2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

നാലാം ടെസ്റ്റ് ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

വാംഖഡെ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നാലാം ടെസ്റ്റിനിറങ്ങും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയെങ്കിലും രണ്ടും മൂന്നും ടെസ്റ്റില്‍ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയില്‍ ആധിപത്യം സ്വന്തമാക്കിയിരുന്നു. എന്നാല്‍ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഇരുടീമുകള്‍ക്കുമുള്ളത്.

ഇന്ത്യന്‍ നിരയില്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയും മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയും കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. രഹാനെയ്ക്ക് പകരം മനീഷ് പാണ്ഡെയും ഷമിക്ക് പകരം ഷാര്‍ദുല്‍ താക്കൂറും കളിക്കും. എന്നാല്‍ ഫോമില്‍ കളിക്കുന്ന രഹാനെയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയാണ്. ലോകേഷ് രാഹുലിനും മുരളി വിജയ്ക്കും പരമ്പരയില്‍ വേണ്ടത്ര മികവിലേക്കുയരാനായിട്ടില്ല.
ഓപണിങില്‍ ഇരുവരും ഫോമിലേക്കുയരേണ്ടത് അനിവാര്യമാണ്. നായകന്‍ വിരാട് കോഹ്‌ലിയാണ് ഫോമിലുള്ള താരം. കോഹ്‌ലിയെ ആശ്രയിക്കാതെ ഇന്ത്യക്ക് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് അശ്വിനും രവീന്ദ്ര ജഡേജയും പാര്‍ഥിവ് പട്ടേലും കഴിഞ്ഞ മത്സരത്തില്‍ തെളിയിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ പാര്‍ഥിവ് മൂന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. വലിയൊരു ഇന്നിങ്‌സ് താരത്തിന് കളിക്കാന്‍ സാധിച്ചാല്‍ ടീമില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കും.

കഴിഞ്ഞ മൂന്നു ടെസ്റ്റിലും പന്തുകൊണ്ടും ബാറ്റുകൊണ്ടും മായാജാലം കാണിക്കാന്‍ അശ്വിന് സാധിച്ചിരുന്നു. തകര്‍ച്ച നേരിടുന്ന സമയത്തും മികച്ച  ഇന്നിങ്‌സിലൂടെ ടീമിനെ മുന്നോട്ടുകൊണ്ടുപോകാന്‍ അശ്വിന് ഇന്നിങ്‌സ് സഹായിക്കാറുണ്ട്.
അതേസമയം  ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന് വേണ്ടത്ര മികവിലേക്കുയരാന്‍ സാധിക്കാത്തത് ടീമിന് തലവേദനയാണ്. ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് ഫോമിലുള്ള താരങ്ങള്‍.

കീറ്റണ്‍ ജെന്നിങ്‌സ്, മോയിന്‍ അലി, ജോസ് ബട്‌ലര്‍ എന്നിവര്‍ താളം കണ്ടെത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് പരമ്പര അടിയറ വയ്‌ക്കേണ്ടി വരും. ബൗളിങ് നിരയില്‍ ജെയിംസ് ആന്റേഴ്‌സനും സ്റ്റ്യുവര്‍ട്ട് ബ്രോഡും തുടക്കത്തിലേ വിക്കറ്റുകള്‍ വീഴ്ത്തുന്നുണ്ടെങ്കിലും വാലറ്റത്തെ വീഴ്ത്താന്‍ സാധിക്കാത്തത് തിരിച്ചടിയാകുന്നുണ്ട്. പ്രധാനമായും മികച്ചൊരു സ്പിന്നറുടെ അഭാവമാണ്.
മുംബൈയിലെ പിച്ച് പക്ഷേ സ്പിന്നര്‍മാരെ അതിരറ്റ് പിന്തുണയ്ക്കുന്ന പിച്ചല്ല. ആദ്യ മൂന്നു ദിവസങ്ങള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നല്ലരീതിയില്‍ കളിക്കാന്‍ സാധിക്കും.

എന്നാല്‍ അവസാനത്തെ രണ്ടു ദിവസങ്ങള്‍ സ്പിന്നിന് അനുകൂലമായിരിക്കും. എന്നാല്‍ ഈ പിച്ചില്‍ ചരിത്രം ഇംഗ്ലണ്ടിനൊപ്പമാണ്. അവസാനം കളിച്ച രണ്ടു ടെസ്റ്റുകളിലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇവിടെ കളിച്ച 24 മത്സരങ്ങളില്‍ 10 എണ്ണം മാത്രമാണ് ഇന്ത്യ ജയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.