2019 February 21 Thursday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

നിപാ ഭീതി ബാധിച്ചില്ല: ചങ്ങരോത്ത് എം.യു.പിയില്‍ കുട്ടികളും ഡിവിഷനും വര്‍ധിച്ചു

പേരാമ്പ്ര: നിപാ ഭീതി ഒഴിഞ്ഞപ്പോള്‍ ചങ്ങരോത്ത് സൂപ്പിക്കടയിലെ എം.യു.പി സ്‌കൂളില്‍ ഒരു ഡിവിഷനും 81 വിദ്യാര്‍ഥികളും വര്‍ധിച്ചു.
നിപാബാധ മൂലം ഭീതിയിലായ ചങ്ങരേത്തെ എം.യു.പി സ്‌കൂളില്‍ പതിവിന് വിപരീതമായി വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം നടത്തിയത്.
ജൂണ്‍ അഞ്ചിന് സ്‌കൂളുകള്‍ തുറക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചതെങ്കിലും നിപാ ഭീതി തുടരുന്നതിനാല്‍ മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷിതാക്കള്‍ അധ്യാപകരെ ഫോണിലും അല്ലാതെയും ബന്ധപ്പെട്ട് സ്‌കൂള്‍ തുറക്കുന്നുണ്ടോ എന്ന സംശയം ദുരീകരിച്ചിരുന്നു.
സൂപ്പിക്കട പ്രദേശം ഉള്‍പ്പെടുന്ന സ്ഥലത്തെ ഏകപൊതുവിദ്യാലമായ ഇവിടെ കഴിഞ്ഞ വര്‍ഷത്തേക്കാളും വിദ്യാര്‍ഥികളാണ് ഇത്തവണയെത്തിയത്. കഴിഞ്ഞ വര്‍ഷം 351 വിദ്യാര്‍ഥികളുണ്ടായിരുന്ന ഇവിടെ ഇത്തവണ 382 ആയി ഉയര്‍ന്നു. സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഴ്‌സറിയില്‍ എല്‍.കെ.ജിയില്‍ പുതുതായി എത്തിയ 40 കുട്ടികളുള്‍പ്പെടെ 75 പേരുമുണ്ട്.
നിപാ ഭീതി അകന്നതിനാലാണ് ഇന്ന് മക്കളുമായെത്തിയതെന്ന് പ്രവേശനോത്സവത്തിന് എത്തിയ ഒരു മാതാവ് പറഞ്ഞു. ജൂണ്‍ അഞ്ചിന് തുറക്കുമെന്ന് പറഞ്ഞ സമത്ത് കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് അയക്കുമെന്ന പേടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പേടിയും വിട്ടൊഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കിയ ബോധവല്‍ക്കരണവും ഭീതി അകലാന്‍ കാരണമായെന്നും അവര്‍ പറഞ്ഞു.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും നിപാ വൈറസ് ബാധിച്ച് മരണപ്പെട്ടവരുമായ സാബിത്തിനെയും സ്വാലിഹിനെയും അനുസ്മരിച്ച് മൗനപ്രാര്‍ഥനയോടെ തുടങ്ങിയ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.എം രാജീവന്‍ അധ്യക്ഷനായി. പേരാമ്പ്ര വികസന മിഷന്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മന്ത്രി ടി.പി രാമകൃഷ്ണന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു.
പ്രധാനാധ്യാപിക കെ.കെ ആശാലത, മാനേജര്‍ എം.കെ കുഞ്ഞബ്ദുല്ല, പി.സി സന്തോഷ്, എന്‍.സി അബ്ദുറഹ്മാന്‍, കെ.കെ യൂസഫ്, കെ. സനില, പി.എം അബ്ദുല്‍അസീസ്, എസ്. സുനന്ദ്, സി.കെ വിജയന്‍, ഷിഹാബ് കന്നാട്ടി, വി.എം ബാബു, കെ.ടി മൊയ്തീന്‍, എന്‍.കെ സലാം, പി. മുനീര്‍ സംബന്ധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.