആനമുടി, പാമ്പാടുംച്ചോല, നീലഗിരി, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, മറയൂര്‍, വട്ടവട എന്നിവിടങ്ങളിലാണ് പ്രധാനമായും കുറിഞ്ഞി പൂക്കുക. സ്‌ട്രോബിലാന്തസ് കുന്തിയാന എന്നാണ് നീലക്കുറിഞ്ഞിയുടെ ശാസ്ത്ര നാമം. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്ററിന് മുകളിലാണ് കുറിഞ്ഞി സാധാരണയായി പൂത്ത് കാണുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.