2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ദിവസവും മദീനയില്‍ എത്തുന്നത് നാലായിരത്തിലധികം തീര്‍ഥാടകര്‍

നിസാര്‍ കലയത്ത്

ജിദ്ദ: വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജ് സംഘങ്ങള്‍ മക്കയിലും മദീനയിലുമായി എത്തികൊണ്ടിരിക്കെ, ഇന്ത്യയില്‍ നിന്നെത്തിയ ഹാജിമാരുടെ എണ്ണം ഇരുപതിനായിരത്തിന് അടുത്ത് എത്തി.

ഹാജിമാരുടെ പ്രവാഹം ആരംഭിച്ച അഞ്ചാം ദിവസമായ ബുധനാഴ്ച മാത്രം ഇന്ത്യയിലെ അഞ്ചു വിമാനത്താവളങ്ങളില്‍ നിന്നായി മൊത്തം പതിനാല് ഹജ്ജ് വിമാനങ്ങളാണ് പുണ്യ നഗരത്തില്‍ എത്തിയത്.

ഇതുള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് മൊത്തം 65 വിമാനങ്ങളാണ് അഞ്ചു ദിവസങ്ങളിലായി പുണ്യനാട്ടില്‍ എത്തിയത്. ഇവയിലൂടെ എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണമാകട്ടെ 18715. ഇതില്‍ 4169 പേര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്.

ഡല്‍ഹിയില്‍ നിന്ന് നാലും ലക്‌നോവില്‍ നിന്ന് ഒന്നും സഊദി വിമാനങ്ങള്‍ വന്നപ്പോള്‍ ശ്രീനഗറില്‍ നിന്ന് നാലും ഗയയില്‍ നിന്ന് മൂന്നും എയര്‍ ഇന്ത്യ ഹജ്ജ് വിമാനങ്ങളും ബുധനാഴ്ച വന്നു. കല്‍ക്കത്തയില്‍ നിന്ന് നിന്ന് ഫ്‌ളൈനാസിന്റെ ഒരു വിമാനവും ഇന്ത്യന്‍ ഹാജിമാരെ വഹിച്ചെത്തി.

ഇവരെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താമസിയാതെ തന്നെ തീര്‍ഥാടകര്‍ മദീനാ വിമാനത്താവളത്തിനു പുറത്തിറങ്ങുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിരവഹിക്കുന്നവരെല്ലാം നിലവില്‍ മദീനയിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതേ സമയം ചെന്നൈയില്‍നിന്നും ജൂലൈ 29 നാണ് ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനം. കേരളത്തില്‍ നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് ഒന്നിന്
കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കാണ്.

അതിനിടെ ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരും സഊദിയില്‍ എത്തി തുടങ്ങി. ജിദ്ദ വഴിയെത്തിയ സ്വകാര്യ ഗ്രൂപ്പുകളിലെ പല മലയാളി തീര്‍ഥാടകരും ഇപ്പോള്‍ മക്കയിലാണ് ഉള്ളത്.

ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സൗഹൃദ സംഘത്തെ വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ നയിക്കുമെന്ന് ഹജ്ജ് മിഷന്‍ അറിയിച്ചു. ഇന്ത്യയിലെ ഏഴു വിമാനത്താവളങ്ങളില്‍ നിന്നാണ് നിലവില്‍ ഹജ്ജ് വിമാനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഹാജിമാരാണ് ഇരു പുണ്യ നഗരങ്ങളിലുമായി ദിനം പത്രി വന്നെത്തി കൊണ്ടിരിക്കുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.