2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

നിയമം ഏതുവഴിക്കെന്ന് ജനം ഉറ്റുനോക്കുന്നു: ഉമ്മന്‍ചാണ്ടി

 

കോട്ടയം: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ പീഡനാരോപണത്തില്‍ നിയമം നിയമത്തിന്റെ വഴിക്കാണോ പാര്‍ട്ടിയുടെ വഴിക്കാണോയെന്നു കേരളം ഉറ്റുനോക്കുന്നെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുമെന്നു പറഞ്ഞുനടക്കുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ആത്മാര്‍ഥത തിരിച്ചറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എയ്‌ക്കെതിരായ യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്നതു ഇരട്ടനീതിയാണെന്നു കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. ഷുഹൈബ് വധക്കേസിലും പാര്‍ട്ടിയുടെ തീരുമാനം മറ്റൊന്നായിരുന്നില്ല.
പാര്‍ട്ടിയല്ല, അന്വേഷണം നടത്തേണ്ടതു പൊലിസാണെന്നും വനിതാ കമ്മിഷന്റെ നിലപാട് പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍പോലും ഏകോപനമില്ല. ചുമതല കൈമാറാതെ മുഖ്യമന്ത്രി വിദേശത്തേക്കു പോയതു ശരിയായില്ലെന്നും ഹസന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുന്ന ആയിരം വീട് പദ്ധതിയുടെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും എം.എം ഹസനും. വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിലേക്കു മണ്ഡലം കമ്മിറ്റികള്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.