2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

നീതിയുടെ കാവലാള്‍

സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുകയും ജീവന്‍ ത്യജിക്കുകയും ചെയ്ത വേലുത്തമ്പി ദളവയുടെ 209-ാം ചരമ വാര്‍ഷികദിനമാണ് മാര്‍ച്ച് 29. അദ്ദേഹത്തിന്റെ ജനകീയ പോരാട്ടങ്ങളെക്കുറിച്ച്

 

പി.ജി. പെരുമല

രാജ്യസ്‌നേഹം, ഭരണശേഷി, രാജ്യതന്ത്രജ്ഞത എന്നീ ഗുണങ്ങള്‍ സ്വരുക്കൂട്ടിയ കേരളചരിത്രത്തിലെ ഉന്നത ശീര്‍ഷനായിരുന്നു വേലുത്തമ്പി ദളവ. തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ വഴിത്തിരിവായ ജനനായകന്‍ എന്ന നിലയിലാണ് വേലുത്തമ്പിദളവയുടെ രംഗപ്രവേശം. 1798ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് രാമവര്‍മ്മ (ധര്‍മ്മരാജാവ്) അന്തരിച്ചു. 

അദ്ദേഹം അന്തരിക്കുമ്പോള്‍ തിരുവിതാംകൂറിന്റെ സാമ്പത്തിക സ്ഥിതി അതിദയനീയമായിരുന്നു. തുടര്‍ന്നു തിരുവിതാംകൂറിന്റെ ഭരണം എറ്റെടുത്ത ഏറ്റവും ദുര്‍ബലനായ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ (1798 -1810) യുടെ ഭരണം ഒട്ടും ജനോപകാരപ്രദമായിരുന്നില്ല. ദുര്‍ഗുണങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ മന്ത്രിമാരായിരുന്ന ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ ചെട്ടി, മാത്തുത്തരകന്‍ എന്നീ ത്രിമൂര്‍ത്തികളുടെ അഴിമതി ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടി. 1799ല്‍ തന്നെ, ദിവാനായിരുന്ന രാജാകേശവദാസും മരിച്ചു. ഇതോടെ അഴിമതി നിറഞ്ഞ ഭരണം ഉപജാപകവൃന്ദത്തിന്റെ കൈപിടിയിലൊതുങ്ങി. ജനം നിര്‍ബന്ധിത പിരിവു കൊടുത്ത് മടുത്തു.

 

ആരായിരുന്നു വേലുത്തമ്പി ?

കൊല്ലവര്‍ഷം 940 മേടം 23 അത്തം നക്ഷത്രത്തില്‍ (1765 മെയ് 6) കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്ത് തലക്കുളത്താണ് കണക്കുതമ്പി ചെമ്പകരാമന്‍ വേലായുധന്‍ എന്ന വേലുത്തമ്പി ദളവ ജനിച്ചത്. വലിയ വീട്ടില്‍ വള്ളിയമ്മപ്പിള്ള തങ്കച്ചിയും മണക്കര കുഞ്ചുമായിട്ടി പിള്ളയുമായിരുന്നു മാതാപിതാക്കള്‍. വേലായുധന്റെ ആദ്യഗുരു കുഞ്ചാദിപ്പിള്ളയായിരുന്നു. രാമേശ്വരത്തേക്ക് കാല്‍നടയായി യാത്രതിരിച്ച തിരുവിതാംകൂര്‍ (വേണാട്) രാജാവിന്റെ സ്വര്‍ണച്ചെല്ലം മോഷണം പോയത് മൂന്നാംനാള്‍ കണ്ടുപിടിച്ചതോടെയാണ് ഈ യുവാവ് ജനശ്രദ്ധ ആകര്‍ഷിച്ചത്. കൗമാരം പിന്നിടുന്ന പ്രായത്തില്‍ അദ്ദേഹം കല്‍ക്കുളത്തെ മണ്ഡപത്തും വാതുക്കല്‍ കാര്യക്കാരായി. 20ാം വയസില്‍ ഇരണിയല്‍ കാര്യക്കാരായി.

 

ദളവയാകുന്നു

എ.ഡി. 1800ല്‍ തിരുവിതാംകൂര്‍ റസിഡന്റായി സ്ഥാനമേറ്റ കേണല്‍ മെക്കോളയുടെ സമ്മതത്തോടെ 1801ല്‍ തിരുവിതാംകൂറിന്റെ രാജാവായിവന്ന അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ (1798-1810) തമ്പിയെ സര്‍വകാര്യക്കാരനായി നിയമിച്ചു. ഈ അത്യുന്നത സ്ഥാനം വേലുത്തമ്പിയുടെ അസാമാന്യ സാമര്‍ഥ്യത്തിനുള്ള അംഗീകാരമായിരുന്നു.
അന്നത്തെ വ്യാപാര മന്ത്രിയായിരുന്ന ചെമ്പകരാമന്‍പിള്ള അന്തരിച്ചതിനെ തുടര്‍ന്ന് 976 മീനം മൂന്നിന് വേലുത്തമ്പിയെ തിരുവിതാംകൂറിന്റെ ദളവയായി ഉയര്‍ത്തി. ദളവ ആയതിനു ശേഷം ഭരണകൂടത്തിന്റെ അന്തസ് വര്‍ധിപ്പിക്കുന്നതിനും പൊതുജന താല്‍പര്യം സംരക്ഷിക്കുന്നതിനും ഉതകുന്ന അനവധി നടപടികള്‍ തമ്പി സ്വീകരിച്ചു. വിശ്വസ്തരല്ലാത്തവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇത് ജന്മിമാരുടെ ശത്രുതയക്ക് ഇടയാക്കി.

 

ഭരണം, അഴിമതിമുക്തം ശിക്ഷ, അതികഠിനം

ഭരണം അഴിമതിമുക്തമാക്കുക എന്നതായിരുന്നു തമ്പിയുടെ ലക്ഷ്യം. നിഷ്ഠൂരമായ ശിക്ഷകളിലൂടെ അദ്ദേഹം അതു നടപ്പാക്കി. കണ്ടെഴുത്തില്‍ കളവുകാണിച്ച ഉദ്യോഗസ്ഥന്റെ തള്ളവിരല്‍ മുറിച്ചുകളഞ്ഞു. ശങ്കരനാരായണന്‍ ചെട്ടിയെ നാടുകടത്തി. ജയന്തന്‍ നമ്പൂതിരിയുടെ നെറ്റിയില്‍ മുദ്രകുത്തി കുര്യാചള്ളി കടത്തിവിട്ടു. മാത്തുത്തരകന്റെ ചെവിമുറിച്ചു. തകര ചേര്‍ത്തു പുഴുങ്ങി അയാളെക്കൊണ്ട് തീറ്റിച്ചു (ബാലരാമവര്‍മ്മ മഹാരാജാവിന്റെ അഴിമതിക്കാരായ ത്രിമൂര്‍ത്തികള്‍).
ദളവായുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അത്യധികം ശ്രദ്ധിച്ച ദളവ, ചങ്ങനാശ്ശേരി, തലയോലപ്പറമ്പ്, മാഞ്ഞാലി എന്നിവിടങ്ങളില്‍ ചന്തകള്‍ തുടങ്ങി. ആലപ്പുഴ തുറമുഖ വികസനത്തിനായി ഭരണകേന്ദ്രം ആലപ്പുഴയിലേക്കു മാറ്റി. തലസ്ഥാനത്തു കരുവേലപ്പുരമാളിക പണിതു. പത്മനാഭസ്വാമി ക്ഷേത്രം ചെമ്പുകൊണ്ട് പൊതിഞ്ഞു. കൊല്ലത്ത് ആനന്ദവലീശ്വരക്ഷേത്രം നിര്‍മിച്ചു. 1802ല്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണദീപാരാധനത്തട്ട് സമര്‍പ്പിച്ചു.

 

ഇംഗ്ലീഷുകാരുമായുള്ള ബന്ധം

ഭരണസംവിധാനം കാര്യക്ഷമവും സംശുദ്ധവുമാക്കുന്നതിനുമായി വേലുത്തമ്പി സ്വീകരിച്ച പല നടപടികളും അതിക്രൂരമായിരുന്നു. അതിനാല്‍തന്നെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ എതിരായി. അവര്‍ രാജാവിനോട് ദളവായെ അറസ്റ്റ് ചെയ്തു തൂക്കിലേറ്റണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ കേണല്‍ മെക്കാളെയും ദളവായും തമ്മില്‍ ഉറ്റ സൗഹൃദത്തിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സഹായത്തോടെ ദളവ ഈ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ഉപജാപകരെ തടവിലാക്കുകയും ചെയ്തു.
ഇക്കാലത്ത് തിരുവിതാംകൂര്‍ സൈന്യത്തിലെ ഭടന്മാര്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ദളവ സൈനികരുടെ വേതനം വെട്ടിക്കുറച്ചതിലും നിരവധി പേരെ പിരിച്ചുവിട്ടതിലുമുള്ള പ്രതിഷേധമായിരുന്നു കലാപത്തിനു കാരണം. ഇതോടെ ദളവയെ തല്‍സ്ഥാനത്തുനിന്നും ഉടനെ നീക്കണമെന്നായി കലാപകാരികളുടെ ആവശ്യം.

 

ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരുവിതാംകൂറും

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയും തിരുവിതാംകൂറും തമ്മില്‍ 1805ല്‍ ഉണ്ടാക്കിയ പരസ്പര സഹായ ഉടമ്പടി മറ്റൊരു സഭവത്തിനു വഴിതുറന്നു. ഉടമ്പടി പ്രകാരം തിരുവിതാംകൂര്‍ ബ്രിട്ടീഷ് അധീശശക്തിയുടെ കീഴിലുള്ള ഒരു സാമന്തര രാജ്യമായിത്തീരുകയും ബ്രിട്ടീഷുകാരുടെ സംരക്ഷണത്തില്‍ വരുകയും ചെയ്തു. വര്‍ഷംതോറും തിരുവിതാംകൂര്‍ കമ്പനിക്ക് എട്ടുലക്ഷം രൂപ കപ്പം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഈ സന്ധിയുടെ വ്യവസ്ഥകള്‍ അങ്ങേയറ്റത്തെ ജനരോഷത്തിന് കാരണമാകുകയും അതുവരെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട ദളവാ സ്വാര്‍ഥ താല്‍പര്യത്തിനുവേണ്ടി അവരെ വഞ്ചിക്കുകയാണെന്ന ധാരണ ജനത്തിനിടയില്‍ പരന്നു.
ഇതിനിടെ കേണല്‍ മെക്കാളെ തിരുവിതാംകൂറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ദളവയുടെ അധികാരത്തെ നിര്‍വീര്യമാക്കാന്‍ എല്ലാവിധ തന്ത്രങ്ങളും റസിഡന്റ് സായിപ്പ് ആരംഭിച്ചു. റസിഡന്റിന്റെ അനാവശ്യവും ധിക്കാരപരവുമായ ഇടപെടലിനെ വേലുത്തമ്പി എതിര്‍ത്തു. മെക്കാളെയെ തിരിച്ചുവിളിച്ച് തല്‍സ്ഥാനത്ത് വേറൊരാളെ നിയമിക്കുവാന്‍ മദ്രാസ് ഗവണ്‍മെന്റിനോട് അപേക്ഷിക്കാന്‍ മഹാരാജാവിനെ ഉപദേശിക്കുകയും ചെയ്തു. ഇതിനിടെ ദളവയുടെ ഉത്തരവുകള്‍ മെക്കാളെ നിരാകരിച്ചതോടെ അവര്‍ തമ്മില്‍ അകന്നു.
മെക്കാളെയുടെ അതിനിവേശ ശ്രമത്തെ തടയാന്‍ തമ്പി മുന്‍കൈയെടുത്തു. കരപ്രമാണിമാരെ സംഘടിപ്പിച്ചു. കുണ്ടറ ഇളംപള്ളൂര്‍ ഗോസായിത്തറയിലാണ് യോഗം ചേര്‍ന്നത്. ചെറുവള്ളില്‍ യജമാനന്‍, ഇലങ്ങുവേലില്‍ പണിക്കര്‍, വടയാറ്റു യജമാനന്‍, വേങ്ങശ്ശേരില്‍ ഉണ്ണിത്താന്‍, കൈതക്കാട്ടുകുറുപ്പ്, പേരയത്ത് ആശാന്‍, കാഞ്ഞിരോട്ടു മൂത്തപിള്ള, മുളവന കുറുപ്പ് എന്നീ പ്രമാണിമാര്‍ പങ്കെടുത്തു.

 

ഇംഗ്ലീഷുകാര്‍ക്കെതിരേ

വേലുത്തമ്പിദളവയും ബ്രിട്ടീഷുകാരും തമ്മില്‍ തുറന്ന പോരിനുള്ള വേദിയൊരുങ്ങി. പാലിയത്തച്ഛനുമായി സഖ്യമുണ്ടാക്കി ദളവയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം യുവാക്കളെ സംഘടിപ്പിച്ച് സൈനിക പരിശീലനം നല്‍കി. ഫ്രഞ്ചുകാരുടെ സഹായവാഗ്ദാനവും അവര്‍ക്കു ലഭിച്ചു. 1808 ഡിസംബര്‍ 18ന് റസിഡന്റ് മെക്കാളെയുടെ കൊച്ചിയിലെ താവളം പ്രക്ഷോഭകാരികള്‍ ആക്രമിച്ചു. 600ലേറെ വരുന്ന പ്രക്ഷോഭകാരികളെ നയിച്ചത് പാലിയത്തച്ഛനും തമ്പിയുടെ രണ്ടു സൈനിക ഉദ്യോഗസ്ഥരും ആയിരുന്നു. നിലവറയിലൊളിച്ച മെക്കാളെ ബ്രിട്ടീഷ് കപ്പലില്‍ കയറി രക്ഷപ്പെട്ടു. ഇതിനിടെ പാലിയത്തച്ഛന്‍ കൂറുമാറി ബ്രിട്ടീഷ് പക്ഷം ചേര്‍ന്നു.
ബ്രിട്ടീഷ് റെജിമെന്റിലെ നിരവധി പേരെ പള്ളാത്തുരിത്തിയാറ്റില്‍ മുക്കിക്കൊന്ന ശേഷം തമ്പിയും സൈന്യവും ആലപ്പുഴ വഴി കൊല്ലത്തേക്കു തിരിച്ചു. കൊല്ലത്തുള്ള ബ്രിട്ടീഷ് സേനയെ ആക്രമിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. പിന്നീട് വേലുത്തമ്പി കുണ്ടറയില്‍ എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ രാജ്യത്തിന് ചെയ്ത ദ്രോഹങ്ങള്‍ എടുത്തുപറഞ്ഞ് അവര്‍ക്കെതിരേ ജനരോഷം ഉണര്‍ത്തി. കുണ്ടറവിളംബരം പുറപ്പെടുവിച്ചു. അഞ്ചുതെങ്ങില്‍ താവളം ഉറപ്പിക്കുന്നതിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്ഥലം നല്‍കുന്നതുമുതല്‍ സ്വത്തും മാനവും വരെ കവര്‍ന്നെടുക്കാന്‍ അവര്‍ ചെയ്ത ദുഷ്പ്രവൃത്തികളും കുണ്ടറ വിളംബരത്തില്‍ പറയുന്നുണ്ട്.
വിളംബരം പുറപ്പെടുവിച്ച സമയത്തുതന്നെ കൊല്ലത്ത് ബ്രിട്ടീഷ് സൈന്യത്തിനെതിരായ യുദ്ധവും പൊട്ടിപ്പുറപ്പെട്ടു. വേലുത്തമ്പിയുടെ സൈന്യത്തിന് ഇതില്‍ വിജയിക്കാന്‍ സാധിച്ചില്ല. എങ്കിലും വിദേശാധിപത്യത്തിനെതിരേ ജനാഭിപ്രായം സ്വരൂപിക്കാനും ദേശസ്‌നേഹം വളര്‍ത്താനും കുണ്ടറ വിളംബരത്തിന് സാധിച്ചു.

 

ശിരസിന് അന്‍പതിനായിരം ഇനാം

വേലുത്തമ്പി നയിച്ച കലാപം അമര്‍ച്ച ചെയ്യാന്‍ മദിരാശി, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിട്ടീഷ് പട്ടാളം എത്തിച്ചേര്‍ന്നു. നീണ്ടകര, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് ബ്രിട്ടീഷ് പട്ടാളവുമായി നടന്ന ഏറ്റുമുട്ടലുകളില്‍ തമ്പി പരാജയപ്പെട്ടു. 1809 ജനുവരി 28ന് നടന്ന സന്ധിസംഭാഷണവും പരാജയപ്പെട്ടു. 1809 ഫെബ്രുവരിയില്‍ ബ്രിട്ടീഷുകാരും മഹാരാജാവും തമ്മില്‍ സംസാരിച്ചു സന്ധി ചെയ്തു. തമ്പിയെ കുഴപ്പക്കാരനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ശിരസിന് അന്‍പതിനായിരം രൂപ പ്രഖ്യാപിച്ചു. 1809 ജനുവരി 27ന് പാലിയത്തച്ഛനെ മദിരാശിയിലേക്കു നാടുകടത്തി. തമ്പി എല്ലാം കുറ്റങ്ങളും ഏറ്റുപറഞ്ഞ് ഒളിവില്‍ പോയി. 1809 മാര്‍ച്ച് 18ന് വേലുത്തമ്പിയെ ദളവാ സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും ഇംഗ്ലീഷുകാരുടെ ആജ്ഞാനുവര്‍ത്തിയായ ഉമ്മിണിത്തമ്പിയെ ദളവയായി നിയമിക്കുകയും ചെയ്തു.

 

രക്തസാക്ഷിത്വം

ശത്രുക്കളുടെ കൈകളാല്‍ മാനഹാനി സംഭവിക്കാതിരിക്കാന്‍ വേലുത്തമ്പി വേഷപ്രച്ഛന്നനായി പലയിടത്തും സഞ്ചരിച്ചു. ഒപ്പം അനുജന്‍ പത്മനാഭന്‍ തമ്പിയും ഏതാനും വിശ്വസ്തരും മാത്രം. കിളിമാനൂര്‍ കോയിത്തമ്പുരാന്റെ കോവിലകത്തെത്തിയ തമ്പി സ്വന്തം വാള്‍ അവിടുത്തെ തമ്പുരാനെ ഏല്‍പ്പിച്ച് അടൂരിനടുത്തുള്ള മണ്ണടിയിലെത്തി അവിടെയുള്ള ചേന്നമംഗലം പോറ്റി ഗൃഹത്തില്‍ അഭയം തേടി. (കിളിമാനൂര്‍ കൊട്ടാരത്തില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആ വാള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1957ല്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്രപ്രസാദിനെ ഏല്‍പ്പിച്ചു.)
വേലുത്തമ്പി മണ്ണടിയിലുണ്ടെന്ന വിവരമറിഞ്ഞ ശത്രുക്കള്‍ 1809 മാര്‍ച്ച് 29ന് തമ്പിയുടെ താവളം വളഞ്ഞു. ശത്രുവിനു മുന്നില്‍ ജീവനോടെ അകപ്പെടാന്‍ തമ്പി തയാറായില്ല. തന്നെ വധിക്കാന്‍ അനുജനോട് തമ്പി ആവശ്യപ്പെട്ടു. അനുജന്‍ അതിനു തയാറാകാതിരുന്നപ്പോള്‍ വേലുത്തമ്പി ഉടന്‍ കഠാരിയെടുത്ത് നെഞ്ചില്‍ സ്വയം കുത്തി. എന്നിട്ടും മരിക്കാതെ പ്രാണവേദനയോടെ പിടഞ്ഞുകൊണ്ട് തന്റെ ജീവന്‍ വേര്‍പെടുത്താന്‍ അനുജനോട് അപേക്ഷിച്ചു. സഹോദരന്‍ അതീവ ദുഃഖത്തോടെ അത് നിറവേറ്റുകയായിരുന്നു.
ശത്രുക്കള്‍ തമ്പിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തെരുവീഥികളിലൂടെ കൊണ്ടുനടന്ന് നിന്ദിച്ച ശേഷം ജഡം ഇരുമ്പ് ചട്ടക്കൂടിലാക്കി കണ്ണമ്മൂല കുന്നില്‍ കഴുവിലേറ്റി. വൈക്കം പത്മനാഭപിള്ള, പത്മനാഭന്‍ തമ്പി തുടങ്ങിയ അനുചരരേയും പിന്നീട് തൂക്കിലേറ്റി. അദ്ദേഹത്തിന്റെ വീട് ഇടിച്ചുനിരത്തുകയും ബന്ധുക്കളെ മാലിദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു. തിരുവനന്തപുരം സെക്രട്ടേറിയറ്റ് വളപ്പിലെ വേലുത്തമ്പി ദളവ പ്രതിമയും മണ്ണടിയില്‍ സ്ഥാപിതമായ വേലുത്തമ്പി മ്യൂസിയവും അദ്ദേഹത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.

 

ജീവിതരേഖ

ജനനം: 1765 മെയ് 6ന് (940 മേടം 23) കന്യാകുമാരി ജില്ലയിലെ തലക്കുളത്ത്. വേലായുധന്‍ എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. പിതാവ്: മണക്കര കുഞ്ചുമായിട്ടിപ്പിള്ള. മാതാവ്: വലിയ വീട്ടില്‍ വള്ളിയമ്മ തങ്കച്ചി. ആദ്യഗുരു: കുഞ്ചാദിപ്പിള്ള. കൗമാരം പിന്നിടുന്ന പ്രായത്തില്‍ അദ്ദേഹം കല്‍ക്കുളത്തെ മണ്ഡപത്തും വാതുക്കല്‍ കാര്യക്കാരായി. 20-ാം വയസില്‍ ഇരണിയല്‍ കാര്യക്കാരായി. 1801ല്‍ തിരുവിതാംകൂര്‍ രാജാവ് മെക്കാളെയുടെ സമ്മതത്തോടെ തമ്പിയെ ദളവയായി ഉയര്‍ത്തി.
1805ല്‍ തിരുവിതാംകൂറും ബ്രിട്ടീഷുകാരുമായുള്ള സന്ധി. 1807 മാര്‍ച്ച് 30ന് തിരുവിതാംകൂറിന്റെ കപ്പക്കുടിശ്ശിക റസിഡന്റിന്റെ ഖജനാവില്‍ അടയ്ക്കണമെന്നുള്ള മെക്കാളെയുടെ ഉത്തരവ്. 1809 ജനുവരി 11ന് കുണ്ടറ വിളംബരം. 1809 മാര്‍ച്ച് 18 വേലുത്തമ്പിദളവയെ ദളവ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. 1809 മാര്‍ച്ച് 29ന് ദളവ ജീവത്യാഗം ചെയ്തു.

അഴിമതിക്കെതിരായ ആദ്യ പോരാട്ടം

ദിവാന്‍ രാജാ കേശവദാസിനു ശേഷം തിരുവിതാംകൂറിന്റെ അധികാരം കൈയാളിയ ത്രിമൂര്‍ത്തികളുടെ അഴിമതി നിറഞ്ഞ ഭരണം രാജ്യത്തെ സാമ്പത്തിക ശൂന്യതയിലെത്തിക്കുകയായിരുന്നു. ഒഴിഞ്ഞ ഖജനാവ് നിറയ്ക്കാന്‍ നിര്‍ബന്ധിതരായ മന്ത്രിമാര്‍ കടംവാങ്ങല്‍ ആരംഭിച്ചു. സംഖ്യ നല്‍കാന്‍ മടിച്ചവരെ കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. പണം നല്‍കാന്‍ കഴിയാതെ പോയവരെ തടവിലാക്കുകയും ചാട്ടവാറുകൊണ്ട് അടിക്കുകയും ചെയ്തു. തലക്കുളം കാര്യക്കാരായ വേലുത്തമ്പിയോടും സംഘം മൂവായിരം രൂപ ആവശ്യപ്പെട്ടു. അല്‍പദിവസത്തെ സാവകാശം വാങ്ങി, ഇരണിയലില്‍ എത്തിയ തമ്പി ജനങ്ങളെ സംഘടിപ്പിച്ച് തിരുവനന്തപുരത്തെത്തി. കൊല്ലവര്‍ഷം 974 ഇടവം 27ന് നഗരം ഉപരോധിച്ചു.
ചിറയിന്‍കീഴ് കുറ്റിക്കാട്ട് അയ്യപ്പന്‍, ചെമ്പകരാമന്‍പിള്ള, പഞ്ചിമുട്ടത്തുപിള്ള, വാഴുവേലിപ്പിള്ള എന്നിവര്‍ വേലുത്തമ്പിയുടെ സഹായികളായി. രാജാവിന്റെയും മന്ത്രിമാരുടെയും അഴിമതികളെയും സേച്ഛാധിപത്യ ഭരണ സമ്പ്രദായത്തെയും സര്‍വശക്തികളുമുപയോഗിച്ച് ചെറുക്കാന്‍ ജനത്തെ ആഹ്വാനം ചെയ്തു. ഒരു നല്ല വാഗ്മിയായിരുന്ന വേലുത്തമ്പിയ്ക്ക് ജനക്കൂട്ടത്തെ വശീകരിക്കുന്നതിനും പ്രയാസമുണ്ടായിരുന്നില്ല. അടുത്തുനിന്നും അകലെ നിന്നും ഒത്തുചേര്‍ന്ന ആയുധധാരികളായ കലാപകാരികള്‍ വേലുത്തമ്പിദളവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് കോട്ടയ്ക്കു വെളിയില്‍ തടിച്ചുകൂടി. പ്രദേശിക വാസികളില്‍ നല്ലൊരു വിഭാഗം വേലുത്തമ്പിയോടൊപ്പം ചേര്‍ന്നു.

 

വിപ്ലവ നേതാവ്

ശക്തമായ ബഹുജന മുന്നേറ്റം കണ്ട് ഭയന്ന രാജാവ് ഒത്തു തീര്‍പ്പിനായി വേലുത്തമ്പിയുടെ അടുത്തേക്ക് ദൂതന്മാരെ അയച്ചു. വേലുത്തമ്പിയും അനുയായികളും ചില ആവശ്യങ്ങള്‍ മുന്നോട്ടു വച്ചു.
(1) ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയെ ഉടനെ പിരിച്ചുവിട്ട് തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് നാടുകടത്തണം
(2) ഭാവിയില്‍ ഒരു കാലത്തും തിരിച്ചു വിളിക്കുകയില്ല എന്ന് സമ്മതിച്ചുകൊണ്ടുള്ള കരാറില്‍ രാജാവ് ഒപ്പുവയ്ക്കണം
(3) അയാളുടെ അനുയായികളായ ശങ്കരനാരായണന്‍ ചെട്ടിയെയും മാത്തുത്തരകനെയും പരസ്യമായി ചാട്ടവാറു കൊണ്ടടിച്ച്, ചെവിയറുത്തു വിടണം
(4) ഉപ്പുകരം പോലുള്ള അന്യായ നികുതികള്‍ ഉടന്‍ പിന്‍വലിക്കണം.
രാജാവ് ഈ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ഉപജാപക സംഘത്തെ ഉടന്‍ പിടിച്ചുവിടുകയും ചെയ്തു. ചെമ്പകരാമന്‍പിള്ള സര്‍വാധികാര്യക്കാരായി. വേലുത്തമ്പി മുളകു മടിശീല കാര്യക്കാരായും (വ്യാപാരമന്ത്രി) നിയമിച്ചു. ശങ്കരന്‍ നമ്പൂതിരിയെയും അയാളുടെ അനുയായികളെയും പിരിച്ചുവിട്ടതും രാഷ്ട്രീയമായി വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ വേലുത്തമ്പിദളവ, തിരുവിതാംകൂറില്‍ ആഭ്യന്തരമായ അഴിമതി ഭരണത്തിനെതിരേ നടന്ന വിജയകരമായ ഒരു ജനകീയ വിപ്ലവത്തിന്റെ സംവിധായകന്‍ എന്ന നിലയില്‍ പ്രഥമസ്ഥാനീയനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.