2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘നിങ്ങളുടെ എല്ലാ രഹസ്യങ്ങളും എനിക്ക് അറിയാം’: അമേരിക്കയില്‍ തട്ടിപ്പു കത്തുകള്‍ പെരുകുന്നു

‘നിങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ നിന്നും മറ്റെല്ലാവരില്‍ നിന്നും മറച്ചുവെച്ചിരിക്കുന്ന എല്ലാ രഹസ്യങ്ങളും എനിക്ക് അറിയാം. അതിന്റെ തെളിവുകളും എന്റെ കൈയ്യിലുണ്ട്’. ജൂലായ് 21 ന് വാഷിംഗ്ടണിലെ ജെഫ് സ്‌ട്രോഹെല്‍സിനു ലഭിച്ച മെയിലാണിത്. ആ രഹസ്യം വെളിപ്പെടുത്താതിരിക്കാനായി എനിക്ക് 15,750 ഡോളര്‍ നല്‍കണമെന്നും അല്ലാത്തപക്ഷം ആ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭീക്ഷണിയും. ഈ മെയില്‍ കണ്ടതോടെ ജെഫ് സ്‌ട്രോഹെല്‍സ് ഒന്നു ഞെട്ടി. അദ്ദേഹം കഴിഞ്ഞ 14 വര്‍ഷമായി വാഷിംങ്ടണ്ണില്‍ താമസിക്കുന്നു. പക്ഷേ ഇങ്ങനെ ഒരു കത്ത് അദ്ദേഹത്തിന് കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. ദീര്‍ഘനേരത്തെ ആലോചനയ്ക്കു ശേഷം അദ്ദേഹം ആ കത്ത് തന്റെ അയല്‍പക്കകാരുമായി പങ്കുവെച്ചിരുന്നു. പിറ്റേന്നു രാവിലെ ആ കത്തിനു ലഭിച്ച പ്രതികരണം വളരെ വലുതായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിനു മനസിലായത് സമാനമായ രീതിയില്‍ ഭീഷണി നേരിടുന്ന ഈ മേഖലയിലെ പലയാളുകളില്‍ ഒരാളാണ് താനെന്ന സത്യം. പിന്നീട് നാഷ്വില്ലയില്‍ നിന്നും മറ്റൊരു കത്തും അദ്ദേഹത്തിനു വന്നു. രണ്ടു പേജുള്ള ആ കത്തില്‍ ബിറ്റ് കോയിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വിവരിച്ചിരുന്നത്. അതില്‍ പറയുന്നതു പ്രകാരം ഒന്‍പത് ദിവസത്തിനുള്ളില്‍ ‘രഹസ്യ ഫീസ്’ ആയ 15,750 ഡോളര്‍ അടച്ചില്ലെങ്കില്‍, അദ്ദേഹത്തിന്റെ രഹസ്യങ്ങളുടെ തെളിവുകള്‍ ഭാര്യക്കും സുഹൃത്തുക്കള്‍ക്കും അയക്കുമെന്ന ഭീഷണിയും. ‘നമ്മള്‍ എത്രത്തോളം രഹസ്യങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അറിയാനാണ് അവര്‍ ശ്രമിക്കുന്നത്. ഇങ്ങനെ ലഭിച്ച കത്തു മാനസികപരമായി നമ്മെ സ്വാധീനിക്കുന്നുണ്ട്’ ജെഫ് സ്‌ട്രോഹെല്‍സ് പറയുന്നു. ഈ കത്തിലെ ഏറ്റവും കൗതുകകരമായ കാര്യമെന്തെന്നാല്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തേണ്ടത് 100 ഇടപാടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവരുമായിട്ടാണ്. അല്ലാത്തപക്ഷം പറ്റിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന നിര്‍ദ്ദേശമാണ്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സ്‌ട്രോഹെല്‍സിന്റെ അയല്‍വാസിയായ ജോഫ് ജേക്കബ് എന്ന വ്യക്തിക്കും ജൂലായ് 19 സമാനമായ ഒരു കത്ത് ലഭിച്ചു. അതിലേ ഉള്ളടക്കവും ജെഫ് സ്‌ട്രോഹെല്‍സിനു ലഭിച്ചതു പോലെയായിരുന്നു. എന്നാല്‍ രസകരമായ മറ്റൊരു വസ്തുത എന്നു പറയുന്നത് ജോഫ് ജേക്കബ് വിവാഹ മോചിതനായിട്ട് ഏഴ് വര്‍ഷം കഴിഞ്ഞിരുന്നു എന്നതാണ്. എങ്കിലും കത്തിന്റെ വിശ്വസ്തയുണര്‍ത്തുന്ന രീതി മൂലം ‘ ഇനി ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ’ എന്നു പോലും അദ്ദേഹം സംശയിച്ചു. പിന്നീട് നാലു ദിവസം കഴിഞ്ഞ് ലഭിച്ച മറ്റൊരു കത്തില്‍ അദ്ദേഹത്തിന്റെ വെബ് ക്യാമിന്റെ വിവരങ്ങള്‍ അടങ്ങിയതായിരുന്നു. അദ്ദേഹം അശ്ലീല വിഡിയോകള്‍ കാണുന്നതിനെ കുറിച്ചുള്ളതായിരുന്നു ആ തെളിവുകള്‍. ഗസ് എന്ന പേരിലാണ് ഇത്തവണ കത്തുകള്‍ അയച്ചിരുന്നത്. അയാള്‍ ആവശ്യപ്പെടുന്നതു പ്രകാരം 8,000 ഡോളര്‍ നല്‍കിയില്ലെങ്കില്‍ ആ തെളിവുകള്‍ പുറത്തു വിടുമെന്ന സ്ഥിരം ഭീഷണിയും. ‘എന്റെ ലാപ്പ്‌ടോപ്പ് വാങ്ങിയതു മുതല്‍ എന്റെ വെബ്ക്യാമം തടഞ്ഞു വെച്ച കാര്യം ഗസയ്ക്ക് അറിയില്ല’ എന്നൊരു മറുപടിയാണ് ഇപ്രാവശ്യം അദ്ദേഹം തട്ടിപ്പുക്കാര്‍ക്ക് നല്‍കിയത്. ഞാന്‍ തട്ടിപ്പിനെക്കുറിച്ച് ബോധവാനാണ്. അതുകൊണ്ട് തന്നെ ഈ കത്ത് കണ്ടപ്പോള്‍ ആശ്ചര്യം തോന്നിയില്ല. പക്ഷേ അത് വളരെ നന്നായാണ് എഴുതപ്പെട്ടത്. ആരും വിശ്വസിച്ചു പോകുന്ന രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്പന്നമായ ആളുകളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ തട്ടിപ്പ്. അതുകൊണ്ടു തന്നെ അവര്‍ താമസിക്കുന്ന വാഷിംഗ്ടണ്‍, നോര്‍ത്ത് വിര്‍ജീനിയ തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം തട്ടിപ്പ് അധികമായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എഫ് ബി ഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) വക്താവ് ആഡ്രു അമീസ് പറയുന്നു. ബിറ്റ്‌കോയിനിലെ പണം ചിലവഴിക്കാന്‍ ആവശ്യപ്പെടുന്നതും തട്ടിപ്പിന്റെ ഭാഗമാണ്. അതിന്റെ ഉറവിടെ കണ്ടെത്താന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പരസ്യമായിട്ടുള്ള ഇന്റര്‍നെറ്റ് സൈറ്റുകളിലുള്ള വ്യക്തിഗത വിവരങ്ങളുപയോഗിച്ചാണ് ആളുകളില്‍ തട്ടിപ്പ് നടത്തുന്നത്. നിരവധി ആളുകളുടെ വിവരങ്ങള്‍ ഇതുപോലെ ലഭ്യമാണ് സൈബര്‍ ലോകത്ത് ഉണ്ട്. അതുപയോഗിച്ച് നിരവധി ക്രിമിനലുകള്‍ തട്ടിപ്പു നടത്താറുണ്ട്. ഇരകളുടെ മൗനം ഇത്തരക്കാര്‍ക്ക് വളര്‍ച്ച നല്‍കുന്നതാണ്. എന്നാല്‍ ഉത്തരം തട്ടിപ്പുകളില്‍പെടുന്നവര്‍ ഒരിക്കലും പണം നല്‍കരുത് ആംസ് പറഞ്ഞു. ജനങ്ങള്‍ ഓണ്‍ലൈനില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ അതീവ ശ്രദ്ധചെലുത്തണം. തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ തട്ടിപ്പുക്കാരോട് സഹകരിക്കുന്നതിനു പകരം അവര്‍ക്കെതിരെ പ്രാദേശികമായി പരാതിപെടുകയും ഒപ്പം ഇന്റര്‍നെറ്റ് ക്രൈം കംപ്ലയിറ്റ് സെന്ററില്‍ പരാതി നല്‍കണമെന്നും തട്ടിപ്പിനിരയായവരോട് അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ ഇത്തരം തട്ടിപ്പിനെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാര്‍ ആകേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.