2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

നീതിനിഷേധത്തിന്റെ സിനിമാകാഴ്ചകള്‍

സുനി അല്‍ഹാദി

കൂട്ടായ്മകള്‍ രൂപീകരിക്കുന്നത് അംഗങ്ങള്‍ക്കു താങ്ങും തണലുമാകാനാണ്. അനീതിക്കെതിരേ പോരാടാനാണ്. എന്നാല്‍, മലയാളസിനിമയിലെ നടീനടന്മാരുടെ കൂട്ടായ്മ എന്തിനുവേണ്ടിയുള്ളതാണെന്ന് ഇക്കഴിഞ്ഞ ജനറല്‍ ബോഡിക്കു ശേഷം അവര്‍ നടത്തിയ വാര്‍ത്താസമ്മേളനം ലൈവ് ആയി ടി.വി ചാനലുകളിലൂടെ കണ്ടപ്പോള്‍ മാത്രമാണു പൊതുജനത്തിനു മനസ്സിലായത്.
നടിയെ ആക്രമിച്ച കേസില്‍ എന്തു നിലപാടു കൈക്കൊള്ളുമെന്നറിയാന്‍ കാത്തിരുന്നവരെ കൂട്ടായ്മ നയിക്കുന്നവര്‍ നിരാശപ്പെടുത്തിയില്ല. ‘കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണല്ലോ, അതുകൊണ്ട് ഒന്നും പറയുന്നില്ല. അമിതമായി ഇടപെടുന്നുമില്ല’ എന്നായിരുന്നു വിശദീകരണം. അതേസമയം, ആരോപണവിധേയനായ ട്രഷററെ ‘വേട്ടക്കാര്‍’ക്കു മുന്നില്‍ ഇട്ടുകൊടുക്കാതെ കാക്കാന്‍ ഭാരവാഹികള്‍ കൊണ്ടുപിടിച്ചുശ്രമിക്കുകയും ചെയ്തു.

ഈ സമീപനത്തിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ നമ്മള്‍ രണ്ടു പതിറ്റാണ്ടു പിന്നിലേയ്ക്കു സഞ്ചരിക്കേണ്ടി വരും. ഒരു പ്രമുഖ നടനു സംവിധായകനില്‍ നിന്നേറ്റ അപമാനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണു കേരളത്തിലെ സിനിമാതാരങ്ങള്‍ക്കു കൂട്ടായ്മ വേണമെന്ന ചര്‍ച്ച ഉരുത്തിരിഞ്ഞത്. ഇതിനുള്ള വിപുലമായ യോഗം ചേര്‍ന്നതു 1994 മെയ് മാസത്തിലെ അവസാനത്തെ ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കു തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍.

യോഗത്തിലെ ചര്‍ച്ചകളായിരുന്നു രസകരം. സംഘടനയ്ക്കു പേരായി ‘നാട്യസംഘം’, ‘അഭിനയ’ തുടങ്ങിയവയില്‍ ഏതു വേണമെന്നതായിരുന്നു കൂലങ്കഷമായ ചര്‍ച്ച. പിന്നെ മണിക്കൂറുകളോളം ചര്‍ച്ച ചെയ്തതു പ്രവേശനഫീസായി അയ്യായിരം രൂപ വേണോ പതിനയ്യായിരം വേണോ എന്നതായിരുന്നു. ഇതും തീരുമാനിച്ച് ഒരു അഡ്‌ഹോക് കമ്മിറ്റിയുമുണ്ടാക്കി പ്രമുഖര്‍ മടങ്ങി.
തങ്ങള്‍പ്രവര്‍ത്തിക്കുന്ന മേഖലയിലെ അച്ചടക്കമോ തൊഴില്‍ സുരക്ഷിതത്വമോ ഒന്നും അന്നുമിന്നും സംഘടനയ്ക്കു മുന്നില്‍ അതീവപ്രാധാന്യമുള്ള പരിഗണനാവിഷയങ്ങളായിട്ടില്ല. സിനിമപിടിച്ചും താരനിശ നടത്തിയും ഫണ്ട് ഉണ്ടാക്കലിലും കൈനീട്ടം നല്‍കലിലും ഒതുങ്ങി രണ്ടരപതിറ്റാണ്ടു നീണ്ട പ്രവര്‍ത്തന ചരിത്രം.

രൂപീകരണത്തിന്റെ ആലോചനാഘട്ടത്തില്‍ ഒപ്പമിരുന്ന പ്രമുഖ നടന്‍ ‘ആജീവനാന്ത’പ്രസിഡന്റിനു കത്തെഴുതി; ‘എന്തിനാണ് ഇങ്ങനെയൊരു സംഘടന നിലനിര്‍ത്തുന്നത്. പിരിച്ചുവിട്ടുകൂടെ.’ എന്നു ചോദിക്കുന്നതില്‍ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. പ്രസിഡന്റാകട്ടെ ‘ചില മോശം നടികള്‍ കിടക്ക പങ്കിടുന്നുണ്ടാകാം. ബാക്കിയെല്ലാം ക്ലീന്‍ ക്ലീനാണ് ‘ എന്ന മറുപടിയിലും ഒതുക്കി തന്റെ ഉത്തരവാദിത്വം.
ഇത്തരം മോശം നടികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന നടന്മാര്‍ മോശക്കാരാണോയെന്നു വ്യക്തമാക്കിയുമില്ല. ഏതായാലും സിനിമയിലെ അവസ്ഥ സംബന്ധിച്ചു പ്രസിഡന്റ് പറയുന്നതു യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഈ രംഗത്തു പുതുതായി രൂപപ്പെട്ട സ്ത്രീകൂട്ടായ്മ തുറന്നടിക്കുകകൂടി ചെയ്തപ്പോള്‍ കാര്യങ്ങള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നു പൊതുജനത്തിനു വ്യക്തമായി.

ഏറ്റവുമൊടുവില്‍ നടിക്കു നേരേയുണ്ടായ ആക്രമണസംഭവത്തിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കുന്നതില്‍ തങ്ങള്‍ ഒട്ടും മോശമല്ലെന്നു വീണ്ടും വീണ്ടും തെളിയിക്കുകയായിരുന്നു നടീനടന്മാര്‍. സംഭവമുണ്ടായി ഒരാഴ്ചക്കകം എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ‘മെഴുകുതിരി പ്രതിജ്ഞയില്‍ തേങ്ങിയും മൂക്കുചീറ്റിയും ദുഃഖം അഭിനയിച്ചവരൊക്കെ സംഭവത്തിനുശേഷമുള്ള ആദ്യ ജനറല്‍ബോഡി യോഗത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍പോലും വനിതാ അംഗങ്ങള്‍ക്ക് അവസരം നല്‍കിയില്ല.
നടിയുടെ വിഷയമുന്നയിക്കാന്‍ ശ്രമിച്ച മറ്റൊരു നടിയോടു ഞങ്ങളെല്ലാവരും ആ നടിക്ക് ഒപ്പമുണ്ടെന്നും ഇനി ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലെന്നും പറഞ്ഞ ഭാരവാഹികള്‍ പക്ഷേ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതു നടിയുടെ കാര്യം ആരും ഉന്നയിച്ചില്ല; അതുകൊണ്ടു ചര്‍ച്ച ചെയ്തുമില്ല എന്നായിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ മൗനത്തിന്റെ വാല്‍മീകത്തില്‍ ഒളിച്ചപ്പോള്‍ ജനപ്രതിനിധികള്‍ അടക്കമുള്ള പ്രമുഖര്‍ ആരോപണവിധേയനായ നടനെ അടിമുടി സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.

ബാക്കിയുള്ള നടന്മാര്‍ കൈയടിച്ചും കൂക്കിവിളിച്ചും ഇതു പ്രോത്സാഹിപ്പിച്ചപ്പോള്‍ നടനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഓടിനടന്നു പിന്തുണകൊടുത്ത നടിയും വേദിയിലുണ്ടായിരുന്നു. സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കാനുള്ള വെപ്രാളമാണു ദൃശ്യമായത്. ജനപ്രതിനിധികളായ നടന്മാര്‍ക്കു പാര്‍ട്ടിയോടും ജനങ്ങളോടുമുള്ള ബാധ്യതപോലും ഈ വെപ്രാളത്തിനിടയില്‍ പരിഗണിക്കപ്പെടാതെപോയി.പുറത്തിറങ്ങി ജനരോഷം തിരിച്ചറിഞ്ഞപ്പോള്‍ വിശദീകരണവും മാപ്പപേക്ഷയുമായൊക്കെ ചിലര്‍ രംഗത്തുവന്നുവെന്നതു മറ്റൊരു കാര്യം.

സ്ത്രീസംവരണത്തിനും സംരക്ഷണത്തിനും വാദം ഉയര്‍ത്തുന്ന താരങ്ങളുടെ സംഘടനയിലും അനുബന്ധ മേഖലകളിലും സ്ത്രീകള്‍ക്കെത്ര പ്രാതിനിധ്യമുണ്ടെന്ന് പരിശോധിച്ചാല്‍ ബോധ്യമാകും കാപട്യത്തിന്റെ ആഴം. അവഗണനയില്‍ പൊറുതിമുട്ടിയാണു സിനിമയിലെ ഒരു പറ്റം സ്ത്രീകള്‍ ചേര്‍ന്നു വിമണ്‍ ഇന്‍ സിനിമ കലക്ട്ീവ് എന്ന സംഘടനയ്ക്കു രൂപം നല്‍കിയത്. സിനിമയ്ക്കുള്ളില്‍ മാത്രമല്ല പൊതുസമൂഹത്തോടും പ്രതിലോമപരമായാണു കാലങ്ങളായി സിനിമാക്കാര്‍ സമീപനം കൈക്കൊള്ളുന്നത്. സിനിമകളില്‍ എന്നും പരിഹാസ്യകഥാപാത്രമാകുന്നതു ന്യൂനപക്ഷങ്ങളും ദലിതുകളും മാത്രമാണ്. സിനിമയില്‍ ഉദാത്തമെന്ന് ഉയര്‍ത്തിക്കാട്ടുന്ന പല മൂല്യങ്ങളും സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ സിനിമക്കാര്‍ ശ്രദ്ധിക്കാറുമില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News