2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

നാളികേര സമ്പത്ത് വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല പദ്ധതി വരുന്നു

തിരുവനന്തപുരം: കേരളത്തിന്റെ നാളികേര ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വര്‍ഷവും 15 ലക്ഷം നല്ലയിനം തെങ്ങിന്‍ തൈകള്‍ നടാനും പത്തുവര്‍ഷം ഈ പദ്ധതി തുടരാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓരോ വാര്‍ഡിലും ഒരു വര്‍ഷം 75 വീതം തെങ്ങിന്‍ തൈ നടണം. ഇതിനാവശ്യമായ തൈകള്‍ കൃഷിവകുപ്പും (ആറ് ലക്ഷം) കാര്‍ഷിക സര്‍വകലാശാലയും (മൂന്നു ലക്ഷം) നാളികേര വികസന കോര്‍പറേഷനും (മൂന്നു ലക്ഷം) കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രവും (മൂന്നു ലക്ഷം) ഓരോ വര്‍ഷവും ലഭ്യമാക്കണം. ഉല്‍പാദിപ്പിക്കുന്ന തെങ്ങിന്‍തൈകള്‍ കൃഷിക്കാര്‍ക്കും വീട്ടുകാര്‍ക്കും എത്തിക്കുന്നതിനും പദ്ധതിയുടെ മേല്‍നോട്ടത്തിനും കൃഷിവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജനങ്ങളില്‍ ഇതു സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ വ്യാപകമായ പ്രചാരണം നടത്തണം. നാളികേരത്തില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് വ്യവസായ വകുപ്പ് പദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍, ആസൂത്രണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ്, കൃഷി വകുപ്പ് ഡയരക്ടര്‍ പി.കെ ജയശ്രീ എന്നിവരും കാര്‍ഷിക സര്‍വകലാശാല, നാളികേര വികസന ബോര്‍ഡ്, തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.