
പയ്യന്നൂര്‍: ഒന്നരയേക്കറില്‍ വിളഞ്ഞുനില്‍ക്കുന്ന റമ്പൂട്ടാനുകള്‍ തെളിയിക്കും കണ്ടോത്ത് കിസാന്‍ ഗ്രൗണ്ടിന് സമീപത്തെ ബേബിയുടെ അധ്വാനം. വിദേശ രാജ്യങ്ങളില്‍ നോമ്പുതുറ വിഭവങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പഴമാണ് റമ്പൂട്ടാന്‍. പത്ത് വര്‍ഷം മുന്‍പ് വിപണിയില്‍നിന്ന് ഉയര്‍ന്ന വില നല്‍കിയാണ് ബേബി ഒരു കിലോ റമ്പൂട്ടാന്‍ പഴങ്ങള്‍ വാങ്ങിയത്. അന്ന് മനസില്‍ ഉദിച്ചതാണ് റമ്പൂട്ടാന്‍ തോട്ടമെന്ന ആശയം. മണ്ണിനെയും കൃഷിയേയും കുറ്റം പറയാതെ മണ്ണിനെ സ്നേഹിക്കുകയും കഠിനാധ്വാനം ചെയ്യുന്നവരെയും മണ്ണ് കൈവിടില്ലെന്നതിന്റെ ഉത്തമ വിശ്വാസമാണ് ബേബിയെ റമ്പൂട്ടാന്‍ കൃഷിയില്‍ നിലനിര്‍ത്തുന്നത്.
ഇപ്പോള്‍ കടും നിറത്തിലുള്ള ബലം കുറഞ്ഞ മുള്ളുകളോടുകൂടി തൂങ്ങി നില്ക്കുന്ന റമ്പൂട്ടന്‍ പഴങ്ങള്‍ നിറഞ്ഞുനില്ക്കുന്ന തോട്ടം കാണുന്നവര്‍ക്കെല്ലാം കൗതുകമാണ്. മൂന്ന് തരത്തിലുള്ള റമ്പൂട്ടാന്‍ പഴങ്ങളാണ് ബേബിയുടെ തോട്ടത്തില്‍ വിളഞ്ഞുനില്ക്കുന്നത്. ചുവപ്പ് നിറത്തിലുള്ള രണ്ടുതരവും മഞ്ഞയും. മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ക്കാണ് സ്വാദ് കൂടുതല്‍. പഴത്തിന്റെ ഏറെ ഔഷധ ഗുണങ്ങളുള്ള കുരുവും കഴിക്കാവുന്നതാണ്.
പൂര്‍ണമായും ജൈവ വളം മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കായകള്‍ക്ക് വലുപ്പം കൂട്ടാന്‍ കീടനാശികളൊന്നും തന്നെ ഇദ്ദേഹം ഉപയോഗിക്കുന്നില്ല. ഇപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും ബേബിയുടെ റമ്പൂട്ടാന്‍ ആവശ്യക്കാര്‍ ഏറെയാണ്. വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രമാണ് റമ്പൂട്ടാന്‍ കായ്ക്കുന്നത്. നോമ്പുകാലത്ത് പ്രാദേശിക മാര്‍ക്കറ്റില്‍തന്നെ ബേബിയുടെ റമ്പൂട്ടാന്‍ പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. കിലോഗ്രാമിന് അഞ്ഞൂറ് രൂപ മുതലാണ് റമ്പൂട്ടാന്‍ വില. കൃഷിയില്‍ തന്നെ സഹായിക്കുന്നതിനായി ഭാര്യ സ്റ്റാര്മിയും മക്കളായ വിക്ടര്‍ ബേബിയും ചാള്‍സ് ബേബിയും കൂടെയുണ്ട്. കടകളില്‍ പ്ലംബിങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനിടയിലുള്ള സമയമാണ് ബേബി കൃഷിക്കായി ഉപയോഗിക്കുന്നത്. സ്വാദും ഔഷധ ഗുണവുമറിഞ്ഞതോടെ നമ്മുടെ നാട്ടിലും റമ്പൂട്ടാന്‍ ഇപ്പോള്‍ ഏറെ പ്രിയമുള്ളതായി മാറിയിട്ടുണ്ട്.