2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

നിലപാട് മാറ്റി ഇന്ത്യ: യു.എന്നില്‍ ഇസ്‌റാഈലിന് അനുകൂലമായി വോട്ട് ചെയ്തു

 

യുനൈറ്റഡ് നാഷന്‍സ്: യു.എന്നില്‍ കാലങ്ങളായി സ്വീകരിച്ചുവരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌റാഈലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യു.എന്നിന്റെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ (ഇ.സി.ഒ.എസ്.ഒ.സി) ജൂണ്‍ ആറിന് നടന്ന വോട്ടെടുപ്പിലാണ് ഇന്ത്യ ഫലസ്തീനെതിരേ വോട്ട് ചെയ്തത്.

ഫലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ ശാഹദിന് ഇ.സി.ഒ.സി.ഒ.സിയില്‍ നിരീക്ഷണ പദവി ലഭിക്കുന്നതിനെതിരേ ഇസ്‌റാഈല്‍ കൊണ്ടുവന്ന പ്രമേയമാണ് ഇന്ത്യ പിന്തുണച്ചത്. പടിഞ്ഞാറന്‍ ഏഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ദ്വിരാഷ്ട്ര വാദത്തെ ദശകങ്ങളായി പിന്തുണച്ചിരുന്ന നിലപാടില്‍ ഇന്ത്യ ആദ്യമായാണ് വ്യതിചലിക്കുന്നത്. യു.എസ്, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ജപ്പാന്‍, യു.കെ, ദക്ഷിണകൊറിയ തുടങ്ങിയ 28 രാജ്യങ്ങള്‍ ഇസ്‌റാഈലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ചൈന, റഷ്യ, സഊദി ഉള്‍പ്പെടെയുള്ളവ 14 രാജ്യങ്ങള്‍ ഫലസ്തീനെ അനുകൂലിച്ചു. കൗണ്‍സിലില്‍ ആകെ 48 അംഗങ്ങളാണുള്ളത്.

യു.എന്നില്‍ ഒപ്പം നിന്ന മോദി സര്‍ക്കാരിന് ഇസ്‌റാഈല്‍ നന്ദി അറിയിച്ചു. ഏഷ്യ ഗ്രൂപ്പില്‍നിന്ന് ആദ്യമായി തങ്ങളെ പിന്തുണച്ചത് ഇന്ത്യയാണെന്നും ഇത് മികച്ച സൂചനയാണെന്നും ഇന്ത്യയിലെ ഇസ്‌റാഈല്‍ എംബസി ഡെപ്യൂട്ടി ചീഫ് മായ കദോഷ് ട്വീറ്റ് ചെയ്തു.
ലെബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ശാഹദ്. ഫലസ്തീനികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഹമാസുമായി ബന്ധമുള്ളതിനാല്‍ തീവ്രവാദി സംഘടനയായിട്ടാണ് ശാഹദിനെ ഇസ്‌റാഈല്‍ വിലയിരുത്തുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.