2017 August 19 Saturday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

നിലപാടില്‍ വ്യക്തതയുള്ള നേതാവ്

പി.കെ കുഞ്ഞാലിക്കുട്ടി

കോട്ടുമല അബൂബകര്‍ മുസ്‌ലിയാരുടെ മകനെന്ന നിലയ്ക്കു തുടങ്ങിയതാണ് ബാപ്പുമുസ്‌ലിയാരുമായുള്ള ബന്ധം. സമസ്തയുടെ സമുന്നതനേതാവായി മാറിയപ്പോഴും ആഹൃദയ ബന്ധം തുടര്‍ന്നു. സമസ്തയുടെ തലപ്പത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു കോ ഓര്‍ഡിനേഷന്റെ കണ്ണിയായിരുന്നു.

അനവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടിരുന്നു. വളരെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. നിലപാടുകളിലും പ്രവര്‍ത്തനരംഗത്തും അദ്ദേഹം അതു തെളിയിച്ചു. അങ്ങനെയുള്ള ഒരു നേതാവിന്റെ വിയോഗമാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ നഷ്ടം മുസ്്‌ലിംലീഗിനും വലിയ നഷ്ടംതന്നെയാണ്.

മികച്ച സംഘാടകനായിരുന്നു ബാപ്പു മുസ്‌ലിയാര്‍. സമസ്തയുടെ 85 ാം വാര്‍ഷികസമ്മേളനം കൂരിയാട് നടന്നപ്പോഴും 90 ാം വാര്‍ഷികം ആലപ്പുഴ നടന്നപ്പോഴും അദ്ദേഹത്തിന്റെ നേതൃപാടവം പ്രകടമായി. സമസ്ത പ്രതിസന്ധികള്‍ നേരിട്ട സന്നിഗ്ധഘട്ടങ്ങളില്‍ അദ്ദേഹം കാണിച്ച മനോധൈര്യം വളരെ വലുതായിരുന്നു. രാഷ്ട്രീയമായി ഇടപെടല്‍ ആവശ്യമായ ഘട്ടങ്ങളില്‍ അദ്ദേഹം ഇടപെട്ടു, വളരെ നയപരമായി.

അദ്ദേഹം ഏറ്റെടുക്കുന്ന പരിപാടികള്‍ കൃത്യമായി നിര്‍വഹിക്കുന്നതില്‍ എന്നും മുമ്പിലായിരുന്നു. ഹജ്ജ് കമ്മിറ്റിയുടെ സുവര്‍ണകാലമായിരുന്നു ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി അദ്ദേഹം നിലകൊണ്ട കാലം. മുമ്പ് ഞാന്‍ ഹജ്ജ് മന്ത്രിയായി മൂന്നുതവണ നിലനിന്നിട്ടുണ്ട്. എല്ലാ കൊല്ലങ്ങളിലും എന്തെങ്കിലുമൊക്കെ പരാതിയുണ്ടാകാറുണ്ട്. എന്നാല്‍, അവസാന ടേം അദ്ദേഹത്തിന്റെ മികവുകൊണ്ടു പ്രശംസ നേടിയെടുക്കാവുന്നതായി.
ഒരു പരാതിയും യാത്രയെക്കുറിച്ചോ തമസസൗകര്യത്തെക്കുറിച്ചോ ഉയര്‍ന്നുവന്നില്ല. ഹജ്ജ് ക്യാംപ് കൊച്ചിയിലേയ്ക്കു മാറ്റിയപ്പോള്‍ ഞങ്ങളൊക്കെ ആശങ്കപ്പെട്ടിരുന്നെങ്കിലും കരിപ്പൂരിനേക്കാള്‍ ഉഷാറായി അതു മാറുന്നതാണു കണ്ടത്. ഇതദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് ഒന്നുകൊണ്ടു മാത്രമായിരുന്നു. അക്കാലത്ത് താമസം തന്നെ എരണാകുളത്തേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ ആത്മാര്‍ഥതയ്ക്ക് തെളിവാണ്.

സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്്, ജാമിഅ നൂരിയ്യ, കടമേരി റഹ്്മാനിയ്യ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കര്‍മനിരതനായി. ജാമിഅയുടെ കീഴില്‍ സ്ഥാപിതമായ എം.ഇ.എ എന്‍ജിനീയറിങ് കോളജിനെ ഉന്നതികളിലെത്തിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സഹായകമായി. ഇന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും എം.ഇ.എയില്‍ അഡ്മിഷന് കൊതിക്കുകയാണ്.

പാണക്കാട് കുടുംബവുമായി അദ്ദേഹത്തിനു വളരെ ദൃഢമായ ബന്ധമാണുണ്ടായിരുന്നത്. ഒരേസമയം രാഷ്ട്രീയവും മതസംഘടനകളുടെ പ്രവര്‍ത്തനങ്ങളും ഏകീകരിക്കല്‍ അത്ര എളുപ്പമല്ല. ആശയപരമായി ഭിന്നാഭിപ്രായമുള്ളവരെ സമന്വയത്തിലെത്തിക്കല്‍ പലഘട്ടങ്ങളിലും വെല്ലുവിളിയാണ്. ഇത്തരം ഘട്ടങ്ങളില്‍ അദ്ദേഹം കാണിച്ച മെയ്‌വഴക്കം ഞങ്ങള്‍ക്കൊക്കെ പലപ്പോഴും സഹായകമായിട്ടുണ്ട്. കാര്‍ക്കശ്യമുള്ള, അതേസമയം നയപരമായ നിലപാടെടുക്കാന്‍ കഴിവുള്ള ശക്തനായ നേതാവിന്റെ ആവശ്യം ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് ബാപ്പു മുസ്്‌ലിയാരുടെ വിയോഗം. സര്‍വശക്തന്‍ അദ്ദേഹത്തിന് ഉന്നതപദവി നല്‍കട്ടെ, ആമീന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.