2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

നിരോധിച്ച കീടനാശിനികള്‍ വ്യാപകം: കൂടുതല്‍ വിഷം ഏലത്തോട്ടങ്ങളില്‍; ശവപ്പറമ്പാകാന്‍ തോട്ടം മേഖല

ടി.എസ് നന്ദു

കൊച്ചി: യാതൊരു പരിശോധനയും കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന നിരോധിത കീടനാശിനികളുടെ ഉപയോഗത്തെത്തുടര്‍ന്ന് ശവപ്പറമ്പാകാന്‍ തോട്ടം മേഖല. അതീവ മാരകമായ കീടനാശിനികളായ എന്‍ഡോസള്‍ഫാന്‍, ക്ലോര്‍ പൈറിഫോസ്, ലാംഡാ സൈലോത്രിന്‍, ഫ്യുറഡാന്‍, ഫോറേറ്റ്, മോണോഫോട്ടോഫോസ്, പ്രൊഫണോഫോസ് തുടങ്ങിയവ പേരുമാറ്റിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ചെറിയ കുപ്പികളില്‍ മുതല്‍ ലിറ്ററുകണക്കിന് കൊള്ളുന്ന ബാരലുകളില്‍ വരെയാണ് ഇവ എത്തിക്കുന്നത്. ചുവപ്പ് വിഭാഗത്തില്‍പ്പെട്ട അതീവ അപകടകരമായ കീടനാശിനികളായ ഇവയുടെ ഉപയോഗം കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്കും മരണത്തിനും കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തി കീടനാശിനികള്‍ ചെക്ക്‌പോസ്റ്റുകള്‍ കടക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്.
കൃഷിയിടം ഒരുക്കുമ്പോള്‍ മുതല്‍ തുടങ്ങുന്ന അമിത കീടനാശിനി ഉപയോഗം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആകുമ്പോള്‍ തൊഴിലാളികളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. കൂടാതെ മണ്ണും വെള്ളവും വിഷമയവുമാകുന്നു. ഇപ്പോള്‍ തന്നെ തോട്ടം തൊഴിലാളികളില്‍ കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ വ്യാപകമാണ്. കീടനാശിനി ലായനി ബാരലുകളില്‍ വാഹനത്തില്‍ എത്തിച്ച് കരാര്‍ വ്യവസ്ഥയില്‍ തളിക്കുന്ന പ്രവണതപോലും മേഖലയില്‍ നിലനില്‍ക്കുന്നു. എന്നാല്‍, ഇതിനെതിരേ യാതൊരു നടപടിയും പ്രായോഗികമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു.  തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഗുണനിലവാര പരിശോധന നടക്കുന്നില്ല. ചെക്ക് പോസ്റ്റുകളില്‍ പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തതും അനധികൃത കീടനാശിനി കടത്തലിനു കാരണമാണ്. കീടനാശിനി സംബന്ധിച്ച് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ച പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിലച്ചതും കീടനാശിനി ഉപയോഗത്തിന്റെ അപകടങ്ങള്‍ കൂടാന്‍ കാരണമായി. സംസ്ഥാനത്തെ 1072 കൃഷിഭവനുകളില്‍ 202 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ മാത്രമാണുള്ളതെന്ന കണക്കുതന്നെ ചിത്രം വ്യക്തമാക്കുന്നു. ഇത്തരം സംവിധാനങ്ങള്‍ ഒന്നുംതന്നെ തോട്ടം ഉടമകളുടെ വീട്ടുപടി കടക്കില്ലെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യം മറികടക്കാന്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ബോധവല്‍ക്കരണം നടത്താനാണ് കൃഷിവകുപ്പിന്റെ പുതിയ തീരുമാനം. അതിനായി കൃഷിവകുപ്പിന്റെ കീഴില്‍ ഒരു കീടനാശിനി മോനിറ്ററിങ് കമ്മിറ്റിയും ജൈവകൃഷിക്ക് പ്രത്യേക സമതിയും രൂപീകരിക്കണമെന്നാണ് വിദഗ്ധാഭിപ്രായം.

തേയില, കാപ്പി, തുടങ്ങിയവയ്ക്ക് ഉപയോഗിക്കുമെങ്കിലും ഏലയ്ക്കാ തോട്ടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാരക കീടനാശിനികളുടെ ഉപയോഗം. ‘ഞെള്ളാനി’ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇനമാണ് 95 ശതമാനം ഏലം കര്‍ഷകരും കൃഷിചെയ്യുന്നത്. പരമ്പരാഗത ഇനങ്ങളേക്കാള്‍ കൂടുതല്‍ വിളവു നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ കൃഷി തുടങ്ങിയതോടെ വന്‍തോതിലാണ് കീടനാശിനികള്‍ പ്രയോഗിക്കുന്നത്. ഉടമകളുടെ ലാഭക്കൊതിക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ തോട്ടം മേഖല ശവപ്പറമ്പാകുമെന്നാണ് വിലയിരുത്തല്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News