2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

‘നിങ്ങള്‍ ജീവിച്ചിരിപ്പില്ലെന്ന് അധികൃതര്‍’ നിലവിളിയോടെ കുഞ്ഞി പഞ്ചായത്ത് ഓഫിസില്‍

വാര്യര്‍ വി കിളിമാനൂര്‍

കിളിമാനൂര്‍: സാറെ ഞാന്‍ മരിച്ചില്ല ജീവിച്ചിരിപ്പുണ്ട്, എന്റെ പെന്‍ഷന്‍ എന്തിനാ നിര്‍ത്തലാക്കിയത്. നിലവിളിയുമായി കിളിമാനൂര്‍ അടയമണ്‍ നെല്ലിക്കുന്നില്‍ വീട്ടില്‍ കുഞ്ഞി (62) പഞ്ചായത്ത് ഓഫിസില്‍ എത്തിയപ്പോള്‍ ജീവനക്കാരും കണ്ടു നിന്നവരും അന്താളിച്ചു.
പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലാണ് ഇന്നലെ കുഞ്ഞി എത്തിയത്. 824853830874 ആധാര്‍ ഉടമയായ കുഞ്ഞിക്ക് കഴിഞ്ഞ കുറേക്കാലമായി സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. വാര്‍ധക്യകാല പെന്‍ഷനാണ് ലഭിക്കുന്നത്. ഇക്കുറി നാലു മാസത്തെ പെന്‍ഷന്‍ ലഭിക്കുമെന്നും അതുകൊണ്ട് ഓണം കൊള്ളാമെന്ന പ്രതീക്ഷയിലുമായിരുന്നു കുഞ്ഞി. പെന്‍ഷന്‍ കിട്ടിയില്ലെന്നു മാത്രമല്ല ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പെന്‍ഷന്‍ തരാന്‍ കഴിയില്ലെന്ന് കൂടി അറിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ കുഞ്ഞി ഞെട്ടി. അങ്ങനെയാണ് നിലവിളിച്ചു കൊണ്ട് പഞ്ചായത്തോഫിസില്‍ എത്തിയത്. പഞ്ചായത്തിലും സംസ്ഥാനത്തും നിരവധി പേര്‍ക്ക് ഇതേ അവസ്ഥയാണുള്ളത്. നെല്ലിക്കുന്ന് കുഴിവിള വീട്ടില്‍ ബി. സാവിത്രി (75)ക്കും മരിച്ച കാരണം പറഞ്ഞ് പെന്‍ഷന്‍ തടഞ്ഞിരിക്കുകയാണ്.
നാലുചക്ര വാഹനം ഉണ്ടെന്ന കാരണം പറഞ്ഞ് വാഹനമില്ലാത്ത നിരവധി പട്ടിണി പാവങ്ങളുടെ പെന്‍ഷനും ഇക്കൂട്ടത്തില്‍ തടഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പെന്‍ഷന്‍ തടയപ്പെട്ടവരും ഓഫിസുകള്‍ കയറിയിറങ്ങുകയാണ് പെന്‍ഷന്‍ ലഭിച്ചിട്ട് ഓണത്തിനുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങാമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്ന പലരും അവസാന സമയത്ത് എന്തു ചെയ്യണമെന്ന് അറിയാന്‍ വയ്യാതെ അധികൃതരെ ശപിക്കുകയാണ്. അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള വിവര ശേഖരണത്തിന് സ്വകാര്യ ഏജന്‍സിയെ ആണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് അവര്‍ ധനകാര്യ വകുപ്പിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തടഞ്ഞവരുടെ പട്ടിക പരിശോധിച്ച് ആക്ഷേപം സമര്‍പ്പിക്കാന്‍ നല്‍കിയ നിര്‍ദേശം സമയ ക്രമം പാലിച്ച് യഥാസമയം സമര്‍പ്പിക്കാത്തതുമാണ് പാവപ്പെട്ടവര്‍ക്ക് വിനയായത്. പരിശോധന കഴിഞ്ഞ് തടഞ്ഞവരുടെ പെന്‍ഷന്‍ കിട്ടാന്‍ ഇനി മാസങ്ങള്‍ കഴിയും.

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.