2017 March 28 Tuesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

നിറയട്ടെ ജൈവ ഭക്ഷ്യകേന്ദ്രങ്ങള്‍

സി. ബാലകൃഷ്ണന്‍ ചക്കരക്കുളമ്പ്, മണ്ണാര്‍ക്കാട്

ആരോഗ്യത്തിന്റെ കേന്ദ്രബിന്ദു ആശുപത്രികളല്ല, അടുക്കളയാണെന്ന ഫീച്ചര്‍ വായിച്ചു. അന്‍പതു വര്‍ഷം മുന്‍പ് തേക്കിലയിലും വട്ടയിലയിലും അപൂര്‍വം ചില സാധനങ്ങള്‍ കടലാസിലും പൊതിഞ്ഞുവാങ്ങി തുണിസഞ്ചിയിലോ വട്ടികളിലോ കുട്ടകളിലോ വീടുകളിലെത്തിക്കാറാണു പതിവ്. രാസവളമില്ല. കീടനാശിനികളില്ല. പ്ലാസ്റ്റിക്കില്ല. ഗ്യാസില്ല. ഇലക്ട്രിക് ഉപകരണങ്ങളോ നാമമാത്രം. ചാണകവും ചാരവും പച്ചയിലയും കരിയിലയും മാത്രം വളമാക്കിയ വയലേലകളില്‍ നൂറുമേനി വിളയുന്ന നാടന്‍ നെല്ലിനങ്ങള്‍. പുഴുങ്ങിയുണക്കി കുത്തിയെടുത്ത അരി വിറകടുപ്പിലെ മണ്‍കലത്തില്‍ കിടന്നു തിളച്ചാല്‍ കൊതിപ്പിക്കുന്ന ഗന്ധം അകലെ നിന്നുപോലും ആസ്വദിക്കാമായിരുന്നു. വെന്തുപാകമായ ആ കഞ്ഞി പ്ലാവില കുത്തിയതുകൊണ്ടു കോരിക്കുടിക്കാന്‍ ഏതാനും ഉപ്പുകല്ലുകള്‍ മാത്രം മതിയായിരുന്നു.
നെല്‍കൃഷിക്കുള്ള വളമുപയോഗിച്ചുതന്നെ വിളയിച്ചെടുത്ത പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ചാമയും മുതിരയും ഉഴുന്നും എള്ളും ചോളവും തുവരയുമെല്ലാം ഭക്ഷണവിഭവങ്ങളാകുമ്പോള്‍ അത്യാവശ്യ പലവ്യഞ്ജനങ്ങള്‍ മാത്രമാണ് കടകളില്‍ നിന്നു വാങ്ങിയിരുന്നത്. അവയോ മായത്തിന്റെ കണികപോലുമില്ലാത്തവ. പച്ചവെള്ളത്തില്‍പോലും മായത്തിന്റെ അതിപ്രസരം നടക്കുന്ന ഇക്കാലത്ത് ഭക്ഷണം തന്നെ വന്‍തോതില്‍ ഉപയോഗശൂന്യമാക്കി കളയുമ്പോള്‍ അന്നത്തെ കഞ്ഞിവെള്ളം പോലും അമൃതായിരുന്നു.
കാലം മാറി. ലാഭമെന്ന രണ്ടക്ഷരത്തില്‍ കുരുങ്ങി സര്‍വം മായമയമായി ഇന്നു നമ്മുടെ ജീവിതം. പറഞ്ഞു തീരാത്ത പുരോഗതിക്കൊപ്പം എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളും നമുക്കിന്നു സ്വന്തം. മാരകരോഗം വിളിച്ചുവരുത്തുന്ന ഭക്ഷണരീതിയില്‍ നിന്നു പിന്‍മാറിയേ പറ്റൂ. ജൈവ ഭക്ഷണമൊരുക്കി രോഗങ്ങളില്‍ നിന്നു ജനത്തെ അകറ്റിനിര്‍ത്തുന്ന സുമനസുകളെപ്പോലുള്ളവര്‍ നാട്ടിലുടനീളം ജൈവഭക്ഷ്യ സ്റ്റാളുകള്‍ തുടങ്ങി മാതൃക കാണിക്കട്ടെ. വിലയേറിയ ഫീച്ചര്‍ കാഴ്ചവച്ച ഞായര്‍ പ്രഭാതത്തിനും ലേഖകനും ഹൃദയം നിറഞ്ഞ നന്ദി.