2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചതു ഭരണവിരുദ്ധ വികാരം; കുഞ്ഞാലിക്കുട്ടി

അഹമ്മദ് പാതിരിപ്പറ്റ

ദോഹ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതാത് സംസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരമാണ് ആഞ്ഞടിച്ചതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കുരങ്ങന്‍ അപ്പം ഓഹരി വെച്ച പഴയ കഥ പോലെ സൂത്രത്തില്‍ വലിയ ഓഹരിയുമായി ബി ജെ പി കടന്നുകളയുകയായിരുന്നു.

ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ പ്രചരണം അഴിച്ചുവിട്ടാണ് ബി ജെ പി വിജയം നേടിയത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ബി ജെ പി വര്‍ഗ്ഗീയ കാര്‍ഡ് കളിച്ച് ജയം നേടിയിട്ടുണ്ട്. മോദി ഭരണത്തിന് ജനങ്ങളുടെ പിന്തുണയാണ് ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ബി ജെ പി വിജയമെങ്കില്‍ ഗോവയില്‍ നിലവിലുണ്ടായിരുന്ന മുഖ്യമന്ത്രി പോലും പരാജയപ്പെട്ടത് എന്ത് അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

വോട്ടിംഗില്‍ കൃത്രിമം നടത്തിയതായി പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെങ്കിലും തനിക്ക് അതേക്കുറിച്ച് പറയാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതാത് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു പോലും ഫലം പ്രവചിക്കുന്നതില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അട്ടിമറിക്കുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പോലും വലിയ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ബി ജെ പി വിജയം വരിച്ചിട്ടുണ്ട്. അതിന് പിന്നില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന പരാതി ഉയര്‍ന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. മതേതര കക്ഷികളുടെ ഭിന്നിപ്പാണ് ബി ജെ പിക്ക് ഗുണകരമായി ഭവിച്ചത്. എപ്പോള്‍ മതേതര കക്ഷികള്‍ യാഥാര്‍ഥ്യം മനസ്സിലാക്കി ഒന്നിക്കുന്നുവോ അന്ന് ബി ജെ പി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ വിജയങ്ങള്‍ നേടുന്നത് എല്ലാറ്റിന്റേയും അവസാനമാണെന്നാണ് ചിലര്‍ കരുതുന്നത്.

എന്നാല്‍ പലപ്പോഴും വലിയ വിജയങ്ങള്‍ നേടിയവര്‍ പിന്നീട് പരാജയം രുചിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ ഇടമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയെ കുറ്റം പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിന്റെ പ്രയാസങ്ങള്‍ മതേതര കക്ഷികള്‍ തിരിച്ചറിയണമെന്നും ഇല്ലെങ്കില്‍ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യ ഇല്ലാതായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശിലേയും ബീഹാറിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് രീതികളാണ് ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തിലൂടെ മതേതര കക്ഷികളെ പരമാവധി ഒന്നിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളായിരിക്കും നടത്തുകയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം എല്‍ എ, കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, സംസ്ഥാന സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയോടൊപ്പം പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.