2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

നിങ്ങളുടെ മനസിന് എത്ര വയസായി?

 

അവനെയും കൂട്ടി കടയില്‍ കയറിയാല്‍ കുടുങ്ങിയതു തന്നെ. കണ്ണില്‍ കണ്ടതെല്ലാം അവനു വേണ്ടി വരും. വാങ്ങിക്കൊടുക്കുന്നതുവരെ സൈ്വര്യം തരില്ല. വേണ്ടാ എന്നൊരു വാക്ക് അവന്റെ നാവില്‍നിന്നു വന്നതായി ഇന്നുവരെ കേട്ടിട്ടില്ല എന്നാണ് അവന്റെ പിതാവ് പറയുന്നത്. എന്നാല്‍ അവന്റെ ജ്യേഷ്ഠന്‍ നേര്‍വിപരീതമാണ്. എന്തു വാങ്ങിക്കൊടുത്താലും വേണ്ടാ എന്നേ പറയൂ. കാരണം തിരക്കിയാല്‍ ചെറുപുഞ്ചിരിയോടെ അവന്‍ പറയും: ”എനിക്കു പറ്റിയതൊന്നും ഇവിടെയില്ല.”
സത്യത്തില്‍ മേല്‍പറഞ്ഞ കുട്ടിയുടെ മനസാണ് ഇന്നു ബഹുഭൂരിപക്ഷമാളുകള്‍ക്കുമുള്ളത്. കണ്ണില്‍ കണ്ടെതെല്ലാം വാങ്ങിക്കൂട്ടാനും വാരിക്കൂട്ടാനും തിടുക്കം കാണിക്കുന്നതു കാണുമ്പോള്‍ ശരിക്കും കുട്ടികളെ ഓര്‍മവരുന്നു. തനിക്ക് ആവശ്യമാണോ അല്ലെയോ എന്നതല്ല കുട്ടികള്‍ നോക്കുക. കൗതുകം തോന്നുന്നതെല്ലാം അവര്‍ക്കു സ്വന്തമാക്കണം. തനിക്കു വേണ്ടതാണോ വേണ്ടാത്തതാണോ എന്നതല്ല നോട്ടം. പുതിയ മോഡലാണെങ്കില്‍ എനിക്കതു വേണം എന്നാണു ചിന്ത. ശരീരം വളര്‍ന്നിട്ടുണ്ടെങ്കിലും പലരുടെയും മനസ് ഇപ്പോഴും ബാല്യത്തില്‍തന്നെയാണു നിലകൊള്ളുന്നത്.

നിസാരപ്രശ്‌നങ്ങളെ ഹിമാലയന്‍ വിഷയങ്ങളാക്കി കാണുന്നവരും അവതരിപ്പിക്കുന്നവരുമാണു കുട്ടികള്‍. വലിയ വിഷയങ്ങളല്ല, ചെറിയ വിഷയങ്ങളാണ് അവര്‍ക്കു വലിയ വിഷയങ്ങള്‍. വീട്ടില്‍നിന്നു ലക്ഷങ്ങള്‍ മോഷണം പോയാലും പ്രശ്‌നമില്ല, തന്റെ കളിപ്പാട്ടം മോഷണം പോവുകയോ മറ്റാരെങ്കിലും എടുത്തുപയോഗിക്കുകയോ ചെയ്യരുതെന്നാണ് അവരുടെ നിലപാട്. ഈ കുട്ടിമനസ് കുട്ടിപ്രായം കഴിയുന്നതോടെ വിട്ടുകളയേണ്ടതാണ്. അതിനുപകരം ജീവിതാന്ത്യം വരെ ഈ മനസുമായി നടക്കുന്ന ‘വലിയ’ മനുഷ്യന്മാരുണ്ട്. നിസാര വിഷയങ്ങളെ ഊതിപ്പെരുപ്പിച്ചു ഭീകരവിഷയങ്ങളാക്കി അവതരിപ്പിക്കുന്നവര്‍. എന്നാല്‍ ഭീകരവിഷയങ്ങള്‍ അവര്‍ നിസാരവിഷയങ്ങളായി തള്ളുകയും ചെയ്യും. ബലിമൃഗങ്ങളെ ബലിയറുത്താല്‍ അതു പൊറുക്കപ്പെടാത്ത പാപം. അതേസമയം മനുഷ്യരെ കൊന്നാല്‍ അതിനൊരു കുഴപ്പവുമില്ല…! മനുഷ്യരല്ല, മൃഗങ്ങളാണവര്‍ക്കു പ്രധാനം. കുട്ടികള്‍ക്ക് അവരുടെ കളിപ്പാട്ടങ്ങളാണു പ്രധാനം. അതു തൊട്ടുകളിച്ചാല്‍ അവര്‍ ഏതു വിലപ്പെട്ടതും നശിപ്പിക്കാന്‍ മുതിര്‍ന്നേക്കും.
അനാവശ്യമായ വാശിക്കാരാണല്ലോ കുട്ടികള്‍. തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതുവരെ അവര്‍ ജീവന്മരണ പോരാട്ടം നടത്തും. അതിന്റെ പേരില്‍ കലഹങ്ങളും കലാപങ്ങളും വരെ നടത്തും. വിഷയം ചെറിയൊരു വിട്ടുവീഴ്ചയില്‍ തീര്‍ക്കാവുന്നതുമായിരിക്കും. തന്റെ കളിപ്പാട്ടം മറ്റുള്ളവര്‍ക്കു കളിക്കാന്‍ കൊടുത്താല്‍ കൊച്ചുകുട്ടികളുടെ ഭാവം മാറുന്നതു കണ്ടിട്ടില്ലേ. അതുപോലെ, ഒരു പുഞ്ചിരി കൊണ്ടു തീര്‍ക്കാവുന്ന വിഷയം ആയിരമായിരം കണ്ണീര്‍തുള്ളികള്‍ വീഴ്ത്തുന്ന വിഷയമാക്കി മാറ്റാന്‍ ഒരു മടിയുമില്ലാത്ത പലരുമുണ്ട്. അനാവശ്യമായ വാശി മനസിലേറ്റി പ്രശ്‌നങ്ങളെ കുരുക്കഴിക്കാന്‍ കഴിയാത്തവിധം അതിസങ്കീര്‍ണമാക്കിത്തീര്‍ക്കുന്ന അത്തരക്കാര്‍ ശരീരംകൊണ്ടേ വലിപ്പം വച്ചിട്ടുള്ളൂ; മനസാ അവര്‍ കുട്ടികളാണ്.

കുറച്ചങ്ങ് നീങ്ങിയിരിക്കൂ എന്നു പറഞ്ഞാല്‍ അനങ്ങാപാറ നയം സ്വീകരിക്കുന്ന ചില വിദ്യാര്‍ഥികളുണ്ട് വിദ്യാലയങ്ങളില്‍. ആകാശം പൊളിഞ്ഞുവീഴുകയാണെന്നു പറഞ്ഞാലും മറ്റുള്ളവനു വേണ്ടി ഒരനക്കംപോലും നീങ്ങിക്കൊടുക്കാത്ത ദുര്‍വാശിക്കാര്‍. ഇവരുടെ വികസിതരൂപങ്ങളല്ലേ തന്റെ പറമ്പില്‍നിന്ന് ഒരു പൊടിയിടം പോലും അയല്‍ക്കാരനു വിട്ടുകൊടുക്കില്ലെന്നു പറഞ്ഞു വാശിപിടിക്കുന്നവര്‍?

ഒന്നാം തരത്തില്‍ പഠിക്കുന്ന ചില കുട്ടികളെ ശ്രദ്ധിച്ചാല്‍ മതി, അവരുടെ കൂട്ടത്തില്‍ നിത്യപരാതിക്കാര്‍ അനേകം കാണും. അധ്യാപകന്‍ കാര്യമായൊരു വിഷയം അവതരിപ്പിക്കുമ്പോഴും അവര്‍ പരാതിയിലായിരിക്കും. അവന്‍ എന്നെ അടിച്ചു, പേടിപ്പിച്ചു, നുള്ളി തുടങ്ങിയ ‘ആനക്കാര്യ’ങ്ങളായിരിക്കും അവര്‍ പരാതിയായി പറയുക. ക്ഷമ കൈക്കൊള്ളാനുള്ള പക്വത അവര്‍ക്കുണ്ടാകില്ലല്ലോ. പക്ഷേ, ഈ പക്വത ജീവിതത്തില്‍ തീരെ നേടിയെടുക്കാതെ വളര്‍ന്നുവരുന്ന ആളുകളുണ്ട്. ക്ഷമ എന്നത് അവരുടെ നിഘണ്ടുവില്‍ കാണപ്പെടാത്ത പദമായിരിക്കും. അതുകൊണ്ടാണ് ഏതുസമയവും അവര്‍ പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത്.
മറ്റുള്ളവര്‍ക്ക് അടി കിട്ടുന്നതും അടി വാങ്ങിച്ചുകൊടുക്കുന്നതും ചില വിദ്യാര്‍ഥികള്‍ക്കു ഹരമാണ്. കൂടെയുള്ളവരുടെ നിസാര ന്യൂനതകള്‍പോലും അധ്യാപകന്റെ മുന്നില്‍ അവതരിപ്പിച്ച് അവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കും. ഇതുപോലെ നിരന്തരം കേസും കൂട്ടുമായി ജീവിക്കുന്ന ആളുകളുണ്ട്. അനങ്ങിയാല്‍ പൊലിസ് സ്റ്റേഷനും കോടതിയുമായി നടക്കുന്നവര്‍. ആരെയും നിയമത്തിനുമുന്നില്‍ പ്രതികളാക്കി മാറ്റാന്‍ ഏതു ത്യാഗത്തിനും തയാറാകുന്ന ഇത്തരം സാഡിസ്റ്റുകള്‍ വികാസം പ്രാപിക്കാത്ത കുട്ടിമനസിന്റെ ഉടമകളാണ്.

തുടക്കത്തില്‍ പറഞ്ഞ കുട്ടിയുടെ ജ്യേഷ്ഠന്റെ മനസുള്ളവര്‍ വളരെ ചുരുക്കം. കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടാനുള്ളതല്ല ജീവിതം എന്നു ചിന്തിക്കുന്ന അത്തരക്കാര്‍ പക്വത നേടിയ മനസിനുടമകളാണ്. അവരുടെ ശരീരം വളര്‍ന്നതുപോലെ അവരുടെ മനസും വളര്‍ച്ച പ്രാപിച്ചതായിരിക്കും. അനാവശ്യമായ വാശി മനസിലേറ്റി നടക്കുന്നതിനുപകരം വിട്ടുവീഴ്ച ചെയ്തു കാര്യമുള്ള കാര്യങ്ങളില്‍ അവര്‍ വ്യാപൃതരാകും. അവര്‍ പ്രശ്‌നങ്ങള്‍ കാണുന്നവരല്ല, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നവരാണ്. മറ്റുള്ളവരെ പ്രതികളാക്കി മാറ്റുന്നതിനുപകരം അവരുടെ നിരപരാധിത്വം തെളിയിക്കാനായിരിക്കും അവര്‍ ശ്രമിക്കുക. പ്രശ്‌നങ്ങളെ കോടതികള്‍ കയറ്റാതിരിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്യും.
ലോകം ഇന്ന് ദാഹിക്കുന്നത് ശാസ്ത്രപുരോഗതിക്കല്ല, മനസിന്റെ വികാസത്തിനാണ്. വലിയ മനുഷ്യര്‍ കുട്ടിമനസുമായി നടക്കുന്നതാണ് ഇന്നത്തെ ഏറ്റവും മലീമസമായ കാഴ്ചകളിലൊന്ന്. കുട്ടികള്‍ക്ക് കുട്ടിമനസ് അലങ്കാരമാണെങ്കില്‍ മുതിര്‍ന്നവര്‍ക്കത് അലങ്കോലമാണ്. മുതിര്‍ന്നവര്‍ മുതിര്‍ന്ന മനസ് കാണിക്കണം. കുട്ടിമനസ് കുട്ടിപ്രായം വിടുന്നതോടെ വിട്ടേക്കണം. മുതിര്‍ന്ന പ്രായത്തിലും കുട്ടിമനസുമായി നടക്കുന്നവരെ ജനം വിലകല്‍പിക്കില്ല. ‘നീയെന്താ കുട്ടികളെപ്പോലെ’ എന്നായരിക്കും പക്വമതികള്‍ അവരോടു ചോദിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News