2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

നിരോധിത കീടനാശിനികളുടെ ഉപയോഗം വ്യാപകം: കുട്ടനാട്ടില്‍ കാന്‍സര്‍ വര്‍ധിക്കുന്നു

പ്രതിരോധ നടപടികള്‍ കടലാസില്‍

ഹരിപ്പാട്: പാടശേഖരങ്ങളില്‍ നിരോധിത കീടനാശിനികളുടേയും, മാരകമായ വിഷങ്ങളുടേയും പ്രയോഗത്തിലൂടെ കുട്ടനാട്ടില്‍ വ്യാപകമാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനോ, ഫലപ്രദമായ ചികിത്സ നല്‍കാനോ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം.
കുട്ടനാട്ടില്‍ കാന്‍സര്‍പ്രതിരോധ കേന്ദ്രം സ്ഥാപിക്കുമെന്നും വേണ്ട സഹായങ്ങള്‍ചെയ്യാമെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ടെങ്കിലും രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സ പോലും ലഭിക്കുന്നില്ലെന്നും നാട്ടുകാരും കുറ്റപ്പെടുത്തുന്നു.
പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി നഴ്‌സുമാര്‍ വീടുവീടാന്തരം കയറി ഇറങ്ങി നടത്തിയ സര്‍വേയിലാണ് ദിനം പ്രതിയെന്നോണം കുട്ടനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അത് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണെന്നുമുള്ള വിവരം ലഭിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ നടന്ന സെമിനാറില്‍ വെച്ചായിരുന്നു ആരോഗ്യപ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ദേശീയ ശരാശരി പ്രകാരം ഒരു ലക്ഷം പേരില്‍ 120പേര്‍ക്കാണ് കാന്‍സര്‍ ഉള്ളത്. കുട്ടനാട്ടിലാകട്ടെ അത് ഇരട്ടിയിലധികവും.
പമ്പ,അച്ചന്‍ കോവില്‍,മണിമല എന്നീ നദികളാല്‍ ചുറ്റപ്പെട്ട കടല്‍ നിരപ്പിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുട്ടനാട്. കൃഷിക്ക് ഉപയോഗിച്ച കീടനാശിനികളും,നദികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും വീടുകളില്‍ നിന്നും ഹൗസ്‌ബോട്ടുകളില്‍ നിന്നുമുള്ള വിസര്‍ജ്യങ്ങളും ഇവിടെ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ള നദികളിലെ വെള്ളത്തിലൂടെയുള്ള അണു ബാധ കുട്ടനാട്ടുകാരെ ബാധിക്കുന്നു. കൂടാതെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്ന സെല്ലുലൈറ്റിസ് രോഗം മറ്റു പ്രദേശങ്ങളെക്കാള്‍ കൂടുതല്‍ കുട്ടനാട്ടിലാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
അതുപോലെ മനുഷ്യവിസര്‍ജ്യം മൂലമുണ്ടാകുന്ന ഇക്കോ കോളിഫോം ബാക്ടീരിയ വെള്ളത്തില്‍ 10ശതമാനം മാത്രമെ പാടുള്ളൂ എന്നിരിക്കെ ഇവിടെ 14.50ശതമാനം വരെ കണ്ടെത്തിയെന്നും പഠന റിപ്പോര്‍ട്ടുകള്‍ സാക്ഷ്യ പ്പെടുത്തുന്നു.
കാന്‍സര്‍ രോഗികളില്‍ വേണ്ടത്രചികിത്സകിട്ടാതെ 27.2ശതമാനം മരിച്ചു. മറ്റുള്ള മരണങ്ങളേക്കാള്‍ കൂടുതലാണിത്. പ്രായാധിക്യംമൂലം19.4ശതമാനവും, ജീവിത ശൈലിരോഗത്താല്‍ 7.9 ആളുകള്‍മരിക്കുന്ന കണക്കും കൂടി തട്ടിച്ചു നോക്കുമ്പോള്‍ കുട്ടനാട്ടിലെ കാന്‍സര്‍ രോഗികളുടെ എണ്ണം മനസ്സിലാക്കാന്‍ കഴിയും. കേരളത്തില്‍ ഒന്നര ലക്ഷം കാന്‍സര്‍ രോഗികളുണ്ടെന്നും,അരലക്ഷം പേര്‍ക്ക് ഓരോവര്‍ഷവും പുതുതായി രോഗം പിടിപെടുന്നുമാണ് പഠന റിപ്പോര്‍ട്ട്.
എന്നാല്‍ കേരളത്തില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രേഖകളില്ല. ഉള്ളതാകട്ടെ തിരുവനന്തപുരം,കൊല്ലം,കണ്ണൂര്‍ ജില്ലകളില്‍ മാത്രവും. രേഖ ഉണ്ടെങ്കില്‍ കൃതൃമായി രോഗികളുടെ എണ്ണം ലഭിക്കുമായിരുന്നു.അര്‍ബുദ വിദ്ഗ്ധരെ സംബന്ധിച്ചിടത്തോളം ശാസ്ത്രീയമായ സര്‍വേയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ യഥാര്‍ഥ കണക്കുകള്‍ ലഭിക്കുകയുള്ളൂ. അതുപോലെ കാന്‍സറിനെ നോട്ടിഫയബിള്‍ രോഗമാക്കി പ്രഖ്യാപിച്ചാല്‍ ആശുപത്രികളില്‍ നിന്നുള്ള യഥാര്‍ഥ വിവരങ്ങള്‍ ലഭിക്കുകയുള്ളു.
കൂടാതെ മുട്ടാര്‍, ചമ്പക്കുളം, നീലംപേരൂര്‍, എടത്വ, കൈനകരി, തകഴി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, വീയപുരം, തലവടി, രാമങ്കരി, കാവാലം, എന്നിവിടങ്ങളില്‍ രോഗം കൊണ്ട് ബുദ്ധി മുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്.
കോട്ടയം,ആലപ്പുഴ,തിരുവനന്തപുരം എന്നിവിടങ്ങളെ കൂടാതെ മലബാര്‍ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും ചികിത്സതേടി പോകുന്ന കുട്ടനാട്ടുകാര്‍ നിരവധിയാണ്. സാമ്പത്തികപരാധീനയുള്ള രോഗികള്‍ക്ക് 1000 രൂപ സര്‍ക്കാര്‍പെന്‍ഷന്‍ നല്‍കുന്നുണ്ട്.
സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെ ചികിത്സകളാണിവരുടെ ജീവന്‍ നില നിര്‍ത്തുന്നത്. നാട്ടുകാരുടെ സഹായവുമുണ്ടെന്ന് രോഗികള്‍ പറയുന്നു.
അലോപ്പതിയെ കൂടാതെ ആയൂര്‍വേദം,ഹോമിയോ,നാട്ടുവൈദ്യം എന്നീ ചികിത്സകളാണ് രോഗികള്‍ അവലംബിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പലപ്രദേശങ്ങളിലും പലതരത്തിലുള്ള കാന്‍സറാണ് രോഗികള്‍ക്കുള്ളതെന്ന് ഡോക്ടറന്‍മാര്‍ പറയുന്നു. കീടനാശിനി മൂലമുണ്ടാകുന്ന മാരകരോഗങ്ങള്‍ കുട്ടനാട്ടിലെ വെള്ളപൊക്കം ഒരു പരിധിവരെ പ്രതിരോധിച്ചിരുന്നു.
വര്‍ഷത്തില്‍ രണ്ടുതവണ കൃഷി ചെയ്യുമ്പോള്‍ ഉപയോഗിച്ചിട്ടുള്ള എല്ലാകീടനാശിനികളും ഒരുതവണത്തെ വെള്ളം പൊക്കം പാടശേഖരത്തിലൂടെ കയറി ഇറങ്ങി കടലില്‍ എത്തുമായിരുന്നു.
എന്നാല്‍ നിലവില്‍ വെള്ളപ്പൊക്കം വളരെ അപൂര്‍വമായതിനാല്‍ പാടശേഖരങ്ങള്‍ വൃത്തിയാകുന്നില്ല. ഇതെല്ലാം മാരക രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമായെന്ന് വിലയിരുത്തുന്നവരുമുണ്ട്.
കാന്‍സര്‍ രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയും,മറ്റുള്ളര്‍ക്ക് ഈ രോഗം വരാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.