2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

നിപാ: മുഖ്യമന്ത്രി അവഗണിച്ചവര്‍ക്ക് ആദരം നല്‍കി സി.പി.എം അനുകൂല സഘടന

സ്വന്തം ലേഖകന്‍

കോഴിക്കോട്: നിപായെ തുരത്താന്‍ പ്രയത്‌നിച്ചവരെ ആദരിച്ചപ്പോള്‍ പട്ടികയില്‍ ഇടംനേടാത്ത നഴ്‌സുമാരെ പരിഗണിക്കാന്‍ സി.പി.എം അനുകൂല നഴ്‌സിങ് അസോസിയേഷന്‍ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചു. കെ.ജി.എന്‍.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട്ട് സംഘടിപ്പിച്ച ലിനി അനുസ്മരണ ചടങ്ങിലാണു നിപാ പ്രതിരോധ പ്രവര്‍ത്തകരായ 420 നഴ്‌സുമാരെ ആദരിച്ചത്.
നിപാ പ്രതിരോധത്തില്‍ പ്രയത്‌നിച്ചവരെ ആദരിക്കാന്‍ ജൂലൈ ഒന്നിനു കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്നു രാവിലെ ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് ആരോഗ്യവകുപ്പും ചിലരെ ആദരിച്ചു. മുഖ്യമന്ത്രിയുടെ ചടങ്ങില്‍ നിപായുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച 275 പേരെയാണ് ആദരിച്ചിരുന്നത്.
എന്നാല്‍ നിപാബാധിതരെ ചികിത്സിച്ചവരും പരിചരിച്ചവരുമായ നിരവധി പേര്‍ പട്ടികയില്‍ ഇടംനേടാത്തത് വിമര്‍ശനത്തിനു വഴിവച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരാണ് ആദരിക്കലില്‍നിന്ന് പുറത്തായത്. നിപയില്‍ ഏറ്റവും അപകടകരമായ ജോലി നിര്‍വഹിച്ച വിഭാഗമാണു നഴ്‌സുമാര്‍. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്ത ഇവരില്‍ ഭൂരിഭാഗവും പട്ടികയില്‍നിന്ന് പുറത്തായിരുന്നു. പ്രതിഷേധം ശക്തമായതോടെ പട്ടികയില്‍ വിട്ടുപോയ ചിലരെ കൂടി ആദരിക്കുന്നു എന്ന പേരില്‍ അവസാന നിമിഷം വേദിയിലേക്കു മെഡിക്കല്‍ കോളജിലെ ചില നഴ്‌സുമാരെ വിളിച്ചുവരുത്തി ആദരിച്ചു പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. എന്നാല്‍ വിമര്‍ശനം തുടര്‍ന്നതോടെയാണു നഴ്‌സുമാരെ കണ്ടെത്തി ആദരിക്കാന്‍ മറ്റൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനമായത്.
ലിനിയുടെ കുടുംബസഹായ ഫണ്ട് കൈമാറുന്ന ചടങ്ങില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ആദരിക്കല്‍ ചടങ്ങ് നടത്താനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ആദരിക്കല്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മലപ്പുറം ജില്ലയിലെ നഴ്‌സുമാരെയും ഇന്നലെ കെ.ജി.എന്‍.എയുടെ നേതൃത്വത്തില്‍ ആദരിച്ചു. 420 നഴ്‌സുമാരെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ആദരിച്ചത്.
വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളായി ഒരോരുത്തരാണ് ആദരവ് ഏറ്റുവാങ്ങിയത്. ഇതില്‍ ഭൂരിഭാഗം പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുള്ളവരാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെയും ആദരിച്ചു. ഡോക്ടര്‍മാരേക്കാള്‍ സദാസമയവും നിപാരോഗികളെ പരിചരിച്ചത് നഴ്‌സുമാരായിരുന്നു. ഇവരുടെ അര്‍പ്പണബോധം പരിഗണിക്കാതെയാണ് ആദരിക്കല്‍ പട്ടിക തയാറാക്കിയതെന്നായിരുന്നു പ്രധാനവിമര്‍ശനം.
നിപായെ പിടിച്ചുകെട്ടാന്‍ പ്രധാനമായും പ്രയത്‌നിച്ചത് നഴ്‌സുമാരാണെന്ന് കെ.ജി.എന്‍.എ ജന. സെക്രട്ടറി പി. ഉഷാദേവി പറഞ്ഞു. നേരത്തെയുള്ള ആദരിക്കല്‍ ചടങ്ങില്‍നിന്ന് ചിലരൊക്കെ വിട്ടുപോയകാര്യം ചടങ്ങില്‍ മുഖ്യാതിഥിയായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും പറഞ്ഞു. ആദരവു പ്രതീക്ഷിച്ചല്ല നഴ്‌സുമാര്‍ ജോലിചെയ്യുന്നതെന്നും അവരുടെ സേവനം നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.