
കണ്ണൂര്‍:നിരോധിക്കപ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതല്‍ കൃഷി വകുപ്പിന്റെ എല്ലാ ആനുകൂല്യവും നഷ്ടമാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരോധിച്ച കീടനാശിനികള്‍ ഇപ്പോഴും എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൃഷി ഡയരക്ടറുടെ ഉത്തരവ്. വ്യാജ ഏജന്‍സികളുടെ പേരിലാണ് നിരോധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്തെത്തുന്നത്.
ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങി ഒരു ടണ്ണോളം നിരോധിത കീടനാശിനികള്‍ അടുത്തിടെ കുമിളിയില്‍ പിടികൂടിയിരുന്നു. നിരോധിത കീടനാശിനികള്‍ കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുളള കര്‍ശന ശിക്ഷാ നടപടികള്‍ കൈക്കൊളളുമെന്നും ഉത്തരവില്‍ പറയുന്നു.
കൃഷി ഓഫിസര്‍മാര്‍ നല്കുന്ന ശുപാര്‍ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഡിപ്പോകളില്‍ നിന്നും നിഷ്കര്‍ഷിച്ച കീടനാശിനികള്‍ വില്‍പ്പന നടത്താന്‍ പാടുളളൂ. വിതരണം ചെയ്യുന്ന കീടനാശിനികളുടെയും വാങ്ങുന്ന കര്‍ഷകരുടെയും പേരു വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കണം.
അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ കീടനാശിനികള്‍ നേരിട്ട് എത്തിച്ചു നല്കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുളള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കും. നിരോധിത കീടനാശി ഉപയോഗം നടക്കുന്നത് തടയാന്‍ സംസ്ഥാന തലത്തില്‍ രൂപം നല്കിയ പ്രത്യേക സ്ക്വാഡ് ജില്ലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തും.
നിരോധിധകീടനാശിനികള് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃഷിവകുപ്പ് രണ്ട് തവണ നോട്ടിസ് നല്‍കും. തുടര്‍ന്നും ആവര്‍ത്തിച്ചാല്‍ സൗജന്യ വൈദ്യുതി ഉള്‍പ്പെടെയുളള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാവുമെന്ന് കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.