2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

നീതിക്ക് കക്ഷി, ജാതി, മത ഭേദമുണ്ടോ ?

സി.ആര്‍ നീലകണ്ഠന്‍ 94464 96332

മെത്രാന്‍ പീഡിപ്പിച്ച സംഭവത്തില്‍ ഇക്കഴിഞ്ഞ ദിവസം കന്യാസ്ത്രീകളില്‍ ചിലര്‍ ധൈര്യപൂര്‍വം രംഗത്തുവന്നതോടെ സമരത്തിന്റെ മുഖം മാറി, ജനകീയ പിന്തുണ വര്‍ധിച്ചു. അങ്ങേയറ്റത്തെ അടിമത്തത്തില്‍ കഴിയുന്നവരാണു കന്യാസ്ത്രീകള്‍. അതുകൊണ്ടു ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത് ഇതു കസ്റ്റഡിയിലെ ബലാത്സംഗമാണെന്ന രീതിയില്‍ കാണണമെന്നാണ്. നിവൃത്തികേടുകൊണ്ടാണു കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തിയത്, എല്ലാ പ്രതീക്ഷയും കൈവിട്ട ഘട്ടത്തിലെടുത്ത തീരുമാനം, ഇനിയെങ്കിലും സര്‍ക്കാര്‍ നേരായ ദിശയിലേയ്ക്കു വരുമെന്നു കരുതാമോ.

ആഴ്ചകള്‍ക്കു മുമ്പാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ഗ്രാന്‍ഡ് ജൂറി എന്ന പേരിലുള്ള വിചാരണക്കോടതി കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ മുന്നൂറിലേറെ പുരോഹിതര്‍ ആയിരക്കണക്കിനു കുട്ടികളെയും മറ്റും ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയതായി വിധിച്ചത്. ഈ പീഡനങ്ങളിലെ പ്രതികളെ പള്ളി സംരക്ഷിക്കുകയും പരമാവധി അവരെ സ്ഥലം മാറ്റുകയുമാണു ചെയ്യുന്നത്. ഈ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ‘രഹസ്യശേഖരം’ എന്ന രീതിയില്‍ ഒതുക്കപ്പെടുകയാണ്.
പുരോഹിതരുടെ പേരിലുള്ള ലൈംഗികപീഡന പരാതികള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉയര്‍ന്നു വരുന്നുണ്ട്. അടുത്തിടെയാണ് ഓസ്‌ട്രേലിയയിലെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് എഡ്വേര്‍ഡ് വിത്സണ്‍ പന്ത്രണ്ടുമാസത്തെ വീട്ടുതടങ്കലിനു ശിക്ഷിക്കപ്പെട്ടത്. ഇത്തരത്തില്‍ ഒരു കുറ്റത്തിനു ശിക്ഷിക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ബിഷപ്പാണ് അദ്ദേഹം. പതിനൊന്നു വയസ്സായ നിരവധി കുട്ടികളെ പീഡിപ്പിച്ച കേസില്‍പ്പെട്ട യു.എസിലെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ പുരോഹിതനായ വാഷിങ്ടന്‍ ഡി.സിയിലെ കര്‍ദിനാള്‍ തിയോഡോര്‍ മക്കാരിക്ക് രാജിവച്ചു പുറത്തുപോയത് ഇക്കഴിഞ്ഞ ജൂലൈയില്‍ ആണ്.
ചിലിയിലെ സഭയുടെ പ്രധാനകേന്ദ്രത്തില്‍ പൊലിസ് റെയ്ഡ് നടത്തിയത് ഇക്കഴിഞ്ഞ ആഴ്ചകളിലാണ്. അതും ലൈംഗികപീഡനക്കേസിന്റെ ഭാഗമായിത്തന്നെ. 2010ല്‍ യു.എസിലെ ഫീനിക്‌സ് കത്തോലിക്കാ ആശുപത്രിയിലെ കന്യാസ്ത്രീക്കെതിരേ അവിടുത്തെ സദാചാര സമിതി പുറത്താക്കല്‍ നടപടി സ്വീകരിച്ചത് ആരോഗ്യപരമായി അനിവാര്യമായ ഒരു സ്ത്രീക്ക് ഗര്‍ഭം അലസിപ്പിക്കല്‍ നടത്തിയെന്ന കുറ്റമാരോപിച്ചാണ്. ആ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അവര്‍ മരിക്കുമായിരുന്നുവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് അങ്ങനെ ചെയ്തതെന്ന വസ്തുതപോലും പരിഗണിക്കാതെ ഇങ്ങനെയൊരു നടപടി സ്വീകരിച്ചവരാണ് ഇത്രയധികം ലൈംഗികപീഡനങ്ങള്‍ നടക്കുമ്പോഴും പ്രതികളെ സംരക്ഷിക്കുന്നത്.
പെന്‍സില്‍വാനിയയിലെ കോടതി 900 പേജുള്ള ആ വിധിന്യായം പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും തങ്ങളും ഇതേ പീഡനങ്ങള്‍ക്കിരയായിട്ടുണ്ടെന്ന പരാതിയുമായി നിരവധി പേര്‍ മുന്നോട്ടുവന്നെന്നു ജൂറി തന്നെ വെളിപ്പെടുത്തി.
ഇക്കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെട്ട മാര്‍പാപ്പ പരസ്യമായി രംഗത്തു വന്നു. തന്റെ തിങ്കളാഴ്ചക്കുറിപ്പില്‍ ഇത്തരം അനീതികള്‍ അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്ന് അദ്ദേഹം തുറന്നെഴുതി. ‘സ്വര്‍ഗത്തോളമെത്തുന്ന ഈ ഇരകളുടെ ഹൃദയഭേദകമായ നിലവിളികള്‍ ദീര്‍ഘകാലമായി അവഗണിക്കപ്പെടുകയോ അവര്‍ നിശ്ശബ്ദരാക്കപ്പെടുകയോ ആയിരുന്നു. അവരെ നിശ്ശബ്ദരാക്കുന്നവരുടെയോ അവരുടെ പരാതികള്‍ നിസ്സാരമായി തള്ളിയവരുടെയോ ശക്തിയുടെ പല മടങ്ങാണ് അവരുടെ നിലവിളികളുടെ ശക്തി. അവരുടെ ശബ്ദം ദൈവം കേള്‍ക്കുകയും ഇതില്‍ ആരോടോപ്പമാണു താനെന്നു തുറന്നു പറയുകയും ചെയ്യന്നു.’
പെന്‍സില്‍വാനിയ വിധിയെക്കുറിച്ചുള്ള വ്യക്തമായ നിലപാടാണിത്.
പള്ളിയുടെ തന്നെ രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരത്തിലധികം പേരെ പീഡിപ്പിച്ച മുന്നൂറോളം പുരോഹിതരെ കണ്ടെത്തിയിട്ടുണ്ട് പെന്‍സില്‍വാനിയ കോടതി. മിക്ക സംഭവങ്ങളിലും സഭ പ്രതികള്‍ക്കൊപ്പം നിന്ന് ഇരകളെ ഭീഷണപ്പെടുത്തിയും ഒതുക്കുകയുമായിരുന്നു. ഇവരെ മെരുക്കാനും ഒതുക്കാനും മദ്യവും ലൈംഗികചിത്രങ്ങളും വരെ ഉപയോഗിച്ചു. ഇവര്‍ ചെയ്ത വിവിധ പീഡനവിവരങ്ങള്‍ വിധിയിലുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ ഏറെ വിവാദമായി വളര്‍ന്നുവന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഈ വിവരങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. അദ്ദേഹം കുറ്റവാളിയാണോ അല്ലയോയെന്നു തീരുമാനിക്കാനുള്ള അധികാരം നീതിന്യായ സംവിധാനങ്ങള്‍ക്കാണ്. പക്ഷേ, അതു കണ്ടെത്തി തെളിയിക്കേണ്ട ചുമതല സംസ്ഥാനത്തെ പൊലിസ് സംവിധാനത്തിനാണ്.
ഇത്തരമൊരു ആരോപണമുണ്ടാകുമ്പോള്‍ സഭയും സര്‍ക്കാരും രാഷ്ട്രീയകക്ഷികളും പൊതുസമൂഹത്തിലെ പൗരന്മാരുമെടുക്കുന്ന സമീപനം പ്രസക്തമാണ്. സഭയിലെ മുമ്പു പറഞ്ഞ പ്രശ്‌നങ്ങള്‍ക്കടക്കം കാരണമാകുന്നത് അതിന്റെ ഇരുട്ടറ സ്വഭാവമാണ്. ഒട്ടും ജനാധിപത്യപരമല്ലാത്ത അതിന്റെ ഘടന ഇന്നത്തെ തുറന്നലോകത്തിനു ചേര്‍ന്നതല്ല. അങ്ങനെ അധികകാലം ഒരു പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല.
അരനൂറ്റാണ്ടു മുമ്പുവരെ സഭയുടെ പ്രതിനിധികളായ പുരോഹിതന്മാര്‍ പറയുന്നതിനെ ചോദ്യം ചെയ്യാതെ അംഗീകരിച്ച വിശ്വാസിസമൂഹമുണ്ടായിരുന്നു. ഇന്നു വിശ്വാസികള്‍ സ്വയം കാര്യങ്ങളറിയാന്‍ കെല്‍പ്പുള്ളവരാണ്. അതിനവര്‍ക്കു നിരവധി മാര്‍ഗങ്ങളുമുണ്ട്. പാശ്ചാത്യസമൂഹങ്ങളില്‍ സംഭവിച്ചതും ഇതാണ്. ഇന്നു സഭയിലുള്ളവരുടെ വിശ്വാസത്തിനു കാര്യമായ ഇടിവുപറ്റിയിരിക്കുന്നു. വിവാഹം, വിവാഹമോചനം, ഗര്‍ഭമലസിപ്പിക്കല്‍ തുടങ്ങിയ വ്യക്തിഗതമേഖലകളില്‍ സഭയ്ക്കുള്ള നിയന്ത്രണം ഏതാണ്ടു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും പള്ളിയിലെത്തുന്നവരില്‍ മഹാഭൂരിപക്ഷവും വൃദ്ധരാണ്. പുരോഹിതനോ കന്യാസ്ത്രീയോ ആകാന്‍ ആളെ കിട്ടാതായിരിക്കുന്നു. ആ പ്രവൃത്തിക്കു യോജിക്കാത്തവര്‍ അതിലെത്തിപ്പെട്ടാലുള്ള ദുര്യോഗം ചെറുതല്ല.
സഭ ഇന്ന് ഏറ്റവും സമ്പന്നമായ സ്ഥാപനങ്ങളിലൊന്നാണെന്ന വസ്തുതയും പ്രധാനമാണ്. ആ സമ്പത്ത് സംരക്ഷിക്കാന്‍ ഭരണകൂടങ്ങളുടെ സഹായം വേണം. അതിനായി ഏതറ്റംവരെ പോകാനും അവര്‍ തയ്യാറാകും. കേരളത്തില്‍ മുന്‍കാലങ്ങളില്‍ സഭയ്‌ക്കെതിരായ, ഏതെങ്കിലും പുരോഹിതനെതിരായ ആരോപണം പോലും വിരളമായിരുന്നു. ഒരു മൈനത്തരുവി കേസ് വന്നപ്പോള്‍ മഹാ ഭൂരിപക്ഷം വിശ്വാസികളും ആ പുരോഹിതന്‍ കുറ്റക്കാരനാകില്ലെന്നു കരുതിയിരുന്നു.
പക്ഷേ, പിന്നീട് ഒട്ടേറെ പരാതികളും കേസുകളും പുരോഹിതര്‍ക്കെതിരേ വന്നു. അഭയ കേസ് അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്, ഇപ്പോഴും തീര്‍പ്പായിട്ടില്ല. സഭയ്ക്കകത്തു നിന്നു തന്നെ പല പുരോഹിതന്മാരും കന്യാസ്ത്രീകളും പുറത്തുവന്നു സത്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. സമ്പത്തുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ദീപിക പത്രത്തിന്റെ ഉടമസ്ഥാവകാശം വീണ്ടെടുക്കാനെന്ന പേരിലുണ്ടായ ഇടപാടുകള്‍ അത്ര പഴയതാണ്. സഭ നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചും നിരവധി എതിര്‍പ്പുകളുണ്ടായി.
ഏറ്റവുമൊടുവില്‍ അങ്കമാലി എറണാകുളം അതിരൂപതയുടെ വിവാദ ഭൂമിയിടപാടുകളിലെ ദുരൂഹതകളും തട്ടിപ്പുകളും പുറത്തുവന്നു. ഗാഡ്ഗില്‍ അടക്കമുള്ള പാരിസ്ഥിതികവിഷയങ്ങളില്‍ സഭയില്‍ ഒരു വിഭാഗം അതിശക്തമായി നിന്നത് അങ്ങേയറ്റം ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായിട്ടാണ്. ലോകമെന്ന ഒരേയൊരു ഭവനം സംരക്ഷിക്കാനുള്ള ആഹ്വാനവുമായി ഇപ്പോഴത്തെ മാര്‍പാപ്പ ചാക്രിക ലേഖനമിറക്കിയപ്പോള്‍ കേരളത്തിലെ പല ബിഷപ്പുമാരും അതിന് എതിര്‍ദിശയിലാണു പ്രവര്‍ത്തിച്ചത്. അതിന്റെ പിന്നില്‍ വ്യക്തമായ സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടായിരുന്നു എന്നതു രഹസ്യമല്ല.
ഈ സാഹചര്യത്തിലാണു ഫ്രാങ്കോ മുളയ്ക്കലിനെതിരേ ഒരു കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങളെ കാണേണ്ടത്. പൊതുസമൂഹത്തിനു മുന്നില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകളുണ്ട്. സഭയിലെ ഉന്നതരില്‍ മഹാഭൂരിപക്ഷവും ബിഷപ്പിനൊപ്പം നില്‍ക്കുന്നതില്‍ അത്ഭുതമില്ല. അത് അവരുടെ കടമയാണ്. സഭയ്ക്കു ക്ഷീണമുണ്ടാകുന്നതൊന്നും തങ്ങള്‍ ചെയ്തുകൂടാ എന്നാണവരുടെ വിശ്വാസം.
പക്ഷേ, നിയമം നടപ്പാക്കാനും അനുസരിക്കാനും ബാധ്യതപ്പെട്ട സര്‍ക്കാരാണു പ്രതിക്കൂട്ടിലാകുന്നത്, ഒപ്പം ജനാധിപത്യത്തിന്റെ കാവലാളുകള്‍ എന്ന് അവകാശപ്പെടുന്ന ഭരണ, പ്രതിപക്ഷ കക്ഷികളും. ഈ പരാതി പൊലിസിന്റെ കൈയിലെത്തിയിട്ടു രണ്ടരമാസത്തിലേറെയായി. അതിനുമുമ്പ്, സഭയിലെ ഉന്നതരെ താന്‍ സമീപിച്ചുവെന്നും അവരില്‍ നിന്നു നീതി കിട്ടിയില്ലെന്നും കന്യാസ്ത്രീ പറയുന്നു.
പൊലിസിന്റെ സമീപനം തീര്‍ത്തും തെറ്റായിരുന്നുവെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ അടുത്തകാലത്ത് ഏറെ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. കേരളത്തില്‍ത്തന്നെ ഒരു പ്രമുഖ സിനിമാതാരവും ഒരു ജനപ്രതിനിധിയും സമാനസാഹചര്യത്തില്‍ പ്രതികളാക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്കുപോലും കിട്ടാത്ത സൗജന്യം ഈ ബിഷപ്പിനു കിട്ടുന്നുവെന്നു കാണുമ്പോള്‍ ആരും പ്രതിഷേധിക്കും. അതാണിവിടെ ഉണ്ടായത്.
ഹൈക്കോടതിയിലെ മുന്‍ ന്യായാധിപനായ ജസ്റ്റിസ് കെമാല്‍ പാഷ ഉയര്‍ത്തിയ ന്യായമായ സംശയങ്ങള്‍ നമുക്കെല്ലാമുള്ളതാണ്. ഈ കേസില്‍ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പ്രതി കുറ്റം ചെയ്തതായി കാണുന്നുവെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഇത്ര പോലും ആവശ്യമില്ല പ്രതിയെ അറസ്റ്റ് ചെയ്യാന്‍. പ്രതിക്കു വേണ്ടി തെളിവു നശിപ്പിക്കാനും പരാതിക്കാരിയെക്കൊണ്ടു കേസ് പിന്‍വലിപ്പിക്കാനും ചിലര്‍ ശ്രമിച്ചുവെന്നതിനും പൊലിസിന്റെ പക്കല്‍ തെളിവുണ്ട്.
പ്രതി ഉന്നതസ്ഥാനത്തിരിക്കുന്ന ആളായതിനാല്‍ അന്വേഷണം അട്ടിമറിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നു സംശയമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്തു തടവിലിടുന്നതാണു സാധാരണ രീതി. പക്ഷേ, ഇവിടെ ഡി.ജി.പി തന്നെ പറയുന്നു, കേസന്വേഷണം അന്തിമഘട്ടത്തിലാണെന്ന്. ഇതുവരെ പ്രതിയെ കൊണ്ടുവന്നു ചോദ്യം ചെയ്തിട്ടില്ല. പൊലിസ് അങ്ങോട്ടു ചെന്നു സുഖവിവരം അന്വേഷിക്കുക മാത്രമാണു ചെയ്തത്.
പൊലിസ് ചെന്നപ്പോള്‍ അവിടെയുണ്ടായ പ്രതികരണങ്ങളും ശുഭകരമല്ല. പൊലിസ് എത്തിയപ്പോള്‍ പ്രതി മറ്റൊരു വഴിക്കു സ്ഥലം വിട്ടു. പിന്നെ മണിക്കൂറുകള്‍ കാത്തിരുന്നും കാലുപിടിച്ചുമാണ് പ്രതിയെ മുഖം കാണിക്കാന്‍ പൊലിസിന് അവസരം ലഭിച്ചത്. പോയപോലെ പൊലിസ് തിരിച്ചു വരികയും ചെയ്തു.
ഇങ്ങനെയൊരു കേസുണ്ടായാല്‍ പ്രതിയുടെ ലൈംഗികശേഷി പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്നു കെമാല്‍ പാഷ പറയുന്നു. ഇവിടെ അതൊന്നും നടന്നിട്ടില്ല. പിന്നെങ്ങനെയാണ് അന്വേഷണം അന്തിമ ഘട്ടത്തിലാവുന്നത്. സിനിമാനടനേക്കാളും എം.എല്‍.എയേക്കാളും സ്വാധീനമുള്ള പ്രതിയെങ്ങനെ സ്വതന്ത്രനായി വിഹരിക്കുന്നു.
ഇങ്ങനെയൊരു കേസു വന്നാല്‍, സ്വാഭാവികമായും എല്ലാ പ്രതികളും (പ്രതിയായേക്കുമെന്നു സംശയിക്കുന്നവരും) മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഇവിടെ അതൊന്നുമുണ്ടായില്ല. കാരണം വ്യക്തം. ഇത്തരമൊരു കേസില്‍ ഒരു കോടതിയും മുന്‍കൂര്‍ ജാമ്യം നല്‍കില്ല. ഇവിടെയാണു വ്യക്തമായ ഒത്തുകളി എന്ന റിട്ടയേഡ് ജഡ്ജിയുടെ പ്രസ്താവന പ്രസക്തമാകുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ വന്നാല്‍ പൊലിസിന്റെ അഥവാ സര്‍ക്കാരിന്റെ നിലപാട് കോടതി ചോദിക്കും. അതൊരിക്കലും, പരസ്യമായി പ്രതിക്ക് അനുകൂലമാക്കാന്‍ കഴിയില്ല.
ഇക്കാര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാടെടുക്കുന്നത് എന്തുകൊണ്ട്. വലതുപക്ഷക്കാര്‍ എന്നും ജാതി, മത ശക്തികളെ പ്രീണിപ്പിക്കുന്നവരാണ് എന്ന് കരുതാം. സ്ത്രീസുരക്ഷ തങ്ങളുടെ ഏറ്റവും പ്രധാന അജന്‍ഡയാണെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണു പിണറായി വിജയന്‍. പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കു പൊലിസിനെ സമീപിക്കാന്‍ ധൈര്യം നല്‍കുന്ന സര്‍ക്കാരെന്നു ഫേസ് ബുക്കില്‍ എഴുതിയാല്‍ മതിയോ.
ഇവിടെയൊരു സഹോദരി രണ്ടരമാസമായി പരാതി നല്‍കിയിട്ട്. എന്നിട്ടും ഇന്നും കേസിലെ പ്രതിയെ വേണ്ടരീതിയില്‍ ചോദ്യം ചെയ്തിട്ടില്ല. അതേസമയം, ഇരയെ ആറേഴു വട്ടം ചോദ്യം ചെയ്തു. കേസില്‍ നിന്നു പിന്മാറിക്കാനുള്ള സമ്മര്‍ദമുണ്ടായി. എന്തുകൊണ്ടാണിത്. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താല്‍ വിശ്വാസികളുടെ വോട്ട് കിട്ടില്ലെന്നു ഭയന്നാണോ.
സര്‍ക്കാരിനെ അടിക്കാനുള്ള നല്ല വടിയായിട്ടും പ്രതിപക്ഷം ഒളിച്ചുകളിക്കുന്നതും ഇതുകൊണ്ടല്ലേ. എന്തിന്, ന്യൂനപക്ഷ പ്രീണനമെന്നു നാഴികയ്ക്കു നാല്‍പ്പതു വട്ടം പരാതി പറയുന്ന ബി.ജെ.പി പോലും ബിഷപ്പ് പീഡിപ്പിച്ച സംഭവത്തില്‍ നിശ്ശബ്ദരാണ്. വോട്ടിനപ്പുറം ചില താല്‍പ്പര്യങ്ങളില്ലേയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.
ഒന്നുരണ്ടു പതിറ്റാണ്ടായി കേരളത്തില്‍ കാണുന്ന ഒരു രീതിയുണ്ട്, ഇത്തരം ജനകീയവിഷയങ്ങളിലൊന്നും മുഖ്യധാരക്കാര്‍ ആദ്യം ഇടപെടില്ല. എങ്ങും തൊടാതെ നില്‍ക്കും. ചെറിയസംഘടനകള്‍ വികേന്ദ്രീകൃതമായ രീതിയില്‍ സമരം ഉയര്‍ത്തിക്കൊണ്ടുവരികയും അതിനു മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ കിട്ടുകയും ചെയ്യുമ്പോള്‍ ഇവരെല്ലാം ഓടിക്കൂടി മുതലെടുപ്പു നടത്തും.
മെത്രാന്‍ പീഡിപ്പിച്ച സംഭവത്തില്‍ ഇക്കഴിഞ്ഞ ദിവസം കന്യാസ്ത്രീകളില്‍ ചിലര്‍ ധൈര്യപൂര്‍വം രംഗത്തുവന്നതോടെ സമരത്തിന്റെ മുഖം മാറി, ജനകീയ പിന്തുണ വര്‍ധിച്ചു. അങ്ങേയറ്റത്തെ അടിമത്തത്തില്‍ കഴിയുന്നവരാണു കന്യാസ്ത്രീകള്‍. അതുകൊണ്ടു ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞത് ഇതു കസ്റ്റഡിയിലെ ബലാത്സംഗമാണെന്ന രീതിയില്‍ കാണണമെന്നാണ്. നിവൃത്തികേടുകൊണ്ടാണു കന്യാസ്ത്രീകള്‍ സമരപ്പന്തലിലെത്തിയത്, എല്ലാ പ്രതീക്ഷയും കൈവിട്ട ഘട്ടത്തിലെടുത്ത തീരുമാനം, ഇനിയെങ്കിലും സര്‍ക്കാര്‍ നേരായ ദിശയിലേയ്ക്കു വരുമെന്നു കരുതാമോ.
ഇതിനിടയില്‍ ഭരണപക്ഷത്തെ ഒരു എം.എല്‍.എയ്‌ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അവിടെ പാര്‍ട്ടിക്കാണു പരാതി കിട്ടിയതെന്നും അതിനാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കുമെന്നുമുള്ള ദുര്‍ബല വാദമാണു സി.പി.എം ഉന്നയിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കു പൊലിസില്‍ പരാതിപ്പെടാന്‍ ധൈര്യം നല്‍കലാണു തന്റെ ഭരണത്തിന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ഈ വാഗ്ദാനം സ്വന്തം പാര്‍ട്ടിയിലെ വനിതയുടെ കാര്യത്തിലെങ്കിലും പാലിക്കുമോയെന്നു നാമൊക്കെ ഉറ്റുനോക്കുകയാണ്. ഇവയൊക്കെ കേവലം കക്ഷിരാഷ്ട്രീയ ചര്‍ച്ചകളില്‍ നിര്‍ത്തിയാല്‍ നഷ്ടമാകുന്നതു നീതിയാണ്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.