2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

നിര്‍മിതബുദ്ധി സാങ്കേതികവിദ്യ കൈവരിക്കാന്‍ മലബാര്‍ ഗോള്‍ഡ്

കോഴിക്കോട്: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ആദ്യത്തെ ആഗോള ഇന്ത്യന്‍ ആഭരണ വ്യാപാര ശൃംഖലയായി മാറുന്നു.

ഡിജിറ്റല്‍ സാങ്കേതിക സേവന രംഗത്തെ മുന്‍നിര കമ്പനിയായ ക്യാപ്പിലറി ടെക്‌നോളജീസാണ് മലബാര്‍ ഗോള്‍ഡിന്റെ ഇന്ത്യയിലെയും വിദേശത്തെയും 220 ഷോറൂമുകളുടെ പ്രവര്‍ത്തനങ്ങളെ യോജിപ്പിച്ച്, നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ബിഗ് ഡേറ്റാ സാങ്കേതിക വിദ്യയിലേക്കു മാറ്റുന്നത്.

ഇതുവഴി ഏകജാലക സംവിധാനത്തിലൂടെയുള്ള ഉപഭോക്തൃത സേവനം ലഭ്യമാക്കും. ഷോറൂമുകൡലയും ഓണ്‍ലൈനിലെയും വ്യാപാരങ്ങളില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, മാര്‍ക്കറ്റ് പ്രവണതകള്‍ എന്നിവ ഒരൊറ്റ സംവിധാനത്തില്‍ നിമിഷനേരം കൊണ്ട് മനസിലാക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും സാധിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ (ഇന്റര്‍ നാഷനല്‍ ഓപറേഷന്‍സ്) എം.പി ഷംലാല്‍ അഹമ്മദ് പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നേടിയെടുത്ത 3.5 കോടി സ്ഥിര ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒരൊറ്റ സംവിധാനത്തില്‍ കൊണ്ടുവരുമ്പോള്‍ ഈ രംഗത്ത് ഏറ്റവും മികച്ച സേവനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും ആഗോള ചെറുകിട വ്യാപാര മേഖലയിലെ സേവന സാങ്കേതികവിദ്യയില്‍ വന്ന കുതിച്ചുചാട്ടം മനസിലാക്കിയാണ് ഈ ചുവടുവയ്പ് നടത്തുന്നതെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.

ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആവര്‍ത്തിച്ച് സന്ദര്‍ശിക്കുന്ന ഷോറൂമുകളില്‍ അവരുടെ ആവശ്യങ്ങളും ക്രോഡീകരിച്ച് അപഗ്രഥിക്കുകയും ഉപഭോക്താക്കളുടെ ഗുണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ക്യാപിറ്റല്‍ ടെക്‌നോളജീസിന്റെ സി.എം.ഒ. സുനില്‍ സുരേഷ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.