2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

നിയമശാസ്ത്രത്തിലെ പുതിയ പോര്‍മുഖങ്ങള്‍

ശബരിമല അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാന്നെന്നും യൗവ്വനയുക്തയായ സ്ത്രീകള്‍ പ്രതിഷ്ഠയെ ദര്‍ശിച്ചുകൂടെയെന്നുമാണു ക്ഷേത്രം അധികാരികളുടെ വാദം. ഈ വാദം ഭരണഘടനയുടെ അനുച്ഛേദം 14 അനുശാസിക്കുന്ന നിയമത്തിനു മുന്‍പിലുള്ള സമത്വം, അനുച്ഛേദം 15 അനുസരിച്ചുള്ള മതത്തിന്റെയോ വര്‍ഗത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല എന്നതാണ് തത്വം, അനുച്ഛേദം 17 പ്രകാരമുള്ള തൊട്ടുകൂടായ്മ ആചരിക്കരുതെന്ന അനുശാസനം, അനുച്ഛേദം 25 പ്രകാരമുള്ള മതാനുഷ്ഠാനത്തിനുള്ള മൗലികാവകാശം എന്നിവയുടെ ലംഘനമാണെന്നാണു ഹര്‍ജിക്കാരുടെ പക്ഷം.

സി.കെ ഫൈസല്‍, പുത്തനഴി 9846937349

ജോനാഥന്‍ സ്വിഫ്റ്റിന്റെ ‘ഗളിവറുടെ യാത്രകളി’ല്‍ ഇത്തിരിക്കുഞ്ഞന്മാരുടെ രാജ്യങ്ങളായ ലില്ലിപുട്ടും ബ്ലേഫ്യൂസ്‌ക്യൂവും തമ്മിലുള്ള ഘോരയുദ്ധത്തിനു കാരണം പുഴുങ്ങിയ മുട്ടയുടെ ഏതുഭാഗമാണ് ആദ്യം ഉടയ്‌ക്കേണ്ടത് എന്ന വിഷയത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസമായിരുന്നു. അതു കഥ. അതുപോലെ, വെറുമൊരു വെഡ്ഡിങ് കേക്ക് നമ്മുടെ കാലത്തുകോളിളക്കം സൃഷ്ടിച്ച ഭരണഘടനാ വിവാദത്തിനു കാരണമായെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കുമോ, അതും അമേരിക്കയില്‍! 

2018 ജൂണ്‍ നാലിന് അമേരിക്കന്‍ സുപ്രിംകോടതി വിധിപറഞ്ഞ മാസ്റ്റര്‍പീസ് കേക്ക് ഷോപ്പും കൊളറാഡോ സിവില്‍ റൈറ്റ്‌സ് കമ്മിഷനും തമ്മിലുള്ള കേസ് വെറുമൊരു വെഡ്ഡിങ് കേക്കിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. കാതലായ ഭരണഘടനാ സമസ്യ ഈ കേസ് ഉയര്‍ത്തുകയുണ്ടായി. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യവിവേചനം അനുവദിക്കാന്‍ കഴിയുമോയെന്ന പ്രസക്തമായ ചോദ്യമാണു പ്രസ്തുത വ്യവഹാരത്തില്‍ ഉയര്‍ന്നുവന്നത്.
ഒരു സ്വവര്‍ഗവിവാഹത്തിനു കേക്ക് നിര്‍മിക്കാനുള്ള ഓര്‍ഡര്‍ അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ലൈക്വുഡ് നഗരത്തിലെ മാസ്റ്റര്‍പീസ് കേക്ക് ഷോപ്പ് എന്ന ബേക്കറിയുടെ ഉടമസ്ഥന്‍ നിരാകരിച്ചു. അമേരിക്കന്‍ ഭരണഘടനയുടെ ഒന്നാംഭേദഗതി മതവിശ്വാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. ബൈബിള്‍ പ്രകാരം സ്വവര്‍ഗലൈംഗികത അധാര്‍മികമായതിനാല്‍ ക്രിസ്തുമതവിശ്വാസിയായ തനിക്ക് അത്തരമൊരു വിവാഹത്തിനു കേക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയില്ലെന്നും കേക്ക് ഉണ്ടാക്കാനും ഉണ്ടാകാതിരിക്കാനുമുള്ള അവകാശം തന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നുമാണ് ബേക്കറി ഉടമ വാദിച്ചത്.
എതിര്‍കക്ഷിയായ കൊളറാഡോ സിവില്‍ റൈറ്‌സ് കമ്മിഷന്‍ വാദിച്ചത് വിവേചന വിരുദ്ധ നിയമമനുസരിച്ച് അതൊരു സാമൂഹ്യവിവേചനമാണെന്നും അതിനാല്‍ ബേക്കറി ഉടമ കുറ്റക്കാരനാണെന്നുമാണ്. കൊളറാഡോയിലെ വിവേചന വിരുദ്ധ നിയമമനുസരിച്ചു പൊതുജനങ്ങള്‍ക്കായി തുറന്നുവച്ച കച്ചവടസ്ഥാപനങ്ങള്‍ മതം, വര്‍ഗം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളോട് വിവേചനം കാണിക്കാന്‍ പാടില്ലെന്നുണ്ട്.
ഇതനുസരിച്ചു മാസ്റ്റര്‍പീസ് കേക്ക് ഷോപ്പിനെതിരേയുള്ള കേസില്‍ പരാതിക്കാര്‍ വിജയിച്ചു. സ്വവര്‍ഗവിവാഹങ്ങള്‍ക്കു കേക്കുണ്ടാക്കി കൊടുക്കാനും ലിംഗപരമായ കാരണത്തിന്റെ അടിസ്ഥാനത്തില്‍ മേലില്‍ വിവേചനം കാണിക്കില്ലെന്ന് ഉറപ്പുവരുത്താനും കൊളറാഡോ സിവില്‍ റൈറ്റ്‌സ് കമ്മിഷന്‍ ഉത്തരവിട്ടു. ഇതിനെതിരേ മാസ്റ്റര്‍പീസ് ഷോപ്പുടമ അപ്പീല്‍ സമര്‍പ്പിച്ചു. അപ്പീലിലും കേക്ക്‌ഷോപ്പിനെതിരേയാണു വിധിയുണ്ടായത്.
ഇതിനെ തുടര്‍ന്നു മാസ്റ്റര്‍പീസ് ഷോപ്പുടമ അമേരിക്കന്‍ സുപ്രിം കോടതിയെ സമീപിച്ചു. കൊളറാഡോ വിവേചന വിരുദ്ധ നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, സ്വവര്‍ഗദമ്പതിമാര്‍ക്കു കേക്ക് വില്‍ക്കുന്നതു സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നതിനു തുല്യമല്ലെന്നും അതിനാല്‍ ഹരജിക്കാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തെയോ മതസ്വാതന്ത്ര്യത്തെയോ അതു ഹനിക്കുന്നില്ലെന്നും സിവില്‍ റൈറ്‌സ് കമ്മിഷന്‍ വാദിച്ചു. അമേരിക്കന്‍ ഫെഡറല്‍ നീതിന്യായവകുപ്പ് മാസ്റ്റര്‍പീസ് കേക്ക് ഷോപ്പിന് അനുകൂല നിലപാടാണു കൈകൊണ്ടത്. സുപ്രിം കോടതി ഭൂരിപക്ഷാഭിപ്രായത്തില്‍ ബേക്കറി ഉടമക്ക് അനുകൂലമായി വിധിച്ചു.
കേക്ക് ഷോപ്പ് ഉടമയോട് കൊളോറാഡോ സ്റ്റേറ്റ് മതപരമായ ശത്രുതയോടെ പെരുമാറിയെന്നും അതിനാല്‍, മതപരമായി നിഷ്പക്ഷത പാലിക്കണം ഭരണകൂടമെന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതിയെ സ്റ്റേറ്റ് ലംഘിച്ചുവെന്നും ജസ്റ്റിസ് അന്തോണി കെന്നഡി നിരീക്ഷിച്ചു. മതാചരണത്തിന്റെ ഭാഗമായി സാമൂഹ്യവിവേചനം ന്യായീകരിക്കപ്പെടുമോയെന്ന പരമപ്രധാനമായ പ്രശ്‌നമാണു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നെതെങ്കിലും വിധിന്യായത്തില്‍ ആ വിഷയം ആഴത്തില്‍ അപഗ്രഥിക്കപ്പെട്ടില്ല. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാമൂഹ്യസമത്വത്തിനുള്ള അവകാശം കോടതി ഊന്നിപ്പറയുകയും ചെയ്തു.
കൊളറാഡോ കേക്ക് കേസിനോട് ഏറെ സാമ്യതയുള്ളതാണ് ഇപ്പോള്‍ ഇന്ത്യന്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ള ശബരിമല കേസ് ( ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ആന്‍ഡ് അദേഴ്‌സ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ആന്‍ഡ് അദേഴ്‌സ്). പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമല അയ്യപ്പക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തിനായാണു ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതു ഭരണഘടനയുടെ 14 ,15 ,25 അനുച്ഛേദങ്ങള്‍ക്കു വിരുദ്ധമാണെന്നാണു ഹരജിക്കാരുടെ വാദം. കൊളറാഡോ കേക്ക് കേസിലേതുപോലെ മതാചരണവും സാമൂഹ്യസമത്വവും ദ്വന്ദയുദ്ധത്തില്‍ ഏര്‍പ്പെടുകയാണിവിടെയും.
ശബരിമല അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാന്നെന്നും യൗവ്വനയുക്തയായ സ്ത്രീകള്‍ പ്രതിഷ്ഠയെ ദര്‍ശിച്ചുകൂടെയെന്നുമാണു ക്ഷേത്രം അധികാരികളുടെ വാദം. ഈ വാദം ഭരണഘടനയുടെ അനുച്ഛേദം 14 അനുശാസിക്കുന്ന നിയമത്തിനു മുന്‍പിലുള്ള സമത്വം, അനുച്ഛേദം 15 അനുസരിച്ചുള്ള മതത്തിന്റെയോ വര്‍ഗത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല എന്നതാണ് തത്വം, അനുച്ഛേദം 17 പ്രകാരമുള്ള തൊട്ടുകൂടായ്മ ആചരിക്കരുതെന്ന അനുശാസനം, അനുച്ഛേദം 25 പ്രകാരമുള്ള മതാനുഷ്ഠാനത്തിനുള്ള മൗലികാവകാശം എന്നിവയുടെ ലംഘനമാണെന്നാണു ഹര്‍ജിക്കാരുടെ പക്ഷം.
മുന്‍കാലങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്കു ക്ഷേത്രപ്രവേശനം തടഞ്ഞതിനു തുല്യമാണു സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനം തടയുന്നതെന്നാണു ഹരജിക്കാര്‍ക്കുവേണ്ടി ഇന്ദിര ജയ്‌സിങ് വാദിച്ചത്. തൊട്ടുകൂടായ്മ ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വ്യഖ്യാനിക്കരുതെന്നും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം കൂടി അതിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നുമാണ് അവരുടെ ആവശ്യം.
മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്ത ആചാരം അനുച്ഛേദം 13 പ്രകാരം നിയമവിരുദ്ധമാണ്. അനുച്ഛേദം 25 അനുസരിച്ചുള്ള മതാചരണത്തിനുള്ള അവകാശമാണ് എതിര്‍പക്ഷത്തിന്റെ വാദത്തിന്റെ അടിസ്ഥാനം. എന്നാല്‍, മതാചരണത്തിനുള്ള അവകാശം പാര്‍ട്ട് മൂന്നില്‍ പരാമര്‍ശിക്കുന്ന മറ്റു മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമാവരുത്. അതിനാല്‍, കേരളാ ഹിന്ദു പ്ലെയ്‌സ് ഓഫ് വര്‍ഷിപ് (ഓഥറൈസേഷന്‍ ഓഫ് എന്‍ട്രി) റൂളിന്റെ ചട്ടം 3 (ബി) സ്ത്രീകള്‍ക്കനുകൂലമായി വ്യഖ്യാനിക്കണമെന്നാണു കേരളാ സര്‍ക്കാര്‍ വാദിച്ചത്.
കൊളറാഡോ കേക്ക് കേസിന്റെയും ശബരിമല കേസിന്റെയും പ്രസക്തമായ മറ്റൊരു വശം ഇവ രണ്ടും ഭരണഘടനയിലെ മൗലികാവകാശത്തിന്റെ വ്യാഖ്യാനത്തെ സംബന്ധിച്ച ശ്രദ്ധേയമായ ചോദ്യമുയര്‍ത്തുന്നുവെന്നതാണ്. ഒരുപക്ഷം വാദിക്കുന്നതു ഭരണഘടനാ നിര്‍മാതാക്കള്‍ മൗലികാവകാശങ്ങള്‍ക്ക് എന്തര്‍ഥമാണോ ഉദ്ദേശിച്ചത് ആ അര്‍ത്ഥവും വ്യാപ്തിയും മാത്രമേ മൗലികാവകാശങ്ങള്‍ക്കു നല്‍കാവൂവെന്നാണ്. ഈ വാദഗതിയെ ഒറിജിനലിസം എന്നു വിളിക്കുന്നു.
ഇതേ ആശയത്തിന്റെ മറ്റൊരു വശം, ഭരണഘടന മൗലികാവകാശങ്ങള്‍ എന്നിവയ്ക്ക് , അവ രൂപീകരിച്ച കാലത്തു ജീവിച്ച സാധാരണ യുക്തിചിന്തയുള്ള വ്യക്തികള്‍ നല്‍കിയ അര്‍ഥം മാത്രമേ നല്‍കാവൂവെന്നതാണ്. ഭരണഘടനയില്‍ മാറ്റം വരുത്താനും മൗലികാവകാശങ്ങള്‍ക്കു പുതിയ ഭാഷ്യം നല്‍കാനുമുള്ള അധികാരം, ഭരണഘടനാഭേദഗതി വരുത്താനുള്ള അധികാരം നിക്ഷിപ്തമായിട്ടുള്ള സ്ഥാപനത്തിനു മാത്രമേയുള്ളു; വ്യാഖ്യാനിക്കുന്ന കോടതിയല്ല അതു ചെയ്യേണ്ടത് എന്നര്‍ഥം.
ഈ വാദത്തിന്റെ ന്യൂനത അതു ഭരണഘടനയെയും മൗലികാവകാശങ്ങളെയും പ്രത്യേക സമയബിന്ദുവില്‍ വച്ചു മരവിപ്പിച്ചു കളയുന്നുവെന്നതാണ്. ഒറിജിനലിസം, ജഡ്ജിമാരുടെ വ്യക്തിപരമായ പ്രത്യയശാസ്ത്രവീക്ഷണങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നതു തടയുകയും നിയമത്തെ സംബന്ധിച്ച നിശ്ചിതത്വം ഉറപ്പുവരുത്തുന്ന സ്റ്റാറെ ഡിസിസിസ് തത്വത്തെ മാനിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ സുപ്രിം കോടതി ജഡ്ജിയായിരുന്ന ആന്റ്റോണിന്‍ സ്‌കാലിയ ഒറിജിനലിസത്തിന്റെ ശക്തനായ വക്താവായിരുന്നു.
ഇതിനു വിരുദ്ധമായ ആശയമാണു ലിവിങ് ട്രീ സിദ്ധാന്തം. ഭരണഘടന ജീവനുള്ള രേഖയാണെന്നും മാറുന്ന കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് അതിനെ വ്യാഖ്യാനിക്കണമെന്നുമാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. കനേഡിയന്‍ സുപ്രിം കോടതി, എഡ്വേഡ്‌സ് വേഴ്‌സസ് കാനഡ (1929) എന്ന കേസിലാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്.
കേശവ് സൂരി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ , ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പ് 377 ഭരണഘടനാ വിരുദ്ധമാണെന്നും പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്കു സ്വതന്ത്രസമ്മതത്തോടെ കൂടെ സ്വവര്‍ഗലൈംഗികതയില്‍ ഏര്‍പ്പെടുന്നതു നിയമവിരുദ്ധമല്ലെന്നും സുപ്രിം കോടതി സെപ്റ്റംബര്‍ ആറിനു വിധിച്ചിരിക്കുകയാണ്. സ്വാഭാവികമായും അടുത്തപടിയായി സ്വവര്‍ഗവിവാഹം എന്ന ആവശ്യമാണ് ലൈംഗിക ന്യൂനപക്ഷം ഉന്നയിക്കാന്‍ പോകുന്നത്. അമേരിക്കയില്‍ 2015ല്‍ ഒബെര്‍ജ്‌ഫെല്‍ വേഴ്‌സസ് ഹോഡ്ജ്‌സ് കേസില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ലിംഗത്തില്‍ പെട്ടവരെ വിവാഹം കഴിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നു വിധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വവര്‍ഗവിവാഹത്തിനു വേണ്ടിയുള്ള മുറവിളി സമീപഭാവിയില്‍ ആരംഭിക്കും. കൊളറാഡോ കേക്ക് കേസിനു സമാനമായ സംഭവങ്ങളും വാര്‍ത്തയില്‍ ഇടം പിടിക്കും.
ഇന്ത്യയില്‍ ആചരിച്ചു വരുന്ന വ്യക്തി നിയമങ്ങളില്‍ ആരോപിക്കപ്പെടുന്ന സ്ത്രീപുരുഷ അസമത്വം നീക്കം ചെയ്യണമെന്നു ലോ കമ്മിഷന്‍ ഓഫ് ഇന്ത്യ കുടംബനിയമങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഈയിടെ ആവശ്യപ്പെട്ടു. ഇവിടെയെല്ലാം മതാചരണം ഃ സാമൂഹ്യസമത്വം എന്ന ദ്വന്ദയുദ്ധം അരങ്ങേറും. ഭരണഘടനയിലെ ലിംഗം (സെക്‌സ്ജന്‍ഡര്‍) എന്ന പദത്തിനു ലൈംഗികാഭിവിന്യാസം (സെക്‌സ്വല്‍ ഒറിയന്റ്‌റെഷന്‍) എന്ന അര്‍ത്ഥം കൂടിയുണ്ടോ എന്ന ഭരണഘടനാപരമായ ചോദ്യം കൂടി ഉയര്‍ന്നുവരും. ഇവിടെ ഒറിജിനലിസം ഃ ലിവിങ് ട്രീ സിദ്ധാന്തം എന്ന പോര്‍മുഖവും തുറക്കപ്പെടും. ചുരുക്കത്തില്‍ ഈ രണ്ടു ചര്‍ച്ചകള്‍ നമ്മുടെ ദേശീയ സംവാദത്തിന്റെയും നിയമവ്യവഹാരത്തിന്റെയും വിഷയങ്ങളായി മാറുന്ന ദിനങ്ങളാണു വരാനിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.