
പൊന്നാനി: നാളെ ലോക അങ്ങാടിക്കുരുവി ദിനമാണ്. കൂടുവെയ്ക്കാന്‍ ഇടവും കൊത്തിപ്പെറുക്കാന്‍ ധാന്യമണികളും കിട്ടാതായതോടെ ഇവ കാഴ്ചയില്‍നിന്നു മറയുകയാണ്. ഗ്രാമങ്ങളില്‍ കൂടുകൂട്ടിയിരുന്ന ചാരനിറത്തിലുള്ള അങ്ങാടിക്കുരുവികള്‍ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുകയാണെന്നു തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി (ടി.എന്‍.എച്ച്.എസ്.) കണ്ടെത്തിയിട്ടുണ്ട്.
16 സെന്റീമീറ്ററാണ് അങ്ങാടിക്കുരുവികളുടെ ശരാശരി നീളം. 2439.5 ഗ്രാം ഭാരവും! ചുറ്റിലും നോക്കിയാല്‍ തൊട്ടടുത്തുവരെ കാണാമെങ്കിലും ഇവയെ പിടികൂടാന്‍ അല്പം ബുദ്ധിമുട്ടാണ്. നിലത്തുകൂടെ നടക്കുകയല്ല, പെട്ടെന്നു ചാടുകയാണ് ഇവയുടെ പതിവ്. ചാടിച്ചാടി പോകാതെ നടന്നുപോകുന്നവയെ കാണുകയാണെങ്കില്‍ അവയ്ക്കു വയസായെന്ന് ഉറപ്പിക്കാം. നിലനില്പ് ഭീഷണിയാണെന്നു കണ്ടാല്‍ വെള്ളത്തിനടിയിലൂടെ നീന്താനുള്ള കഴിവുവരെ ഇവയ്ക്കുണ്ട്.
13 വര്‍ഷംവരെ ഒരു അങ്ങാടിക്കുരുവി ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു വയസാകും മുന്‍പു ചത്തുപോകാനുള്ള സാധ്യതയും ഏറെയാണ്. ലോകമെമ്പാടും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കാനായി പുറപ്പെട്ട യൂറോപ്യന്മാര്ക്കൊപ്പമായിരുന്നു അങ്ങാടിക്കുരുവികളുടെയും യാത്ര. എത്തിപ്പെട്ടയിടങ്ങളിലെല്ലാം അവ വളര്‍ന്നു പെരുകി. ഇന്ന് ഇന്ത്യ, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി ഭൂമിയിലെ മൂന്നില്‍ രണ്ടു ഭാഗങ്ങളിലും അങ്ങാടിക്കുരുവികളുടെ സാന്നിധ്യമുണ്ട്.