2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നാലു മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് സുപ്രിംകോടതി സ്റ്റേ

 

ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് സുപ്രിംകോടതി സ്റ്റേ. പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്. തൊടുപുഴ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ്, വയനാട് ഡി.എം മെഡിക്കല്‍ കോളജ്, പാലക്കാട് പി.കെ ദാസ് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് എന്നിവക്കു നല്‍കിയ പ്രവേശനാനുമതിക്കാണ് സ്റ്റേ.
ഈ നാലു മെഡിക്കല്‍ കോളജുകളിലായി 550 സീറ്റുകളാണുള്ളത്. ചൊവ്വാഴ്ചയും ഇന്നലെയുമായി നടത്തിയ മോപ്അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ചട്ടപ്രകാരമുള്ള അടിസ്ഥാന സൗകര്യം കോളജുകള്‍ക്ക് ഇല്ലെന്നും ഇത്തരം മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്താനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. സ്‌പോട്ട് അഡ്മിഷനിലൂടെ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയ കാര്യം മാനേജ്‌മെന്റുകളും സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാട്ടിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകേണ്ടി വരുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
നേരത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച് ഓഗസ്റ്റ് 30ന് പ്രവേശനത്തിന് അനുകൂലമായ അനുമതി നേടിയത്. തുടര്‍ന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടന്ന മോപ്അപ് കൗണ്‍സലിങ്ങില്‍ പങ്കെടുത്ത് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്.
പ്രവേശന നടപടികള്‍ക്കെതിരേ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് സുപ്രിംകോടതി ഇന്നലെ പ്രവേശനം സ്റ്റേ ചെയ്തത്. ഇന്ന് അടിയന്തരമായി ഹരജിയില്‍ വാദം കേള്‍ക്കുന്നതുവരെയാണ് സ്റ്റേയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം അന്തിമവിധി വരും വരെ പ്രവേശനം നേടിയതിനു സാധുത ഉണ്ടായിരിക്കില്ല.
സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തിയ മുഴുവന്‍ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെ പ്രവേശനവും അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ സുപ്രിംകോടതി വിധിക്കു ശേഷമേ തുടര്‍നടപടി സ്വീകരിക്കൂവെന്ന് പ്രവേശന കമ്മിഷണര്‍ അറിയിച്ചു. പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയ ശേഷമായിരിക്കും അടുത്ത അഡ്മിഷന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.