2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

നിയമത്തെ ദുര്‍ബലമാക്കി രക്ഷപ്പെടുന്ന ഹിന്ദുത്വ ഭീകരവാദികള്‍


 

മലേഗാവ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ് തുടങ്ങിയ സ്‌ഫോടനക്കേസുകളില്‍നിന്നു രക്ഷപ്പെട്ട അസീമാനന്ദയെന്ന ഹിന്ദുത്വ തീവ്രവാദിയെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍നിന്നുകൂടി മുക്തനാക്കിയതോടെ രാജ്യത്തു ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ ഭീകരാക്രമണക്കേസുകളെല്ലാം ഇല്ലാതായിരിക്കുകയാണ്.

2007 ഫെബ്രുവരി 18ന് ഡല്‍ഹിയില്‍നിന്നു പാകിസ്താനിലെ ലാഹോറിലേയ്ക്കു പോകുകയായിരുന്ന സംഝോത എക്‌സ്പ്രസിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരിലേറെയും പാകിസ്താന്‍കാരായിരുന്നു. 68 പേരാണ് ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ചത്.

ഹരിയാന സ്വദേശിയാണ് കേസിലെ ഒന്നാം പ്രതിയായിരുന്ന അസിമാനന്ദ. നേരത്തേ വിധി പറയാനിരുന്ന കേസ് പാകിസ്താനില്‍നിന്നുള്ള ഒരു വനിത ചില ദൃക്‌സാക്ഷികളെക്കൂടി പരിഗണിക്കാനുണ്ടെന്നു പറഞ്ഞതിനെത്തുടര്‍ന്നു വിധി പറയാന്‍ മാറ്റിവച്ചതായിരുന്നു. എന്നാല്‍ ആ ദൃക്‌സാക്ഷികള്‍ക്ക് ഇവിടേയ്ക്കു വരാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നല്‍കിയില്ല. അതുമൂലം, അവര്‍ക്കു മൊഴി നല്‍കാനായില്ല. ഇതിനെത്തുടര്‍ന്നു പാക് വനിതയുടെ ഹരജി തള്ളി എന്‍.ഐ.എ പ്രത്യേക കോടതി അസിമാനന്ദയെ വെറുതെ വിടുകയായിരുന്നു.

ഭീകരതയുടെ ശൃംഖലയിലെ തന്റെ പങ്കിനെക്കുറിച്ചു കുറ്റസമ്മതം രേഖപ്പെടുത്തണമെന്നു 2014 ഡിസംബര്‍ 18ന് അസീമാനന്ദ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് മുന്‌നപാകെ അപേക്ഷിക്കുകയും അതുപ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തതാണ്. മലേഗാവ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ്, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങള്‍ക്കെല്ലാം താനാണു നേതൃത്വം നല്‍കിയതെന്നു മജിസ്‌ട്രേട്ട് ദീപക് ദബാസിനു മുന്‍പാകെ നടത്തിയ കുറ്റസമ്മതം സി.ആര്‍.പി.സി 164-ാം വകുപ്പു പ്രകാരം രേഖപ്പെടുത്തിയതാണ്. മൊഴി നല്‍കലില്‍ ഭീഷണിയോ സമ്മര്‍ദമോ ഇല്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു അത്.
മുസ്‌ലിംകളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ‘ബോംബിനു ബോംബ്’ എന്ന നയപ്രകാരമാണു സ്‌ഫോടനം നടത്തിയതെന്ന് അസീമാനന്ദ 42 പേജുള്ള കുറ്റസമ്മതമൊഴിയില്‍ സമ്മതിച്ചിരുന്നു. അതു മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമാണ്. ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും തെളിവുകളില്ലെന്നു പറഞ്ഞാണ് അസിമാനന്ദയെ വെറുതെവിട്ടിരിക്കുന്നത്.

തന്നെ നിര്‍ബന്ധിച്ചു കുറ്റസമ്മത മൊഴിയെടുപ്പിക്കുകയായിരുന്നുവെന്നാണ് അസിമാനന്ദ പിന്നീട് മാറ്റിപ്പറഞ്ഞത്. ഇതെങ്ങനെയാണു മുഖവിലയ്‌ക്കെടുക്കുക. പൊലിസിന്റെ മുന്‍പിലാണ് കുറ്റസമ്മതം നടത്തിയിരുന്നതെങ്കില്‍ നിര്‍ബന്ധിച്ചാണു കുറ്റസമ്മതം നടത്തിയതെന്നു പറയാമായിരുന്നു.
കാരവന്‍ മാഗസിന് അസിമാനന്ദ നല്‍കിയ അഭിമുഖത്തിലും കുറ്റസമ്മതം ആവര്‍ത്തിച്ചിരുന്നു. പിന്നീട് ഈ അഭിമുഖം നിഷേധിച്ചപ്പോള്‍ കാരവന്‍ എഡിറ്ററും ലേഖിക ലീനാഗീത രഘുനാഥ് അസീമാനന്ദ പറഞ്ഞ ഓഡിയോ ക്ലിപ്പിങ് പുറത്തുവിട്ടു. ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും അസിമാനന്ദയെ ഒരൊറ്റ ഭീകരാക്രമണ കേസിലും ശിക്ഷിച്ചില്ല.

2010 ജൂലൈയിലാണ് സംഝോത ഭീകരാക്രമണക്കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. 2011 ജൂലൈയില്‍ എട്ടുപേര്‍ക്കെതിരേ കുറ്റപത്രം നല്‍കി. സ്വാമി അസിമാനന്ദ, ലോകേഷ് ശര്‍മ, കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരായിരുന്നു പ്രതികള്‍. അസിമാനന്ദ നേതൃത്വം നല്‍കുന്ന അഭിനവ് ഭാരത് സംഘടനയുടെ നേതൃത്വത്തിലായിരുന്നു അജ്മീരിലും മക്കാ മസ്ജിദിലും മലേഗാവിലും സംഝോത എക്‌സ്പ്രസിലും ഭീകരാക്രമണം നടത്തിയത്. ഈ സ്‌ഫോടനങ്ങള്‍ മുംബൈ എസ്.എ.ടിയുടെ കീഴില്‍ ഹേമന്ദ്കര്‍ക്കറെയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.

ഈ സ്‌ഫോടനങ്ങളെല്ലാം ആസീമാനന്ദയുടെ നേതൃത്വത്തിലാണ് നടന്നതെന്ന് അദ്ദേഹം കണ്ടെത്തി.
2008ലായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച അന്വേഷണം നടത്തിയതും രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ തീവ്രവാദികളാണെന്ന് കണ്ടെത്തിയതും. 2008 നവംബര്‍ 26ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഹേമന്ദ്കര്‍ക്കറെ കൊല്ലപ്പെടുകയായിരുന്നു. ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ പത്‌നി കോടതിയില്‍ കേസ് നല്‍കിയിരുന്നതാണ്. ഇപ്പോഴും ഹേമന്ദ് കര്‍ക്കറെയുടെ മരണം ദുരൂഹമായിതന്നെ തുടരുന്നു.

ഹേമന്ദ്കര്‍ക്കറെയ്ക്കു ശേഷം രാജസ്ഥാന്‍ എ.ടി.എസ് അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദുത്വ ശക്തികളിലേയ്ക്ക് അന്വേഷണം എത്തുകയും ചെയ്തു. 2014 ജനുവരി 25ന് അസീമാനന്ദയുടെയും മറ്റ് നാല് പ്രതികളുടെയും പേരില്‍ സംഝോത എക്‌സ്പ്രസ് ഭീകരാക്രമണം കുറ്റം ചുമത്തുകയും ചെയ്തു. ഇതിനു ശേഷമാണ് തീസ് ഹസാരി ജയിലില്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് മുന്‍പാകെ അസിമാനന്ദ കുറ്റസമ്മതം നടത്തിയത്. ആര്‍.എസ്.എസുമായി ബന്ധമുള്ള ആളുകളുടെ ഭീകരാക്രമണ കേസുകള്‍ അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിച്ച് എഴുതിതള്ളുന്ന രീതിയാണിപ്പോള്‍ ഇന്ത്യയില്‍ നടന്ന്‌കൊണ്ടിരിക്കുന്നത്.
ഹിന്ദുത്വവാദികള്‍ പ്രതികളായ കേസുകളില്‍ എന്‍.ഐ.എ ഒത്തുകളിക്കുന്നുവെന്ന ആരോപണത്തിന് ബലംനല്‍കുന്നതാണ് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണിസാഹ്‌ലിയന്റെ പ്രസ്താവന. 2008ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രോഹ്ണി സാഹിലിയാന്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകളില്‍ മൃദുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിനു വേണ്ടി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നു 2015ല്‍ രോഹിണി സാലിയന്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

2015 ഒക്ടോബറില്‍ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും രോഹിണിസാഹ്‌ലിയ ഇത് ആവര്‍ത്തിച്ചു. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അവരെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളാണ് നീതിന്യായ വ്യവസ്ഥയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സംഘ്പരിവാര്‍ സര്‍ക്കാര്‍ നടത്തിയത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും കൊന്നും കേസുകളിലെ തെളിവുകള്‍ നശിപ്പിക്കുകയും പ്രതികളാകുന്നവരെ വെറുതെവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ദുരന്തക്കാഴ്ചയാണിപ്പോള്‍ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതാണു തെളിവില്ലെന്നു പറഞ്ഞ് അസിമാനന്ദയെ വെറുതെവിട്ട കോടതി വിധി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.