2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

നിര്‍ഭാഗ്യം കളിച്ചു

 

അബൂദബി: ഏഷ്യന്‍ കപ്പിന്റെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ യു.എ.ഇയോടാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിലെ അവിസ്മരണീയ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
ആദ്യ 20 മിനുട്ടിനുള്ളില്‍ സുനില്‍ ഛേത്രി, ആഷിഖ് എന്നിവര്‍ക്ക് ഗോളെന്നുറച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയില്‍ ഇന്ത്യന്‍ മുന്നേറ്റനിര യു.എ.ഇയുടെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു. പലപ്പോഴും യു.എ.ഇ യുടെ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ സേവ് ഇന്ത്യക്ക് ഗോള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ യു.എ.ഇക്ക് കിട്ടിയ ആദ്യ അവസരം അവര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.
പന്തുമായി മുന്നേറുകയായിരുന്ന യു.എ.ഇ മുന്നേറ്റനിര താരത്തെ മാര്‍ക്ക് ചെയ്യാന്‍ മറന്ന് പോയതിനെ തുടര്‍ന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. ഗള്‍ഫാന്‍ മുബാറകിന്റ വകയായിരുന്നു ആദ്യ ഗോള്‍. 88-ാം മിനുട്ടില്‍ അലി മബ്ഹൂതാണ് രണ്ടാം ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷം ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ യു.എ.ഇയുടെ ബാറില്‍ തട്ടില്‍ മടങ്ങിയതോടെ നിര്‍ഭാഗ്യം വില്ലനായി.
ജയത്തോടെ നാലു പോയിന്റുമായി യു.എ.ഇ ഗ്രൂപ്പില്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കും മൂന്നാം സ്ഥാനത്തുള്ള തായ്‌ലന്‍ഡിനും മൂന്ന് പോയിന്റാണുള്ളത്. അടുത്ത മത്സരത്തില്‍ സമനില പിടിക്കുകയോ ജയിക്കുകയോ ചെയ്യുകയും തായ്‌ലന്റ് തോല്‍ക്കുയും ചെയ്താന്‍ ഇന്ത്യക്ക് ചരിത്രത്തിലേക്ക് കടന്ന് കയറാനാകും.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തായ്‌ലന്റ് ബഹറൈനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തായ്‌ലന്റിന്റെ ജയം. 58-ാം മിനുട്ടില്‍ സോം ക്രാസിനാണ് തായ്‌ലന്റിന്റെ വിജയ ഗോള്‍ നേടിയത്. ഇതോടെ തായ്‌ലന്റിന് മൂന്ന് പോയിന്റായി .ആദ്യ മത്സരത്തില്‍ ഇന്ത്യയോട് 4-1 എന്ന സ്‌കോറിന് തായ്‌ലന്റ് പരാജയപ്പെട്ടിരുന്നു.
തായ്‌ലന്റ് ജയിച്ചതോടെ ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കുള്ള മത്സരം ശക്തമായി. ഗ്രൂപ്പ് ചാംപ്യന്‍മാരേയും രണ്ടാം സ്ഥാനക്കാരേയും അറിയാന്‍ മൂന്നാമത്തെ മത്സരം വരേയും കാത്തിരിക്കേണ്ടി വരും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.