2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

നിര്‍ധന രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കും: മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: നിര്‍ധന രോഗികള്‍ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സൗകര്യമൊരുക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച സൗകര്യമൊരുക്കി വരികയാണ്. മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ എണ്ണം കുറച്ച് അവര്‍ക്കു തൊട്ടടുത്തുള്ള ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം ഒരുക്കുകയാണു ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 നൂതന സംവിധാനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ടു വരെയുള്ള ഒ.പിയും ലബോറട്ടറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങളും ജില്ലാ ജനറല്‍ ആശുപത്രികളില്‍ കാത്ത്‌ലാബും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാന്‍സറിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് തയാറെടുത്തിരിക്കുകയാണ്. മെഡിക്കല്‍ കോളജുകളെ മിനി കാന്‍സര്‍ സെന്ററുകളാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മെഡിക്കല്‍ കോളജുകളില്‍ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദരോഗ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കും.  കേരള കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി പ്രകാരം സംസ്ഥാനത്തു ജനസംഖ്യാധിഷ്ഠിത കാന്‍സര്‍ കണ്‍ട്രോള്‍ രജിസ്ട്രി സ്ഥാപിക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ചും രജിസ്ട്രി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കാന്‍സര്‍ പ്രതിരോധത്തിനും നിര്‍ണയത്തിനും ചികിത്സയ്ക്കും ഈ രജിസ്ട്രി വളരെയേറെ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി. ലിനാക് ബ്ലോക്ക്, കാന്‍സര്‍ രജിസ്ട്രി, ന്യൂറോ സര്‍ജറി ഓപറേറ്റിങ് മൈക്രോസ്‌കോപ്പ്, അത്യാധുനിക 3 ഡി കളര്‍ ഡോപ്ലര്‍ എക്കോ മെഷിന്‍, സമ്പൂര്‍ണ ഡിജിറ്റല്‍ എക്‌സ്‌റേ, നവീകരിച്ച വാര്‍ഡ് 22, പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം, ബയോഗ്യാസ് പ്ലാന്റുകള്‍, രണ്ടാമത്തെ മെഡിസിന്‍ ഐ.സി.യു, പീഡിയാട്രിക് കാര്‍ഡിയോളജി സര്‍ജറി, പുതിയ വെബ് പോര്‍ട്ടല്‍ എന്നിവയുടെ ഉദ്ഘാടനമാണു മന്ത്രി നിര്‍വഹിച്ചത്.
നഗരസഭാ മേയര്‍ വി.കെ പ്രശാന്ത് അധ്യക്ഷനായി. ഇന്‍ഫോസിസ് കേരള ഡെവലപ്‌മെന്റ് സെന്റര്‍ മേധാവി സുനില്‍ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എസ്.എസ് സിന്ധു, ഡോ. എ. റംല ബീവി, ഡോ. ശ്രീകുമാരി, ഡോ. അജയകുമാര്‍, ഡോ. തോമസ് മാത്യു, ഡോ. സബൂറ ബീഗം, ഡോ. എം.എസ് ഷര്‍മ്മദ്, ഡോ. എ. സന്തോഷ് കുമാര്‍, ഡോ. ആര്‍. മഹാദേവന്‍, ഡോ. പി. അനില്‍കുമാര്‍, ഡോ. രവികുമാര്‍ കുറുപ്പ്, ഡോ. റോയി പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.