2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

നിയന്ത്രണത്തില്‍ ഇളവ് ആവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ സുപ്രിംകോടതിയില്‍ ഹരജി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പണം നിക്ഷേപിക്കുന്നതും പിന്‍വലിക്കുന്നതും സംബന്ധിച്ചു റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. നോട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട നിരവധി കേസുകളാണു നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. നോട്ട് നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്നതടക്കമുള്ള ഹരജികള്‍ക്കൊപ്പം സഹകരണബാങ്കുകളുടെ ആവശ്യവും പരിഗണിക്കാമെന്ന് ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ വ്യക്തമാക്കി. 100 രൂപയും അസാധുവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. തമിഴ്‌നാട്ടില്‍ നിന്നുള്ള സഹകരണ ബാങ്കുകളടക്കമുള്ളവര്‍ നല്‍കിയ ഹരജികളും അന്നേ ദിവസം പരിഗണിക്കുന്നുണ്ട്.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പഴയ നോട്ടുകള്‍ മാറിനല്‍കുന്നതിനും റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സഹകരണ ബാങ്കിനും അര്‍ബന്‍ ബാങ്കുകള്‍ക്കും ഇടപാടുകള്‍ നടത്താം. പുതുതലമുറ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും 500, 1000 രൂപ നോട്ടുകള്‍ മാറി നല്‍കാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മാത്രം ഇടപാട് നടത്തുന്നതില്‍ വിലക്കേര്‍പ്പെടുത്തിയത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹരജി നല്‍കിയത്.
വ്യാപാരം ചെയ്യുന്നതിലും മാന്യമായി ജീവിക്കുന്നതിലും ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
തുല്യനീതി ലഭിക്കണമെന്നും ബാങ്കുകള്‍ സ്വീകരിച്ച പഴയനോട്ടുകള്‍ സാധുവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എ.ടി ജോര്‍ജ് എന്നിവര്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.