2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

നിപാ ഭീതി ഒഴിഞ്ഞു, മഴയും ബാധിച്ചില്ല; പെരുന്നാള്‍ തിരക്കിലമര്‍ന്ന് നഗരം

 

സ്വന്തം ലേഖകന്‍

കോഴിക്കോട്: ‘ഞമ്മക്ക് പോയാലും ഇങ്ങളെ പെരുന്നാള് ജോറായിക്കോട്ടെ താത്തെ…’ ഏതു കടയില്‍ കയറണമെന്നു ശങ്കിച്ചു നില്‍ക്കുന്ന ഉമ്മയോടും മക്കളോടും വിലക്കുറവിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള തുണിക്കടയിലെ ജീവനക്കാരന്റെ വാക്കുകളാണിത്.
നിപാഭീതി വിട്ട് പെരുന്നാളിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആയിരങ്ങളാണു മഴയെ അവഗണിച്ചും ഇന്നലെ നഗരത്തിലെത്തിച്ചേര്‍ന്നത്. വസ്ത്രങ്ങളെടുക്കാനും മധുര പലഹാരങ്ങള്‍ക്കും പെരുന്നാള്‍ ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങള്‍ വാങ്ങാനുമായാണു ഭൂരിഭാഗംപേരും കടകള്‍ തോറും കയറിയിറങ്ങിയത്. ഒഴിവുദിവസമായതിനാല്‍ കുടുംബസമേതം എത്തിയവരുടെ എണ്ണവും കുറവല്ല. മിഠായിത്തെരുവിലാണു പ്രധാനമായും കാലുകുത്താനിടമില്ലാത്ത വിധം തിരക്കനുഭവപ്പെട്ടത്. പാളയത്തും നഗരത്തിലെ വലിയ വസ്ത്ര വില്‍പനശാലകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്കിനു കുറവുണ്ടായിരുന്നില്ല.
മിഠായിത്തെരുവില്‍ റോഡിലൂടെ ഒഴുകിയ ജനസഞ്ചയത്തെ തങ്ങളുടെ കടയിലേക്കാകര്‍ഷിക്കാന്‍ രസകരമായ വാക്പ്രയോഗങ്ങളുമായി എല്ലാ കടകള്‍ക്കു മുന്‍പിലും ജീവനക്കാരുടെ നിരയുണ്ടായിരുന്നു. വിലക്കുറവിന്റെ കാര്യം പറഞ്ഞും വസ്ത്ര വൈവിധ്യങ്ങളുടെ ശേഖരം ഉയര്‍ത്തിക്കാട്ടിയും ഇവര്‍ പരസ്പരം മത്സരിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള കച്ചവടം മുന്നില്‍കണ്ടു വ്യാപാരികളും വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പ്രധാനമായും വസ്ത്രവ്യാപാരികളാണു വിപണി കീഴടക്കാന്‍ കൂടുതല്‍ മുതല്‍മുടക്കിയത്. വര്‍ണാഭമായ പരസ്യങ്ങള്‍ നല്‍കിയും പെരുന്നാള്‍ സ്‌പെഷല്‍ കലക്ഷനുകള്‍ ഒരുക്കിയും വന്‍കിട വസ്ത്ര വ്യാപാരികള്‍ കച്ചവടം ലക്ഷ്യമിട്ടപ്പോള്‍ ഏവര്‍ക്കും താങ്ങാവുന്ന വിലനിരക്കുമായാണ് ചെറുകിട കച്ചവടക്കാര്‍ രംഗത്തെത്തിയത്.
റമദാന്‍ വ്രതാരംഭത്തോടെ തന്നെ പഴം പച്ചക്കറി വിപണി സജീവമാണെങ്കിലും പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇവിടെയും കൂടുതല്‍ തിരക്കനുഭവപ്പെടുന്നുണ്ട്. വിലവര്‍ധനവില്‍ കാര്യമായ മാറ്റമില്ലെങ്കിലും വില്‍പനയില്‍ കുറവുണ്ടായിട്ടില്ല.
മഴ കുറവായതിനാല്‍ രാവിലെ മുതല്‍ തന്നെ സ്ത്രീകളും കുട്ടികളുമടക്കം കുടുംബസമേതമായി ഷോപ്പിങ്ങിനെത്തി. എങ്കിലും ഉച്ചയ്ക്കു ശേഷമാണു നഗരം ശരിക്കും ജനത്തിരക്കില്‍ വീര്‍പ്പുമുട്ടിയത്. ഉച്ചയ്ക്കുശേഷം ഇടവിട്ടു പെയ്ത മഴ ബാധിച്ചിട്ടില്ലെന്നാണു കച്ചവടക്കാര്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.