2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

നിങ്ങളുടെ വൃക്കയ്ക്ക് രോഗമുണ്ടോ എന്ന് എങ്ങിനെ അറിയാം

വൃക്കരോഗികളുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവരിലും രോഗം സര്‍വസാധാരണമായിരിക്കുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റു അവയവങ്ങളിലാണ് പ്രകടമാവുന്നത്. അതിനാല്‍ വൃക്കരോഗത്തെക്കുറിച്ച് തികഞ്ഞ അവബോധം നമുക്കുണ്ടാകണം. എങ്കില്‍ മാത്രമേ രോഗം മുന്‍കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുകയുള്ളു.

ശരീരത്തില്‍ നീര്

മുഖത്തും കാലുകളിലും വയറിലും കാണുന്ന നീരാണ് വൃക്ക രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം. രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും നീര് അനുഭവപ്പെടുകയാണ് ചെയ്യുക. എങ്കിലും എല്ലാ നീരും വൃക്ക രോഗം ആകണമെന്നില്ല. ചില വൃക്കരോഗങ്ങള്‍ വന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവുകയുമില്ല. എങ്കിലും നീര് പ്രത്യക്ഷപ്പെടാറുണ്ട്. (ഉദാ: നെഫ്രാട്ടിക് സിന്‍ഡ്രോം). മാത്രമല്ല എല്ലാ വൃക്കരോഗങ്ങള്‍ക്കും നീര് പ്രത്യക്ഷപ്പെടണമെന്നുമില്ല.

വിശപ്പില്ലായ്മ

മാലിന്യങ്ങള്‍ പുറന്തള്ളപ്പെടാത്തതിനാല്‍ ശരീരത്തിലെ വിഷാംശം വര്‍ധിക്കുന്നതിനാലാണ് വിശപ്പില്ലായ്മ അനുഭവപ്പെടുന്നത്.

അമിത രക്തസമ്മര്‍ദ്ദം

വൃക്കരോഗികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണമാണ്. 30 വയസില്‍ താഴെയുള്ള ഒരാളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായാല്‍ വളരെ ശ്രദ്ധിക്കണം. ഇത് വൃക്കരോഗത്തിന്റെ ലക്ഷണമാകാം.

വിളര്‍ച്ച, തളര്‍ച്ച, ക്ഷീണം, കിതപ്പ്

വിളര്‍ച്ചയ്ക്കുള്ള മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെങ്കില്‍ വൃക്കരോഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൃത്യമായി പറയാനാവാത്ത ലക്ഷണങ്ങള്‍

നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചില്‍, ശരീര വേദന, കാലിലും കൈയിലും കടച്ചില്‍. വൃക്കരോഗം ബാധിച്ച കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവ്, പൊക്കക്കുറവ്, കാല്ലെല്ല് വളയുക എന്നിവ കണ്ടുവരുന്നു.

മൂത്രാശയ സംബന്ധമായ ലക്ഷണങ്ങള്‍

മൂത്രത്തിന്റെ  അളവു കുറയുക, തുടരെതുടരെ മൂത്രം പോകുക, മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്.

മൂത്ര കടച്ചില്‍ മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണമാണ്.

  മൂത്രം പോകാന്‍ തടസം അല്ലെങ്കില്‍ തുള്ളിതുള്ളിയായി മൂത്രം പോകുക, തീരെ പോകാതിരിക്കുക എന്നിവയും വൃക്കരോഗത്തിന്റെ  ലക്ഷണങ്ങളാകാം.

മേല്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും  വൃക്കരോഗത്തിന് മാത്രമായുള്ളതല്ല. അതിനാല്‍ ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധനകള്‍ നടത്തി വൃക്കരോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം. ഒരു ലക്ഷണവുമില്ലാതെയും വൃക്കരോഗം കണ്ടെന്നു വരാം. നേരത്തേ കണ്ടെത്തിയാല്‍ വൃക്കരോഗം മൂര്‍ച്ഛിക്കുന്നത് തടയാം.

‘തക്ക സമയത്ത് മുള്ളുകൊണ്ട് എടുത്തില്ലെങ്കില്‍ തൂമ്പാകൊണ്ട് എടുക്കേണ്ടി വരും’. വൃക്കയെ സംബന്ധിച്ച് ഈ പഴഞ്ചൊല്ല് അന്വര്‍ഥമാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.