2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

Editorial

നിര്‍വാഹക സമിതിയിലെ അങ്കലാപ്പ്


 

പതിവില്‍നിന്നു വ്യത്യസ്തമായി നിരുന്മേഷത്തോടെയാണു രണ്ടു ദിവസത്തെ ബി.ജെ.പി നിര്‍വാഹക സമിതി യോഗം തുടങ്ങിയതും അവസാനിച്ചതും. നേതാക്കള്‍ പുറമേയ്ക്കു വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും അവരുടെ ശരീരഭാഷ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന അങ്കലാപ്പു പ്രകടിപ്പിക്കുന്നതായി.
അണികളെ ഉത്തേജിതരാക്കാന്‍ കൂടിയാവണം ദേശീയപ്രസിഡന്റ് അമിത് ഷാ ഉദ്ഘാടനപ്രസംഗത്തില്‍ പാര്‍ട്ടി പത്തൊമ്പതു സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ടെന്നും അവിടെയൊക്കെ ശക്തമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ ഛത്തിസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ കാറ്റ് ബി.ജെ.പിക്ക് അനൂകൂലമാണെന്നും പറഞ്ഞത്.
ഇത്രയും കാലം അമിത്ഷാ അധ്വാനിച്ചിട്ടുപോലും കാലുകുത്താന്‍ കഴിയാത്ത ബംഗാള്‍, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍പ്പോലും ബി.ജെ.പിക്ക് അനുകൂല കാലാവസ്ഥയാണെന്നു വരെ അദ്ദേഹത്തിനു തട്ടിവിടേണ്ടിവന്നു. ഇത്തരം മനഃപായസമുണ്ണല്‍ സ്വയം സമാധാനിക്കാനും അണികളെ സന്തോഷിപ്പിക്കാനുമായിരിക്കും.
എന്നാല്‍, മാറിയ ഇന്ത്യയുടെ മനസ്സ് ആര്‍ക്കൊപ്പമാണെന്ന് നല്ലതുപോലെ തിരിച്ചറിയുന്നവരാണ് അമിത്ഷായും നരേന്ദ്രമോദിയും. അധികാരത്തിന്റെ ഹുങ്കുകൊണ്ട് തങ്ങള്‍ എല്ലായിടത്തു നിന്നും മാറ്റിനിര്‍ത്തിയിരുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ നിര്‍വാഹകസമിതി യോഗത്തില്‍ തനിക്കൊപ്പം ഇരിക്കുവാന്‍ നരേന്ദ്ര മോദി സൗമനസ്യം കാണിച്ചത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്വാനിയെ ഒപ്പം കൂട്ടിയെങ്കിലും കടന്നുകയറണമെന്ന മോഹത്താലായിരിക്കണം.
പൊതുവേദികളില്‍പ്പോലും മോദി അദ്വാനിയെ ഗൗനിക്കാതെ കടന്നുപോയതു ദൃശ്യമാധ്യമങ്ങളില്‍ വന്നതാണ്. എല്ലാം തനിക്കു തനിയെ പിടിച്ചടക്കാമെന്ന മോദിയുടെ ആത്മവിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. അതാണ് ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദൃശ്യമായത്. ചന്ദ്രനോടൊക്കും ഭവാന്‍ ഇന്ദ്രനോടൊക്കും ഭവാന്‍ എന്ന മട്ടില്‍ അമിത്ഷായും രാജ്‌നാഥ് സിങ്ങും മോദിയെ പുകഴ്ത്തിയതുതന്നെ മോദിയുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ്.
അതല്ലാതെ,പരാജയപ്പെട്ട ഭരണാധികാരിയെ പുകഴ്ത്തുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞപ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെക്കുറിച്ചോ ദിവസേന കുതിച്ചുയരുന്ന എണ്ണ വിലയെക്കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായ രാമജന്മഭൂമിയും രാഷ്ട്രീയപ്രമേയത്തിലില്ല. വര്‍ഗീയാടിസ്ഥാനത്തിലുള്ള നിലപാടുകളും മുദ്രാവാക്യങ്ങളും പഴയതുപോലെ ഫലിക്കുകയില്ലെന്ന തിരിച്ചറിവായിരിക്കാം ഇതിനു കാരണം.
അഴിമതിരഹിത ഇന്ത്യ, മെയ്ക്ക് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ 2014 ലെ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളെല്ലാം ഒഴിവാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായി സബ്കാ സാഥ് സബ്കാ വികാസ് (എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വികസനം) എന്ന പുതിയ മുദ്രാവാക്യം തന്ത്രപരമായി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് നിര്‍വാഹക സമിതി.
ജനക്ഷേമ പദ്ധതികളുടെ പേരില്‍ അടുത്തതവണയും അധികാരത്തില്‍ വരാന്‍ കഴിയില്ല എന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്. കര്‍ഷകര്‍പ്രക്ഷോഭത്തിലാണ് സാധാരണക്കാര്‍ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നു ആദിവാസി, ദലിത്,ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കളൊക്കെയും ബി.ജെ.പിക്കെതിരേ തിരിഞ്ഞിരിക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെയും മാവോവാദികളും തീവ്രവാദികളുമാക്കി ചിത്രീകരിച്ച് ജയിലറകളില്‍ അടയ്ക്കുന്നു. കള്ളക്കേസില്‍ കുടുക്കിയ ഹാര്‍ദിക്ക് പട്ടേല്‍ ഇപ്പോഴും നിരാഹാര സമരത്തിലാണ്.
പ്രതിപക്ഷ മഹാസഖ്യം മായയാണെന്നും അതു വെറുമൊരു ഭ്രമമാണെന്നും പറഞ്ഞിരുന്ന ബി.ജെ.പി കഴിഞ്ഞദിവസത്തെ പ്രതിപക്ഷ ഐക്യനിരയുടെ മഹാബലം കണ്ട് ആശ്ചര്യപ്പെട്ടിരിക്കയാണ്. ഭാരത് ബന്ദ് കൊണ്ട് ഡീസല്‍ ,പെട്രോള്‍ വില കുറയ്ക്കാനാവില്ലെന്നു പ്രതിപക്ഷത്തിനുതന്നെ നല്ല ബോധ്യമുണ്ട്. എന്നാല്‍, ഈയൊരു സമരംകൊണ്ടു കൂട്ടായ്മയാണ് അവര്‍ ലക്ഷ്യം വച്ചതെങ്കില്‍ അതില്‍ വിജയിച്ചിട്ടുണ്ട്.
എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റി വച്ച് പ്രതിപക്ഷം ഒന്നിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത് എന്ന മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട്, നേതാവിനു വേണ്ടി തര്‍ക്കിക്കാതെ മുന്നോട്ടു പോകാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ ആ മഹാസഖ്യത്തിനു നിഷ്പ്രയാസം കഴിയും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.