2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

 

 

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുകയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കുന്നത്.
പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ സംസ്ഥാനങ്ങളില്‍ ഇടപെടാനും നടപടികള്‍ക്ക് നേതൃത്വം നല്‍കാനും കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ദേശീയ ദുരന്ത നിവാരണ നിയമം. ഇതോടെ കൊവിഡിനെ നേരിടുന്നതിനുള്ള നടപടികള്‍ പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും.
ആരോഗ്യ സംരക്ഷണം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെയായിരിക്കും കേന്ദ്രം നടപടികള്‍ കൈക്കൊള്ളുക.
കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ദേശീയ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലം ചൂണ്ടിക്കാട്ടുന്നു.
ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കാനും സര്‍ക്കാറിന് അധികാരമുണ്ടാകും. തെറ്റായ വിവരങ്ങള്‍ നല്‍കുക, ദുരന്തം നേരിടാന്‍ നല്‍കുന്ന ഫണ്ടോ സാമഗ്രികളോ തെറ്റായി ഉപയോഗികുക തുടങ്ങിയവക്ക് രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകള്‍ ഇതിലുണ്ട്. അടച്ചുപൂട്ടല്‍ മാാര്‍ഗനിര്‍ദേശങ്ങളില്‍, നിയന്ത്രണ നടപടികള്‍ ലംഘിക്കുന്ന ആര്‍ക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 നും കീഴില്‍ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കണമെന്നും മതിയായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.